വിജയ് മല്ല്യ, മെഹുല്‍ ചോക്സി, നിരവ് മോദി; തട്ടിപ്പുകാരുടെ 18,170 കോടിയുടെ സ്വത്ത് കണ്ടുകെട്ടി, 9371 കോടി ബാങ്കുകള്‍ക്ക് കൈമാറി
text_fieldsന്യൂഡൽഹി: സഹസ്രകോടികളുടെ വായ്പ തട്ടിപ്പു നടത്തി ഇന്ത്യയിൽ നിന്നു കടന്നുകളഞ്ഞ വൻകിട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ 9,371 കോടി രൂപ മതിക്കുന്ന സ്വത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) പൊതുമേഖല ബാങ്കുകൾക്ക് കൈമാറി. തട്ടിപ്പു മൂലം ബാങ്കുകൾക്കുണ്ടായ നഷ്ടത്തിൽ 40 ശതമാനം മാത്രം നികത്താനേ ഇത് സഹായിക്കൂ.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇതുവരെ കണ്ടുകെട്ടിയത് 18,170 കോടി രൂപയുടെ സ്വത്താണ്. വിദേശ രാജ്യങ്ങളിലെ 969 കോടി വരുന്ന ആസ്തിയും ഇതിൽ ഉൾപ്പെടും. ബാങ്കുകൾക്കുണ്ടായ നഷ്ടത്തിെൻറ 80 ശതമാനം മാത്രമാണ് ഈ സ്വത്തിെൻറ മതിപ്പു വില. കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് ഇത്രയും സ്വത്ത് പിടിച്ചെടുത്തത്. സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആഭ്യന്തര, രാജ്യാന്തര ആസ്തികളിൽ പിടിമുറുക്കിയത്.
വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരെ ഇന്ത്യക്ക് വിട്ടുകിട്ടുന്നതു സംബന്ധിച്ച വിചാരണ നടന്നു വരുന്നുണ്ട്. ഇവരുടെ കമ്പനികൾ പൊതുമേഖല ബാങ്കുകൾക്ക് വരുത്തിയ നഷ്ടം 22,586 കോടി വരും. മല്യ ഇപ്പോൾ ബ്രിട്ടനിലാണ്. നീരവ് മോദി ലണ്ടൻ ജയിലിലുണ്ട്. ചോക്സി ഡൊമിനിക്കയിലും.
മദ്യവ്യവസായിയും കിങ്ഫിഷർ ഉടമയുമായ മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് യു.കെ ഹൈകോടതി ശരിവെച്ചിരുന്നു. യു.കെ സുപ്രീംകോടതിക്ക് അപ്പീൽ നൽകാനുള്ള അനുമതി നിഷേധിക്കപ്പെട്ടതോടെ മല്യയെ ഇന്ത്യക്ക് വിട്ടുകിട്ടുമെന്ന് ഉറപ്പായിട്ടുണ്ട്.
വജ്രരാജാവായി വിലസിയ നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ നീരവ് നൽകിയ അപ്പീൽ യു.കെ കോടതി ബുധനാഴ്ച തള്ളിയിരിക്കുകയാണ്. വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥന മുൻനിർത്തി രണ്ടു വർഷമായി ഇയാൾ ലണ്ടൻ ജയിലിലാണ്.
നീരവ് മോദിയുടെ അനന്തരവനായ മെഹുൽ ചോക്സിയാണ് പഞ്ചാബ് നാഷനൽ ബാങ്കിലെ തട്ടിപ്പുകേസ് പ്രതി. രാജ്യം വിട്ട ചോക്സി ആൻറിഗ്വ പൗരത്വമെടുത്തു. അവിടെ നിന്ന് കഴിഞ്ഞമാസം അപ്രത്യക്ഷനായ ഇയാൾ ഇപ്പോൾ ഡൊമിനിക്കയിലാണ്.
6600 കോടി രൂപ മതിപ്പു വിലയുള്ള ഓഹരികൾ എസ്.ബി.ഐ ഉൾപ്പെടുന്ന ബാങ്കുകളുടെ കൺസോർട്യത്തിന് ഈയിടെ ഇ.ഡി കൈമാറിയിരുന്നു. മുംബൈ പ്രത്യേക കോടതി നിർദേശ പ്രകാരമാണിത്. ബാങ്കുകളുടെ കൺസോർട്യത്തിന് വേണ്ടി കടം തിരിച്ചെടുക്കൽ ട്രൈബ്യൂണൽ ഈ ഓഹരികൾ 5800 കോടിക്ക് വിറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.