അദാനി കമ്പനികൾക്ക് എന്ത് സംഭവിക്കും?
text_fieldsഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉന്നതരുമായി 2092 കോടി രൂപയുടെ കൈക്കൂലി ഇടപാട് നടത്തിയെന്ന കുറ്റംചുമത്തി ഗൗതം അദാനിയടക്കം എട്ടുപേർക്കെതിരെ യു.എസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത് കോർപ്പറേറ്റ് ലോകത്ത് മറ്റൊരു ഭൂകമ്പമായി. യു.എസ് കോടതിയിലെ കുറ്റപത്രവും അറസ്റ്റ് വാറണ്ടും ഇന്ത്യയിൽ വിപുല വേരുകളുള്ള അദാനി ഗ്രൂപ്പിനെ എങ്ങനെ ബാധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളും തുറമുഖങ്ങളും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ നിയന്ത്രിക്കുന്ന അദാനി ഗ്രൂപ് പെട്ടെന്ന് തകരുമെന്ന് ആരും കരുതുന്നില്ല. വിശേഷിച്ച് അദാനിയുടെ അടുപ്പക്കാർ രാജ്യം ഭരിക്കുമ്പോൾ.
അമേരിക്കൻ കോടതി കുറ്റവാളിയായി പ്രഖ്യാപിച്ചാൽ ഇന്ത്യക്ക് വേണമെങ്കിൽ അദാനിയെ വിചാരണക്കായി യു.എസിന് കൈമാറാം. എന്നാൽ, അത് സംഭവിക്കാനുള്ള സാധ്യത തുലോം തുച്ഛമാണ്. ജനുവരിയിൽ ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് അദ്ദേഹം. മാത്രമല്ല ട്രംപ് ഭരണകൂടത്തിൽ ശക്തമായ സ്വാധീനമുള്ള ലോക കോടീശ്വരൻ ഇലോൺ മസ്കിന് ഇന്ത്യയിൽ ബിസിനസ് താൽപര്യങ്ങളുണ്ട്. സ്റ്റാർ ലിങ്ക്സ് ഇന്ത്യയിലെ ടെലികോം മേഖലയിലേക്ക് കാലെടുത്തുവെക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തുവന്നതാണ്. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ഒരേറ്റുമുട്ടലിന്റെ തലത്തിലേക്ക് പോകാൻ സാധ്യതയില്ല.
അതേസമയം, ഓഹരിവിപണിയിലെ കൃത്രിമത്വം ആരോപിക്കപ്പെട്ട 2023ലെ ഹിൻഡൻബർഗ് റിസർച് റിപ്പോർട്ടിനേക്കാൾ ആഘാതം പുതിയ സംഭവം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഹിൻഡൻബർഗ് റിപ്പോർട്ടിൽ ഓഹരിവിലയിലെ കൃത്രിമത്വമാണ് ചൂണ്ടിക്കാട്ടിയിരുന്നതെങ്കിൽ ഇത് ബിസിനസ് പ്രോജക്ടുകളെ സംബന്ധിച്ചാണ്. വിവിധ സംസ്ഥാന ഭരണകൂടങ്ങളെ പ്രതിസന്ധിയിലാക്കുന്ന അഴിമതി ആരോപണങ്ങൾ ചിലയിടത്തെങ്കിലും കരാർ പുനഃപരിശോധനയിലേക്ക് നയിച്ചേക്കാം. പുതിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പുമായുള്ള ശതകോടികളുടെ വിമാനത്താവള, ഊർജ പദ്ധതി കരാറുകൾ റദ്ദാക്കാൻ കെനിയൻ സർക്കാർ തീരുമാനിച്ചത് തിരിച്ചടിയുടെ സാമ്പിളാണ്.
തകർന്നും തിരിച്ചുകയറിയും ഓഹരികൾ
2023 ജനുവരി 27ന് അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഹിൻഡൻബെർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ട് പ്രകമ്പനം സൃഷ്ടിച്ചിരുന്നു. ഒറ്റദിവസം കൊണ്ട് ഗൗതം അദാനിയുടെ ആസ്തി മൂല്യത്തിൽ 1.7 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. റിപ്പോര്‍ട്ട് പുറത്തുവന്ന് ഒരു മാസത്തിനിടെ 12 ലക്ഷം കോടി രൂപയുടെ മൂല്യശോഷണമാണ് അദാനി ഗ്രൂപ് ഓഹരികളിൽ ഉണ്ടായത്. അദാനി ഗ്രൂപ്പിലെ പല ഓഹരികളും 50 മുതല്‍ 75 ശതമാനംവരെ ഇടിഞ്ഞു. എന്നാൽ, ഏതാനും മാസങ്ങൾക്കുശേഷം തിരിച്ചുകയറുന്നതാണ് കണ്ടത്. അദാനി പോർട്ട്, അദാനി പവർ, അംബുജ സിമന്റ്, എ.സി.സി എന്നിവ വീണ്ടും റെക്കോഡ് ഉയരത്തിലെത്തി. അമിത വിലയിലുണ്ടായിരുന്ന അദാനി വിൽമർ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ, അദാനി എനർജി, അദാനി എന്റർപ്രൈസസ് എന്നിവക്ക് അതേ വേഗതയിൽ തിരിച്ചുകയറാൻ കഴിഞ്ഞില്ല. അദാനിക്കെതിരെ ഹിൻഡൻബർഗ് രണ്ടാമത് പുറത്തുവിട്ട റിപ്പോർട്ടിന് വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല. ആദ്യ തവണത്തെ തിരിച്ചുവരവ് കാരണം വല്ലാതെ ഭീതിയുണ്ടായില്ല എന്നതും ഹിൻഡൻബർഗിന്റെ ഷോർട്ട് സെല്ലിങ് താൽപര്യം നിക്ഷേപകർ തിരിച്ചറിഞ്ഞതുമാണ് ഇതിന് കാരണം.
