ബെർനാഡ് അർനോൾട്ടിന്റെ ആസ്തി 200 ബില്യൺ ഡോളർ കവിഞ്ഞു
text_fieldsന്യൂയോർക്: ലോകത്തിലെ ഏറ്റവും വലിയ ധനികനും ഫ്രഞ്ച് ഫാഷൻ കമ്പനിയായ ലൂയിസ് വ്യൂട്ടൻ(എൽ.വി.എം.എച്ച്) സി.ഇ.ഒയുമായ ബെർനാഡ് അർനോൾട്ടിന്റെ ആസ്തി 200 ബില്യൺ ഡോളർ കവിഞ്ഞു. കമ്പനിയുടെ ഓഹരികൾ റെക്കോർഡ് ഉയരത്തിൽ എത്തിയതായി ദി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു. വ്യക്തിഗത സമ്പത്തിന്റെ കാര്യത്തിൽ ഇത്രയും ഉയരങ്ങളിലെത്തുന്ന മൂന്നാമത്തെ വ്യക്തിയായി ഇതോടെ ബെർനാഡ് അർനോൾട്ട് മാറി. ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക്, ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസ് എന്നിവരായിരുന്നു മുമ്പ് ഈ പദവി കൈവരിച്ചത്.
പുതുക്കിയ ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചിക അനുസരിച്ച് അർനോൾട്ടിന്റെ ആസ്തി ചൊവ്വാഴ്ച 2.4 ബില്യൺ ഡോളർ ഉയർന്ന് 201 ബില്യൺ ഡോളറായി. ലോകത്തിലെ സമ്പന്നർക്കിടയിൽ ആഡംബര വസ്തുക്കളുടെ ആവശ്യം വർധിച്ചതിനാൽ എൽ.വി.എം.എച്ച് ഓഹരികൾ 30 ശതമാനം വർധിച്ചു. ഇത് അർനോൾട്ടിന്റെ സമ്പത്തിൽ 39 ബില്യൺ ഡോളർ വർധനവുണ്ടാക്കി. അതേസമയം മസ്കിന്റെയും ബെസോസിന്റെയും സമ്പത്തിൽ ഇടിവാണ് രേഖപ്പെടുത്തിയത്.
മസ്‌ക് 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തതും വൈദ്യുത വാഹന നിർമാണരംഗത്തെ മൂല്യത്തിലുണ്ടായ 50 ശതമാനം ഇടിവും അദ്ദേഹത്തിന്റെ സമ്പത്തിൽ 25 ബില്യൺ ഡോളറിന്റെ കുറവുണ്ടാക്കി. 128 ബില്യൺ ഡോളർ ആസ്തിയുള്ള ജെഫ് ബെസോസ് ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ധനികനായ വ്യക്തിയാണ്. 2020 ആഗസ്റ്റിൽ 200 ബില്യൺ ഡോളറിലെത്തുന്ന ആദ്യ വ്യക്തിയാണ്. അർനോൾട്ട് തന്റെ മക്കളെയും കമ്പനിക്കുള്ളിലെ പ്രധാന സ്ഥാനങ്ങളിൽ നിയമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.