സൂക്ഷിക്കണം; എ.ടി.എം കാര്‍ഡിനെയും ബാങ്ക് ഡ്രാഫ്റ്റിനെയും
text_fieldsപണ നഷ്ടവും മാനനഷ്ടവും വരാതിരിക്കണമെങ്കില്‍ എ.ടി.എം കാര്‍ഡിനെയും ബാങ്ക് ഡ്രാഫ്റ്റിനെയും സൂക്ഷിക്കണം, പറയുന്നത് പൊലീസ് അധികൃതരും വ്യാപാരികളും.
എ.ടി.എം കാര്‍ഡുമായി ബന്ധപ്പെട്ട തട്ടിപ്പ് പരാതികള്‍ തങ്ങളുടെ നിയന്ത്രണത്തിനുമപ്പുറത്തേക്ക് പെരുകുന്ന സാഹചര്യത്തിലാണ് പൊലീസ് ഉപദേശവുമായി എത്തിയത്. വ്യാപരികളാകട്ടെ പണം നഷ്ടപ്പെട്ട സ്വന്തം അനുഭവത്തിന്‍െറ വെളിച്ചത്തിലും.
വ്യാജ ഡ്രാഫ്റ്റ്് തട്ടിപ്പിന് ഇരകളായി കഴിഞ്ഞയാഴ്ച കോയമ്പത്തൂരിലെ നിരവധി വ്യാപാരികള്‍ക്കാണ് പണം നഷ്ടപ്പെട്ടത്. അതില്‍ ഒരാളുടെ അനുഭവം ഇങ്ങനെ: ദല്‍ഹിയിലുള്ള ക്ളയന്‍റിന് വിവിധയിനം വാല്‍വുകള്‍ അയക്കാനാണ് ഓര്‍ഡര്‍ ലഭിച്ചത്. വിലയായി ഡിമാന്‍റ് ഡ്രാഫ്റ്റ് എത്തിക്കുകയും ചെയ്തു. അയച്ച സാധനങ്ങളുടെ വിലയായി ലഭിച്ച 7,13,000 രൂപയുടെ ഡ്രാഫ്റ്റ് മാറാന്‍ ബാങ്കില്‍ സമര്‍പ്പിച്ചപ്പോഴാണ് ചതി മനസിലായത്.
യഥാര്‍ഥത്തില്‍ അത് കൊല്‍ക്കത്തയില്‍ മാറാവുന്ന 500 രൂപയുടെ ഡി.ഡിയായിരുന്നു. അതില്‍ കൃത്രിമം നടത്തി തുകയും പണം കൈപ്പറ്റേണ്ടയാളുടെ വിലാസവുമെല്ലാം വിദഗ്ധമായി മാറ്റിയാണ് ഏഴുലക്ഷം രൂപയുടെ ഡി.ഡിയാക്കിയത്. വസ്തുക്കള്‍ വാങ്ങുമ്പോള്‍ നല്‍കിയ വിലാസവും തെറ്റായിരുന്നു. ദല്‍ഹിയിലെ ഏജന്‍സിയുടെ വിലാസത്തിലാണ് വസ്തുക്കള്‍ അയക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. ചതി മനസിലായതിനെ തുടര്‍ന്ന് ഏജന്‍സിയെ ബന്ധപ്പെട്ടപ്പോഴേക്കും വസ്തുക്കള്‍ കൈപ്പറ്റി തട്ടിപ്പ് സംഘം കടന്നിരുന്നു.
‘ലോട്ടസ്’ എന്ന പേരില്‍ കഴിഞ്ഞദിവസം കോയമ്പത്തൂരിലെ നിരവധി ഏജന്‍റുമാരില്‍ നിന്ന് ബില്‍ഡിങ് പാനലുകള്‍, എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, മൊബൈല്‍ ഫോണുകള്‍, പുസ്തകങ്ങള്‍ എന്നിവ മൊത്തമായി വാങ്ങുകയായിരുന്നു. വിലയായി നല്‍കിയത് എല്ലാം ഡിമാന്‍റ് ഡ്രാഫ്റ്റുകള്‍. ഹിന്ദി സംസാരിക്കുന്ന ചിലരാണ് ഏജന്‍സികളില്‍ എത്തി മൊത്തമായി സാധനങ്ങള്‍ വാങ്ങിയതും ഡി.ഡി എത്തിച്ച് നല്‍കിയതുമെന്ന് ചതിയില്‍പെട്ട കച്ചവടക്കാര്‍ പറയുന്നു.
ഡി.ഡി പണമാക്കി മാറ്റാന്‍ ബാങ്കുകളില്‍ ഡെപ്പോസിറ്റ് ചെയ്തപ്പോഴാണ് തട്ടിപ്പ് മനസിലായത്. അപ്പോഴേക്കും സാധനങ്ങള്‍ കൈമാറിക്കഴിഞ്ഞിരുന്നു. സംഭവം അവിടത്തെ വ്യാപാരികള്‍ക്കിടയില്‍ വ്യാപകമായി പരന്നതോടെ കോയമ്പത്തൂരില്‍ ഇനിയും തട്ടിപ്പിന് അവസരമില്ലാത്തതിനാല്‍ സംഘം കേരളത്തിലേക്ക് കടക്കുമെന്ന ആശങ്കയിലാണ് ഇവിടെയുള്ള കച്ചവടക്കാര്‍. പരിചയക്കാരില്‍ നിന്നല്ലാതെ ഡി.ഡി കൈപ്പറ്റില്ളെന്ന നിലപാട് ഇതിനകംതന്നെ പല വ്യാപാരികളും സ്വീകരിച്ചിട്ടുമുണ്ട്.
