ഓഹരി കുംഭകോണം: വിചിത്ര മൊഴിയുമായി ചിത്ര
text_fieldsമുംബൈ: ദേശീയ ഓഹരി വിപണി (എൻ.എസ്.ഇ)യുടെ രഹസ്യരേഖകൾ 'ഹിമാലയൻ സന്യാസി'യുമായി പങ്കുവെച്ച സംഭവത്തിൽ മുൻ ചീഫ് ഓപറേറ്റിങ് ഓഫിസർ ആനന്ദ് സുബ്രഹ്മണ്യനിൽ നിന്ന് സുപ്രധാന രേഖകൾ കണ്ടെടുത്തതായി സി.ബി.ഐ. ചൊവ്വാഴ്ച ചെന്നൈയിൽ ആനന്ദിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. 2013-2016 കാലയളവിൽ എൻ.എസ്.ഇ മേധാവിയായിരിക്കെ ചിത്ര രാമകൃഷ്ണയാണ് ഇ-മെയിൽ വഴി സന്യാസിയുമായി രേഖകൾ പങ്കുവെച്ചത്. ചിത്ര എൻ.എസ്.ഇയെ നയിച്ചതും ആനന്ദ് സുബ്രഹ്മണ്യനെ ചീഫ് ഓപറേറ്റിങ് ഓഫിസറും തന്റെ ഉപദേശിയുമായി നിയമിച്ച് വൻ തുക ശമ്പള, ആനുകൂല്യങ്ങൾ നൽകിയതും സന്യാസിയുടെ നിർദേശപ്രകാരമാണ്. ആനന്ദിന്റെ നിയമനം വിവാദമായതോടെയായിരുന്നു ചിത്രയുടെ രാജി.
ചില ബ്രോക്കർമാർക്ക് മാത്രം ഗുണമുണ്ടായ ഓഹരി കുംഭകോണത്തിലും സന്യാസിക്ക് പങ്കുണ്ടോയെന്നും സി.ബി.ഐ അന്വേഷിക്കുന്നു. ആവശ്യമുള്ളപ്പോൾ മാത്രം രൂപം പ്രാപിക്കുന്ന അദൃശ്യനായ യോഗിയെന്ന വിചിത്രമൊഴിയാണ് സന്യാസിയെ കുറിച്ച് ചിത്ര നൽകിയത്. സന്യാസി' ആനന്ദാകാമെന്നാണ് എൻ.എസ്.ഇയുടെ ഫോറൻസിക് റിപ്പോർട്ട് ' സംശയിക്കുന്നു. എന്നാൽ, മുൻ ധനകാര്യ മന്ത്രിയോ, ധനകാര്യ വകുപ്പ് മുൻ ഉന്നത ഉദ്യോഗസ്ഥനോ ആകാമെന്നാണ് സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ സംശയം. 'സന്യാസി' ചിത്രയെയും ആനന്ദിനെയും സിയാച്ചിലിൽ അവധിയാഘോഷത്തിനും കടലിൽ നീന്താനും ക്ഷണിക്കുന്ന ഇ-മെയിലുകൾ കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിൽ വെച്ച് 'സന്യാസി'യെ ചിത്ര കണ്ടതായും ഇ-മെയിലുകളിൽ വ്യക്തം. ഓഹരി ഇടപാടുമായി ബന്ധപ്പെട്ട സെർവർ വകുപ്പുമായി തനിക്ക് ബന്ധമില്ലെന്നാണ് ചിത്ര നൽകിയ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.