ഇത്തവണ അമേരിക്കൻ കോടതി കുറ്റപത്ര റിപ്പോർട്ട് പുറത്തുവന്നതിന്റെ പിറ്റേ ദിവസം അദാനി ഓഹരികളിൽ ശക്തമായ വിൽപന സമ്മർദമുണ്ടായി. വ്യാഴാഴ്ച അദാനി ഗ്രീൻ എനർജി 18.76 ശതമാനവും അദാനി എനർജി സൊല്യൂഷൻസ് 20 ശതമാനവും അദാനി എന്‍റര്‍പ്രൈസസ് 10 ശതമാനവും അദാനി പവർ 13.98 ശതമാനവും അദാനി പോർട്‌സ് 10 ശതമാനവും ഇടിഞ്ഞു. എന്നാൽ, വെള്ളിയാഴ്ച തുടർ വീഴ്ചയുണ്ടായില്ല എന്നതും ചില കമ്പനികൾ തിരിച്ചുകയറി എന്നതും ശ്രദ്ധേയമാണ്.
അദാനിക്ക് എതിരായ ഘടകങ്ങൾ
- വിശ്വാസ്യത നഷ്ടമായി
- ചില രാജ്യങ്ങൾ കരിമ്പട്ടികയിൽ പെടുത്തിയേക്കാം
- നിക്ഷേപകർ പിൻവലിയാൻ സാധ്യത
- പുതിയ കരാറുകൾ ലഭിക്കുന്നതിലെ വെല്ലുവിളി
- ബോണ്ട് വിപണിയിലെ നഷ്ടം
- ബാങ്കുകൾ വായ്പ തിരിച്ചുപിടിക്കാൻ തിടുക്കം കാട്ടും
- പുതിയ വായ്പ അനുവദിക്കുന്നതിൽ സൂക്ഷ്മത പാലിക്കും
അനുകൂല ഘടകങ്ങൾ
- കേന്ദ്ര സർക്കാറിന്റെ അകമഴിഞ്ഞ പിന്തുണ
- അമേരിക്കൻ കോടതിക്ക് ഇന്ത്യയിൽ തുടർനടപടിക്കുള്ള പരിമിതി
- രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയിൽ പിടിമുറുക്കിയ കമ്പനികൾ
- ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് കൂപ്പുകുത്തിയ ശേഷം തിരിച്ചുവന്ന ചരിത്രം
അമിത മൂല്യത്തിൽ അദാനി ഓഹരികൾ
കഴിഞ്ഞ 10 വർഷത്തിനിടെ അദാനി ഗ്രൂപ് കമ്പനികളുടെ ഓഹരി വിലയിൽ വൻ കുതിപ്പാണുണ്ടായത്. ഓഹരി വില കമ്പനിയുടെ യഥാര്‍ഥ മൂല്യവുമായി തുലനം ചെയ്യാന്‍ സഹായിക്കുന്ന പി.ഇ അനുപാതം പരിശോധിച്ചാൽ അദാനി ഓഹരികൾ അമിത മൂല്യത്തിലാണെന്ന് മനസ്സിലാക്കാം. നരേന്ദ്ര മോദി ഭരണകൂടത്തിന്റെ തണലിൽ അദാനിക്ക് വൻ വളർച്ചയുണ്ടാകും എന്ന കണക്കുകൂട്ടലാണ് കുതിപ്പിന് കാരണം. സെന്റിമെന്റിൽ അമിതമായി കുതിച്ച ഓഹരികൾ സെന്റിമെന്റ് എതിരാവുമ്പോൾ താഴുന്നത് സ്വാഭാവികം.
അദാനി പോർട്ടും അദാനി പവറും മാത്രമാണ് കുറച്ചെങ്കിലും ന്യായവിലയിലുള്ളത്. പി.ഇ അനുപാതം ഉയരുന്നത് ഓഹരി വില അമിതമാണെന്നതിന്റെ സൂചകമാണ്. ചാർട്ട് കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.