ഡി.ഡി തട്ടിപ്പുകാര്‍ കേന്ദ്രീകരിച്ചത് കോയമ്പത്തൂരിലാണെങ്കില്‍ എ.ടി.എം കാര്‍ഡ് തട്ടിപ്പുകാര്‍ കേന്ദ്രീകരിച്ചിരിക്കുന്നത് കേരളത്തിലാണെന്ന് കൊച്ചി പൊലീസ് വിശദീകരിക്കുന്നു. എ.ടി.എം കാര്‍ഡ് തട്ടിപ്പ് സംഭവങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നോട്ടീസ് വരെ പുറപ്പെടുവിക്കേണ്ട സ്ഥിതിയുമായി.
എടുക്കാത്ത ലോട്ടറിയുടെ സമ്മാനം നല്‍കാനെന്ന് പറഞ്ഞും ബാങ്കില്‍ നിന്ന് അക്കൗണ്ട് വെരിഫിക്കേഷന് എന്ന് പറഞ്ഞും വിളിക്കുന്നവര്‍ക്ക് ഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും എ.ടി.എം കാര്‍ഡ് നമ്പര്‍, പാസ്വേര്‍ഡ്, അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ കൈമാറുന്നവരാണ് തട്ടിപ്പില്‍ കുടുങ്ങുന്നവരില്‍ ഏറെയും.
ഇതോടൊപ്പം സ്മാര്‍ട്ട് ഫോണ്‍വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ തട്ടിപ്പില്‍ കുടുങ്ങുന്ന സംഭവങ്ങളും വര്‍ധിക്കുന്നുണ്ട്. പുതുതലമുറയില്‍പെട്ട സ്മാര്‍ട്ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന വിവിധയിനം ആപ്ളിക്കേഷനുകള്‍, ഗെയിമുകള്‍ തുടങ്ങിയവവഴി ഉടമയറിയാതെ തന്നെ, ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന പേര്, ഫോണ്‍ നമ്പര്‍, ഓണ്‍ലൈന്‍ പണമിടപാട് വിവരങ്ങള്‍ തുടങ്ങിയവ മറ്റു പലരുമായി ഷെയര്‍ ചെയ്യപ്പെടുന്നതായും പൊലീസ് വിശദീകരിക്കുന്നു.
കൊച്ചി പൊലീസിന് മുമ്പില്‍ എത്തുന്ന പരാതിക്കാരില്‍ അധികവും ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൗണ്ടുള്ളവരുമാണ്. ബാങ്കുകള്‍ക്ക് ഒൗട്ട് സോഴ്സ് പിന്തുണ നല്‍കുന്ന സ്ഥാപങ്ങളില്‍ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നുണ്ടോ എന്ന് സംശയിക്കത്തക്ക വിവരങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചതായും പൊലീസ് വിശദീകരിക്കുന്നു.
എ.ടി.എം തട്ടിപ്പില്‍ പെടാതിരിക്കാന്‍
ബാങ്കില്‍ നിന്ന് എന്ന പേരില്‍ വരുന്ന ഫോണ്‍കാളുകള്‍ക്ക് മറുപടിയായി പാസ്വേര്‍ഡ് പറഞ്ഞുകൊടുക്കാതിരിക്കുക. ഒരു ബാങ്കും ഫോണില്‍ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ആവശ്യപ്പെടില്ല.
രഹസ്യവിവരങ്ങള്‍ ആവശ്യപ്പെടുന്ന ഫോണ്‍ സന്ദേശം വന്നാല്‍ ഉടന്‍ ബാങ്കിന്‍െറ ഹോം ബ്രാഞ്ചുമായി ബന്ധപ്പെടുക.
ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, രഹസ്യ നമ്പര്‍ എന്നിവ മറ്റാരുമായും പങ്കുവെക്കാതിരിക്കുക.
കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുമ്പോള്‍ കാര്‍ഡ് നിങ്ങളുടെ മുമ്പില്‍വെച്ചുതന്നെ സൈ്വപ്പ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുക.
കാര്‍ഡ് വഴി പണമടക്കുമ്പോള്‍ ലഭിക്കുന്ന രശീതി സ്വന്തമെന്ന് ഉറപ്പുവരുത്തുക.
സമ്മാനങ്ങള്‍, പാരിതോഷികങ്ങള്‍ തുടങ്ങിയവക്കായി വ്യാപാര സ്ഥാപനങ്ങള്‍ ബന്ധപ്പെടുമ്പോള്‍ എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ഫോണില്‍ കൈമാറരുത്. പകരം സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പു വരുത്തുക.
സ്മാര്‍ട്ട് ഫോണുകളില്‍ വിവിധയിനം ആപ്ളിക്കേഷനുകള്‍, ഗെയിമുകള്‍ തുടങ്ങിയവ സ്ഥാപിക്കുമ്പോള്‍ വിലപ്പെട്ട വിവരങ്ങള്‍ പുറത്തുപോകുന്നില്ളെന്ന് ഉറപ്പുവരുത്തുക.
(ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍
കൊച്ചി സിറ്റി പൊലീസിന്‍േറത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.