11 പൊതുമേഖല ബാങ്കുകൾ പ്രതിസന്ധിയിൽ
text_fieldsതൃശൂർ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ‘നല്ലനടപ്പ്’ പ്രഖ്യാപിച്ച 11 പൊതുമേഖല ബാങ്കുകൾ ഗുരുതരാവസ്ഥയിൽ. ഇതിൽ ചില ബാങ്കുകൾ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ നഷ്ടം പ്രഖ്യാപിച്ചു. മറ്റ് ചില ബാങ്കുകളുടെ ഫലം വരാനിരിക്കുന്നു. ഏറ്റവുമൊടുവിൽ ദേന ബാങ്ക് 1,225 കോടി രൂപ നഷ്ടം പ്രഖ്യാപിച്ചതോടെ പുതിയ നിയമനം ഉൾപ്പെടെയുള്ള നടപടികൾക്ക് ആർ.ബി.ഐ നിയന്ത്രണം ഏർപ്പെടുത്തി. ഇതിനു മുമ്പ് അലഹബാദ് ബാങ്കിനും ഇത്തരം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ദേന, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ, ഐ.ഡി.ബി.ഐ, ഓറിയൻറൽ ബാങ്ക് ഓഫ് കോമേഴ്സ്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, കോർപറേഷൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ആർ.ബി.ഐയുടെ തിരുത്തൽ നടപടി നേരിടുന്നത്. ഈ ബാങ്കുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ ആർ.ബി.ഐ മേയ് 17ന് യോഗം ചേരുകയാണ്. ആർ.ബി.ഐ നിരീക്ഷണത്തിലായിട്ടും ഇവയിൽ പല ബാങ്കുകളും കിട്ടാക്കടം പെരുകി കൂടുതൽ കുഴപ്പത്തിലേക്ക് നീങ്ങുകയാണെന്നാണ് വിലയിരുത്തൽ. 2017 മാർച്ചിൽ 575 കോടി നഷ്ടത്തിലായിരുന്ന ദേന ബാങ്കിന് കഴിഞ്ഞ ഡിസംബറിൽ 950 കോടി രൂപക്ക് മുകളിലായിരുന്നു നഷ്ടം. അതാണിപ്പോൾ 1,225 കോടിയായി ഉയർന്നത്. ആകെ വായ്പയുടെ 22.4 ശതമാനം കിട്ടാക്കടം എന്നതാണ് ദേന ബാങ്കിെൻറ സ്ഥിതി.
അതിനിടെ, രാജ്യത്തെ ശക്തമായ പൊതുമേഖല ബാങ്കുകളിൽ ഒന്നായ കാനറ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം 4,859 കോടി രൂപ നഷ്ടം പ്രഖ്യാപിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്ക് 214 കോടി രൂപ ലാഭത്തിലായിരുന്നു. ഓറിയൻറൽ ബാങ്ക് ഓഫ് കോമേഴ്സിെൻറ നഷ്ടം 1,650 കോടിയാണ്. ഇതിലും കിട്ടാക്കടം 17.63 ശതമാനമായി ഉയർന്നിട്ടുണ്ട്.
കാനറ, അലഹബാദ് ബാങ്ക്, യൂക്കോ, ദേന എന്നീ ബാങ്കുകളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ നഷ്ടം 11,729 കോടി രൂപയാണ്. യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ 2,583 കോടി രൂപ നഷ്ടം പ്രഖ്യാപിച്ചിട്ടുണ്ട്. എസ്.ബി.ഐ, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ നാലാംപാദ ഫലം അടുത്ത ദിവസം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.