10 ബാങ്കുകൾക്ക് എം.ഡിമാരെ നിയമിക്കുന്നു
text_fieldsതൃശൂർ: കഴിഞ്ഞ ദിവസം ലയനം പ്രഖ്യാപിച്ച ദേന ഉൾപ്പെടെ 10 പൊതുമേഖല ബാങ്കുകൾക്ക് പുതിയ എം.ഡിമാരെ നിയമിക്കാൻ കേന്ദ്രമന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകി. പുതിയ എം.ഡിമാരിൽ അഞ്ച് പേർ എസ്.ബി.െഎയിൽനിന്നാണ്.
ഇതനുസരിച്ച് എസ്.ബി.െഎ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ പത്മജ ചുന്ദ്രു ഇന്ത്യൻ ബാങ്കിെൻറ പുതിയ മാനേജിങ് ഡയറക്ടറാവും. എസ്.ബി.െഎ ഡെപ്യൂട്ടി എം.ഡിമാരായ മൃത്യുഞ്ജയ മഹാപത്ര സിൻഡിക്കേറ്റ് ബാങ്കിലും പല്ലവ് മൊഹാപത്ര സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യയിലും ജെ. പക്കിരിസാമി ആന്ധ്ര ബാങ്കിലും എം.ഡിയാവും. എസ്.ബി.െഎയിലെ മറ്റൊരു ഡെപ്യൂട്ടി എം.ഡി കർണം ശേഖറാണ് ദേന ബാങ്ക് എം.ഡിയായി നിയമിക്കപ്പെടുന്നത്.
സിൻഡിക്കേറ്റ് ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ എസ്.എസ്. മലികാർജുന റാവുവിനെ അലഹാബാദ് ബാങ്കിലും ഇന്ത്യൻ ബാങ്ക് എക്സി. ഡയറക്ടർ എ.എസ്. രാജീവിനെ ബാങ്ക് ഒാഫ് മഹാരാഷ്ട്രയിലും യൂനിയൻ ബാങ്ക് എക്സി. ഡയറക്ടർ അതുൽകുമാർ ഗോയലിനെ യൂക്കോ ബാങ്കിലും അലഹാബാദ് എക്സി. ഡയറക്ടർ എസ്. ഹരിശങ്കറിനെ പഞ്ചാബ് ആൻഡ് സിൻഡ് ബാങ്കിലും എം.ഡി സ്ഥാനത്ത് നിയമിക്കാൻ തീരുമാനിച്ചു. യുനൈറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യ എക്സി. ഡയറക്ടർ അശോക് കുമാർ പ്രധാൻ അതേ ബാങ്കിൽ എം.ഡിയാവും. ലയനത്തോടെ ഇല്ലാതാവുന്ന ദേന ബാങ്കിനും അടുത്ത ലയന പട്ടികയിൽ പരിഗണിക്കുന്ന ചില ബാങ്കുകൾക്കും ഒരു വർഷത്തിന് ശേഷം എം.ഡിയെ നിയമിക്കുന്നത് രണ്ട് തരത്തിലാണ് ബാങ്കിങ് വൃത്തങ്ങൾ കാണുന്നത്. ഒന്ന്, ലയനത്തിന് അതത് ബാങ്ക് ഡയറക്ടർ ബോർഡിെൻറ അംഗീകാരം വേണം.
അതിന് വേഗം കൂട്ടാൻ എം.ഡി ഉണ്ടാവുന്നത് നല്ലതാണ്. മറ്റൊന്ന്, ലയനശേഷം പുതിയതായി രൂപപ്പെടുന്ന ബാങ്കുകളിൽ ഒന്നിലധികം എം.ഡിമാരുമാവാം. നിലവിൽ എസ്.ബി.െഎയിൽ നാല് എം.ഡിയും ചെയർമാനുമുണ്ട്. അതേസമയം, ലയനാനന്തര അനുഭവമുള്ള എസ്.ബി.െഎയിൽനിന്ന് കൂടുതൽ പേരെ പരിഗണിച്ചതിൽ ഇനി നടക്കാനിരിക്കുന്ന ലയനങ്ങൾ തന്നെയാണ് ലക്ഷ്യമെന്ന് പറയപ്പെടുന്നു.
അതിനിടെ, പൊതുമേഖല ബാങ്ക് ഡയറക്ടർ ബോർഡുകളിൽ ജീവനക്കാരുടെയും ഒാഫിസർമാരുടെയും പ്രാതിനിധ്യത്തിന് എൻ.ഡി.എ സർക്കാർ പ്രഖ്യാപിച്ച അപ്രഖ്യാപിത വിലക്ക് തുടരുകയാണ്. എൻ.ഡി.എ അധികാരത്തിൽ വന്നശേഷം ഒരു പ്രതിനിധിയെപ്പോലും നിയമിച്ചിട്ടില്ല. ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പല തവണ കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.