80 ശതമാനം തൊഴിലാളികൾക്കും ശമ്പള വർധന പ്രഖ്യാപിച്ച് വിപ്രോ; ഈ വർഷം ഇത് രണ്ടാം തവണ
text_fieldsന്യൂഡൽഹി: തങ്ങളുടെ 80 ശതമാനം തൊഴിലാളികൾക്കും സാലറി വർധന പ്രഖ്യാപിച്ച് അന്താരാഷ്ട്ര ഐ.ടി കമ്പനിയായ വിപ്രോ. അസിസ്റ്റൻറ് മാനേജർ തലത്തിലുള്ളവർക്കും അതിന് താഴെയുമുള്ളവർക്കും സെപ്റ്റംബർ ഒന്ന് മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരും. അതേസമയം, മാനേജർ തലത്തിലും അതിനു മുകളിലുമുള്ളവർക്കും ജൂൺ ഒന്ന് മുതൽ ശമ്പള വർദ്ധനവ് ലഭിക്കും. ഇൗ കലണ്ടർ വർഷത്തിൽ ഇത് രണ്ടാം തവണയാണ് വിപ്രോ ജീവനക്കാരുടെ സാലറി വർധിപ്പിക്കുന്നത്.
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ഏറ്റവും മികച്ച പ്രതിഫലം നൽകുമെന്നും വിപ്രോ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. അതേസമയം, എത്രത്തോളമാണ് വർധനവെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി പൊതുവെ ജൂൺ മാസത്തിലാണ് ശമ്പള വർധനവ് പ്രഖ്യാപിക്കാറുള്ളത്.
വിപ്രോ ജീവനക്കാരെ A മുതൽ E വരെ അഞ്ച് ബാൻഡുകളായി തരം തിരിച്ചിരിക്കുന്നു, ഓരോ ബാൻഡിനുള്ളിലും അവരുടെ പ്രവൃത്തി പരിചയത്തെ അടിസ്ഥാനമാക്കി സബ് റാങ്കിങ്ങുമുണ്ട്. വിപ്രോയുടെ 1.97 ലക്ഷത്തിലധികം സ്റ്റാഫുകളിൽ ഏറ്റവും കൂടുതലുള്ളത് B3 ബാൻഡ് (ജൂനിയേഴ്സ്) വരെയുള്ള ജീവനക്കാരാണ്. 2020 ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ B3 വരെയുള്ള ബാൻഡുകളിൽ ഉയർന്ന പ്രകടനം കാഴ്ചവയ്ക്കുന്നവർക്കുള്ള പ്രൊമോഷനുകളും വിപ്രോ തയ്യാറാക്കിയിരുന്നു.
നേരത്തെ ഇന്ത്യയിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ഒരു ലക്ഷം ഡോസ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യാൻ വിപ്രോ തീരുമാനിച്ചിരുന്നു. ഇതിനായി ഇന്ത്യയിലെ മുൻനിര ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളുമായി കമ്പനി കരാർ ഉണ്ടാക്കിയിരുന്നു. ജൂൺ തുടക്കം മുതൽ ആദ്യഘട്ടത്തിൽ ജീവനക്കാർക്കും തുടർന്ന് അവരുടെ ഭാര്യമാർക്കും മക്കൾക്കുമാണ് വാക്സിൻ നൽകി വരുന്നത്. കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി എന്നിങ്ങനെ മൂന്ന് വാക്സിനുകളാണ് ജീവനക്കാർക്ക് വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.