പ്രതിഷേധം കത്തി; എസ്.ബി.െഎ തിരുത്തി
text_fieldsമുംബൈ: എ.ടി.എം വഴിയുള്ള ഒാരോ പണമിടപാടിനും സാധാരണനിക്ഷേപകരിൽ നിന്ന് 25 രൂപ വീതം ഇൗടാക്കുമെന്ന ഉത്തരവ് വ്യാപക പ്രതിഷേധത്തിനിടയാക്കിയതോടെ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ (എസ്.ബി.െഎ) തിരുത്തുമായി രംഗത്തെത്തി. ജൂൺ ഒന്നുമുതൽ ഒാരോ എ.ടി.എം ഇടപാടിനും 25 രൂപ വീതം ചാർജ് ചെയ്യുമെന്ന ബുധനാഴ്ചത്തെ എസ്.ബി.െഎ ഉത്തരവ് വിവാദമായതോടെ മണിക്കൂറിനകം സർക്കുലർ പിൻവലിച്ചു.
സർക്കുലറിൽ തകരാറുപറ്റിയതായി വിശദീകരിച്ച എസ്.ബി.െഎ സാധാരണ ഉപഭോക്താകൾക്ക് നിലവിലെ സൗജന്യങ്ങൾ തുടരുമെന്നും അറിയിച്ചു. പുതുതായി തുടങ്ങിയ എസ്.ബി.െഎ ബഡി എന്ന മൊബൈൽ വാലെറ്റ് അക്കൗണ്ടിൽ നിന്ന് എ.ടി.എം വഴി പണം പിൻവലിക്കുന്നവരിൽ നിന്നാണ് ഒാരൊ ഇടപാടിനും 25 രൂപ വീതം ഇൗടാക്കുകയെന്നും സാധാരണ നിക്ഷേപകരുടെ എ.ടി.എം ഇടപാടിന് നേരത്തെയുള്ള നില തുടരുമെന്നും എസ്.ബി.െഎ എം.ഡി (നാഷനൽ ബാങ്കിങ്) രജനീഷ് കുമാർ വ്യക്തമാക്കി.
മെട്രോ നഗരങ്ങളല്ലാത്ത പ്രദേശങ്ങളിൽ 10 എ.ടി.എം ഇടപാടുകൾ സൗജന്യമായിരിക്കുമെന്ന് എസ്.ബി.െഎ വ്യാഴാഴ്ച വൈകീട്ട് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇത്തരത്തിൽ എസ്.ബി.െഎ എ.ടി.എമ്മുകൾ ഉപയോഗിച്ച് അഞ്ചുതവണയും മറ്റ് എ.ടി.എമ്മുകൾ വഴി അഞ്ചുതവണയും പണം പിൻവലിക്കാം. മെട്രോ നഗരങ്ങളിൽ പിൻവലിക്കൽ പരിധി എട്ടുതവണയാണ്. അഞ്ചുതവണ എസ്.ബി.െഎയിൽ നിന്നും മൂന്ന് തവണ മറ്റ് എ.ടി.എമ്മുകളിൽ നിന്നും പണം പിൻവലിക്കാം. കേരളത്തിൽ മെട്രോ നഗരങ്ങളില്ലാത്തതിനാൽ 10 തവണ പിൻവലിക്കാനുള്ള സൗകര്യം ലഭിക്കും. എന്നാൽ, ബേസിക് സേവിങ്സ് അക്കൗണ്ടുകളിൽ നിന്ന് നാലുതവണ മാത്രമേ പണം പിൻവലിക്കാനാവൂ.
അടിമുടി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായിരുന്നു വിവാദ സർക്കുലർ. പണം നിക്ഷേപിക്കുന്നതിന്, 1000 രൂപ വരെ 0.25 ശതമാനം സേവനനികുതിയും പിൻവലിക്കുന്നതിന് 2000 രൂപ വരെ 2.5 ശതമാനം സേവനനികുതിയും ഇൗടാക്കുമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു. ഇതെല്ലാം മൊബൈൽ വാലറ്റ് അക്കൗണ്ട് ഇടപാടിനെ ഉദ്ദേശിച്ചാണെന്നാണ് രജനീഷ് കുമാർ നൽകിയ വിശദീകരണം. ജൂൺ ഒന്ന് മുതൽ 10 പേജുള്ള ചെക്ക് ബുക്കിന് 30 രൂപയും 25 പേജിന് 75 രൂപയും 50 പേജിന് 150 രൂപയും സേവന നികുതിയും ഇൗടാക്കുമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു. മുഷിഞ്ഞ നോട്ടുകൾ മാറ്റിനൽകുന്നതിനും പണം ഇൗടാക്കുമെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.