അംബാനിയേയും അദാനിയേയും പൂട്ടാൻ രത്തൻ ടാറ്റ; ഒരുങ്ങുന്നത് വൻ നിക്ഷേപത്തിന്
text_fieldsന്യൂഡൽഹി: ഗ്രീൻ എനർജി സെക്ടറിൽ ഗൗതം അദാനിയേയും മുകേഷ് അംബാനിയേയും പൂട്ടാനുറച്ച് രത്തൻ ടാറ്റ. വലിയ നിക്ഷേപം സെക്ടറിൽ രത്തൻ ടാറ്റ നടത്താനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഏകദേശം 20,000 കോടി രൂപയായിരിക്കും രത്തൻ ടാറ്റ നിക്ഷേപിക്കുക.
ഇതിൽ 12,000 കോടി ഇൗ സാമ്പത്തിക വർഷം തന്നെ നിക്ഷേപിക്കുമെന്ന് കമ്പനി ചെയർമാൻ എൻ.ചന്ദ്രശേഖരൻ അറിയിച്ചു. ടാറ്റ പവറിന്റെ വാർഷിക പൊതുയോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യ അറിയിച്ചത്. ഗ്രീൻ എനർജി ഉൽപാദനം ഒമ്പത് ജിഗാവാട്ടിൽ നിന്നും 15 ജിഗാവാട്ടായി ഉയർത്തുകയും കമ്പനിയുടെ ലക്ഷ്യമാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകളിൽ തുടങ്ങി വൈദ്യുതി ഉൽപാദനത്തിൽ വരെ ടാറ്റ ശ്രദ്ധകേന്ദ്രീകരിക്കും. നേരത്തെ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പും മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയും സെക്ടറിൽ വൻ നിക്ഷേപം നടത്തുമെന്ന് അറിയിച്ചിരുന്നു.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പ് 7.5 ബില്യൺ ഡോളർ ഗ്രീൻ എനർജിയിൽ നിക്ഷേപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സോളാർ വൈദ്യുതിയിൽ തുടങ്ങി ഗ്രീൻ ഹൈഡ്രജനിൽ വരെ അവർക്ക് നിക്ഷേപം നടത്താൻ പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി ജാംനഗറിലെ ധീരുഭായി അംബാനി ഗ്രീൻ എനർജി കോംപ്ലെക്സിൽ പുതിയ കമ്പനി സ്ഥാപിക്കാനും റിലയൻസിന് പദ്ധതിയുണ്ട്. 2030നുള്ളിൽ ഗ്രീൻ എനർജിയിൽ 2.3 ലക്ഷം കോടി നിക്ഷേപിക്കാനാണ് ഗൗതം അദാനിയുടെ പദ്ധതി. ആദ്യഘട്ടത്തിൽ ഒമ്പത് ബില്യൺ ഡോളറായിരിക്കും നിക്ഷേപിക്കുക.
രാജ്യത്ത് അതിവേഗം വളരുന്ന സെക്ടറാണ് ഗ്രീൻ എനർജി. മേഖലയിൽ നിക്ഷേപിക്കുക വഴി വൻ നേട്ടമുണ്ടാക്കാമെന്നാണ് കമ്പനികൾ കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായാണ് വൻകിട കമ്പനികളെല്ലാം സെക്ടറിൽ നിക്ഷേപത്തിന് ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.