‘ബ്രാഹ്മിൺസ്’ ബ്രാൻഡ് വിപ്രോ ഏറ്റെടുക്കുന്നു
text_fieldsന്യൂഡൽഹി: പുട്ടുപൊടി, അപ്പം, മസാല പൊടികൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ ഉൽപന്നങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതമായ ബ്രാഹ്മിൻസ് ഗ്രൂപ്പിനെ വിപ്രോ കമ്പനി ഏറ്റെടുക്കുന്നു. വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഭക്ഷ്യവിപണിയിൽ ചുവടുറപ്പിക്കാനാണ് വിപ്രോയുടെ നീക്കം.
ബംഗളൂരുവിലെ കേന്ദ്രത്തിൽ ഗവേഷണം നടക്കുകയാണെന്നും ഓരോ സംസ്ഥാനങ്ങളിലെയും രുചിഭേദങ്ങൾക്കനുസരിച്ച് വ്യത്യസ്ത ഉൽപന്നങ്ങൾ പുറത്തിറക്കാനാണ് പദ്ധതിയെന്നും വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിങ് മാനേജിങ് ഡയറക്ടർ വിനീത് അഗർവാൾ പറഞ്ഞു. പാകംചെയ്ത പാക്കറ്റിലാക്കിയ നാലോ അഞ്ചോ ഉൽപന്നങ്ങളാണ് തുടക്കത്തിൽ ഇറക്കുക.
പിന്നീട് വിപുലപ്പെടുത്തും. കമ്പനി ഏറ്റെടുക്കുന്നതിലെ സാമ്പത്തിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിങ്ങിന്റെ 14ാമത്തെ ഏറ്റെടുക്കലാണിത്. ആറുമാസം മുമ്പ് ദക്ഷിണേന്ത്യയിലെ പ്രമുഖ ബ്രാൻഡായ ‘നിറപറ’ അവർ ഏറ്റെടുത്തിരുന്നു. ഇന്ത്യൻ പ്രവാസികൾ ധാരാളമുള്ള ഗൾഫ് രാജ്യങ്ങൾ, യു.കെ, യു.എസ്, ആസ്ട്രേലിയ തുടങ്ങിയ വിപണികളിലും വിപ്രോ ഗ്രൂപ്പ് കണ്ണുവെക്കുന്നുണ്ട്.
വിപ്രോയുടെ വിതരണശൃംഖലയും വിപണനവൈദഗ്ധ്യവും ഉപയോഗിച്ച് ബ്രാഹ്മിൻസ് ബ്രാൻഡിനെ പുതിയ ഉയരങ്ങളിലെത്തിക്കാൻ കഴിയുമെന്ന് ബ്രാഹ്മിൻസ് എം.ഡി ശ്രീനാഥ് വിഷ്ണു പറഞ്ഞു. 1945ൽ വനസ്പതി ബ്രാൻഡായി ആരംഭിച്ച വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിങ്ങിന് 18 ഫാക്ടറികളും 60 രാജ്യങ്ങളിൽ സാന്നിധ്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.