വിദ്യാര്‍ഥികള്‍ക്ക് സംരംഭ അവസരമൊരുങ്ങുന്നു; മത്സരവും
text_fieldsസംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് സംരംഭ അവസരങ്ങളൊരുങ്ങുന്നു. കോളജ് വിദ്യാര്‍ഥികള്‍ക്ക് സംരംഭ അവസരമാണ് ഒരുങ്ങുന്നതെങ്കില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭാവിയില്‍ സംരംഭകരായ മാറാനുള്ള ആശയങ്ങള്‍ സ്വരുക്കൂട്ടുന്നതിനുള്ള മത്സരത്തിനാണ് അവസരമൊരുങ്ങുന്നത്.
വിവര സാങ്കേതികരംഗത്ത് തിരുവനന്തപുരം ടെക്നോപാര്‍ക് ആസ്ഥാനമായ കേരള സ്റ്റാര്‍ട്ട്അപ് മിഷനും ഇന്‍റല്‍ ടെക്നോളജി ഇന്ത്യയുമായി ചേര്‍ന്നാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആശയമത്സരമൊരുക്കുന്നത്. ഒമ്പതു മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ‘ഇന്‍റല്‍ മേക്കത്തോണ്‍’ എന്ന മത്സരത്തില്‍ പങ്കെടുക്കാം. നവംബര്‍ 21,22 തീയതികളില്‍ കൊച്ചിയിലെ ഫാബ് ലാബിലാണ് മത്സരം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍െറ ഒൗദ്യോഗിക വെബ്സൈറ്റുവഴി രജിസ്ട്രേഷന്‍ നടത്താം. കുട്ടികളിലെ അഭിരുചി വളര്‍ത്തുന്നതിനുള്ള കൗണ്‍സലിങ്ങും മാര്‍ഗനിര്‍ദേശങ്ങളും ഓണ്‍ലൈനായി നല്‍കും. അത് അടിസ്ഥാനമാക്കി ഓണ്‍ലൈനായി പ്രോജക്ട്് മാതൃക സമര്‍പ്പിക്കണം. വിദഗ്ധരടങ്ങിയ സമിതി ഇവ പരിശോധിച്ച് മത്സരപരീക്ഷക്കുള്ള യോഗ്യത നിശ്ചയിക്കും. 30 പേരെയാണ് തെരഞ്ഞെടുക്കുക. അവര്‍ക്ക് കോഡിങ്, ഡിസൈന്‍ എന്നിവയില്‍ മികച്ച പരിശീലനം നല്‍കും. സോഫ്റ്റ്വെയര്‍ ഡിസൈന്‍ രംഗത്തെ വിദഗ്ധരുമായി ആശയവിനിമയത്തിനും അവസരമൊരുക്കും. ഓരോ പ്രോജക്ടിനും മൈക്രോ കണ്‍ടട്രോളര്‍ ബോര്‍ഡ്, സെന്‍സറുകള്‍, എസ്.ഡി കാര്‍ഡ്, കണക്ടര്‍ എന്നിവ അടങ്ങിയ കിറ്റും ലഭ്യമാക്കും. സംസ്ഥാനതലത്തില്‍ വിജയിക്കുന്നവര്‍ക്ക് ഇന്‍റല്‍ടെക് ചലഞ്ച് ദേശീയതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ദേശീയതല മത്സരങ്ങള്‍ ഡിസംബറില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.keralastartupmission.kerala.gov.in/itc. ഇ-മെയില്‍: techchallengekerala@startupmission.in
വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നത് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) യാണ്. കുഫോസിലെ ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പിന് കീഴില്‍ സ്ഥാപിച്ച ഇന്‍ഡസ്ട്രിയല്‍ അഡൈ്വസറി ബോര്‍ഡാണ് മുന്‍കൈയെടുക്കുന്നത്. ഭക്ഷ്യസംസ്കരണം, മൂല്യവര്‍ധിത ഉല്‍പാദനം, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരപരിശോധന, സ്വയംസംരംഭകത്വ പരിശീലനം എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗികജ്ഞാനം ലഭ്യമാക്കുന്നതിനാണ് വ്യവസായ സ്ഥാപനങ്ങളുടെ സഹകരണം തേടുന്നത്. ഭക്ഷ്യസംസ്കരണം, ഗുണനിലവാരം ഉറപ്പാക്കല്‍, മൂല്യവര്‍ധിത ഉല്‍പാദനം എന്നീ മേഖലകളില്‍ ഹ്രസ്വകാല കോഴ്സുകള്‍ കുഫോസില്‍ തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.