മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; 20 കോടി നൽകിയില്ലെങ്കിൽ കൊല്ലുമെന്നാണ് ഭീഷണി
text_fieldsമുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് കമ്പനിയുടെ ഇ-മെയിലിൽ വധഭീഷണി. വെള്ളിയാഴ്ച വൈകീട്ടാണ് ഇ-മെയിൽ ലഭിച്ചത്. കമ്പനി അധികൃതരുടെ പരാതിയിൽ ഗാംദേവി പൊലീസ് കേസെടുത്തു. മുംബൈ ക്രൈംബ്രാഞ്ചും സമാന്തരമായി കേസന്വേഷിക്കും. 20 കോടി രൂപ നൽകിയില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്നാണ് ഭീഷണി. ഇന്ത്യയിൽ തങ്ങൾക്ക് മികച്ച ഷൂട്ടർമാരുണ്ടെന്ന് മുന്നറിയിപ്പുനൽകുന്നതായും പൊലീസ് പറഞ്ഞു.
അംബാനി കുടുംബത്തിനുനേരെ മുമ്പും വധഭീഷണികളുണ്ടായിരുന്നു. 2022 ആഗസ്റ്റിൽ എച്ച്.എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ വിളിച്ച് മുകേഷിനെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ബിഹാറിലെ ദർഭൻഗയിൽനിന്ന് ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്തിരുന്നു. 2021 ഫെബ്രുവരിയിൽ ഭീഷണിക്കത്തും സ്ഫോടക വസ്തുക്കളുമായി അംബാനിയുടെ വീടിനടുത്ത് നിർത്തിയിട്ട സ്കോർപികോ കാർ കണ്ടെത്തിയിരുന്നു. വാഹനം കണ്ടെത്തിയതിനുപിന്നാലെ വാഹന ഉടമ കൊല്ലപ്പെട്ടു.
ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായിരുന്ന സച്ചിൻ വാസെ അടക്കം മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.