തകർന്നടിഞ്ഞ് റബർ; വില നൂറിനു താഴേക്ക്
text_fieldsകോട്ടയം: ആറ് കൊല്ലത്തിനുശേഷം ആദ്യമായി റബർ വില 100ലേക്ക് താഴ്ന്നു. ചരിത്രത്തിലെ ഏറ്റവും മോശം നിലയിലേക്ക് വില കൂപ്പുകുത്തിയതോടെ കർഷകർ കടുത്തപ്രതിസന്ധിയിൽ. വെള്ളിയാഴ്ച ആർ.എസ്.എസ് നാല് ഗ്രേഡിന് റബർ ബോർഡ് വില 103 രൂപയായിരുന്നെങ്കിലും കോട്ടയത്തെ വ്യാപാരവില 100 രൂപയായിരുന്നു. പല കർഷകർക്കും ഇതിലും കുറഞ്ഞ വിലയാണ് ലഭിച്ചത്.
കർഷകർ കൂടുതലായി ഉൽപാദിപ്പിക്കുന്ന ആർ.എസ്.എസ് ഗ്രേഡ് അഞ്ച് 98 രൂപക്കാണ് കോട്ടയത്തെ വ്യാപാരികൾ വാങ്ങിയത്. 101 രൂപയാണ് റബർ ബോർഡ് വില. വില താഴേക്ക് കുതിക്കുമ്പോഴും ആഭ്യന്തര വിപണിയിൽനിന്ന് ടയർ വ്യവസായികൾ വിട്ടുനിൽക്കുകയാണ്. വ്യവസായികൾ വിപണിയിൽനിന്ന് പൂർണമായും മാറിനിൽക്കുന്നതോടെ വില വീണ്ടും താഴുമെന്ന ആശങ്കയിലാണ് കർഷകർ. വിലയിടിവ് തുടരുന്നതിനാൽ റബർ എടുക്കാൻ ചെറുകിട വ്യാപാരികൾ തയാറാവാത്തതും കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പല വ്യാപാരികളും കച്ചവടം നിർത്തിയിരിക്കുകയാണ്. ആഭ്യന്തര വിപണിയിൽനിന്ന ്റബർ വാങ്ങാൻ കമ്പനികൾ തയാറാവാത്തതിനാൽ വ്യാപാരികളുടെ പക്കലും റബർ കെട്ടിക്കിടക്കുകയാണ്.
ഒട്ടുപാലിെൻറ വിലയും താഴോട്ടാണ്. സംസ്ഥാനത്തെ കർഷകരിൽ നല്ലൊരു ശതമാനവും പാൽ ഉൽപാദിപ്പിച്ച് വിൽപന നടത്തുന്നവരാണ്. ഇവർക്ക് വെള്ളിയാഴ്ച കിലോക്ക് 56 രൂപ മാത്രമാണ് ലഭിച്ചത്. ചെലവിന് ആനുപാതികമായി വില ലഭിക്കാത്തതിനാൽ കർഷകർ കടുത്തപ്രതിസന്ധിയെയാണ് നേരിടുന്നത്. പലരും ടാപ്പിങ് നിർത്തി.
അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് സംസ്ഥാനത്തെ വില താഴേക്ക് പോകാൻ പ്രധാന കാരണം. അതേസമയം, റബറിന് 150 രൂപ ഉറപ്പാക്കാൻ സർക്കാർ നടപ്പാക്കിയ വില സ്ഥിരതാ പദ്ധതിയും പാളിയിരിക്കുകയാണ്. പദ്ധതിക്കായി 300 കോടി അനുവദിച്ചിരുന്നെങ്കിലും 50 കോടിയിൽ താഴെ മാത്രമാണ് മാസങ്ങൾ പിന്നിട്ടിട്ടും കർഷകർക്ക ്നൽകിയത്. പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച ആയിരങ്ങളാണ് തുകക്കായി കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.