കടല്‍വഴി ചരക്കുനീക്കം ഊര്‍ജിതം
text_fieldsകൊച്ചി തുറമുഖത്തുനിന്ന് കടല്‍വഴി വിവിധ രാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കം ഊര്‍ജിതമാക്കുന്നു. കൊറിയ, ചൈന എന്നീ രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള കപ്പല്‍ സര്‍വിസിന് കഴിഞ്ഞ ദിവസം തുടക്കമായി. കൊറിയയിലെ പ്രമുഖ തുറമുഖമായ ബുസാന്‍, ചൈനയിലെ തുറമുഖങ്ങളായ ഷാങ്ഹായ്, നിംഗ്ബൊ, ചിവാന്‍ എന്നിവിടങ്ങളിലേക്കും സിംഗപ്പൂര്‍, മലേഷ്യയിലെ പോര്‍ട്ട് ക്ളാങ് തുടങ്ങിയ തുറമുഖങ്ങളിലേക്കുമാണ് നേരിട്ട് കപ്പല്‍ സര്‍വിസ് ആരംഭിച്ചത്.
കഴിഞ്ഞ ജൂലൈയില്‍ യു.എ.ഇയിലെ ജബല്‍ അലി, ഇറാനിലെ ബന്ദര്‍ അബ്ബാസ് തുടങ്ങിയ സ്ഥലങ്ങളിലേക്കും കൊച്ചിയില്‍നിന്ന് നേരിട്ട് സര്‍വിസ് തുടങ്ങിയിരുന്നു. ഇത് വിജയകരമെന്ന് കണ്ടതിനെ തുടര്‍ന്നാണ് കൊറിയ, ചൈന എന്നിവിടങ്ങളിലേക്ക് സര്‍വിസ് ആരംഭിക്കാന്‍ തീരുമാനമായത്. കേരളത്തിലെ വിവിധ നഗരങ്ങള്‍കൂടാതെ, പൊള്ളാച്ചി, ദിണ്ഡിഗല്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും കയറും കയറുല്‍പന്നങ്ങളും മറ്റും കയറ്റുമതി ചെയ്യുന്നവര്‍ക്ക് ഏറെ സഹായകരമാണ് ഇത്. ചൈനയിലെ നിംഗ്ബൊ, ചിവാന്‍ തുടങ്ങിയ തുറമുഖങ്ങളിലേക്ക് ഇവിടെനിന്ന് വന്‍തോതില്‍ കയറുല്‍പന്നങ്ങള്‍ കയറ്റിപ്പോകുന്നുണ്ട്. നേരിട്ട് കപ്പല്‍ സര്‍വിസ് ആരംഭിച്ചതോടെ, കയറ്റുമതി ചെലവ് കുറയുമെന്ന് മാത്രമല്ല, നാലുദിസത്തെ സമയലാഭവുമുണ്ട്. വിവിധ ഏഷ്യന്‍ രാജ്യങ്ങള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം, പശ്ചിമേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ വിപണന കേന്ദ്രങ്ങളിലേക്കുള്ള ചരക്കുനീക്കവും ഇതോടെ സുഗമമാവും.
ചൈനയിലേക്കും കൊറിയയിലേക്കുമായി നേരിട്ട് സര്‍വിസ് നടത്തുന്ന ആദ്യ കപ്പല്‍ കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍നിന്ന് 872 കണ്ടെയ്നര്‍ ചരക്കാണ് കയറ്റിപ്പോയത്. കൊച്ചിയില്‍നിന്ന് ഷാങ്ഹായ്, നിംഗ്ബൊ, ചിവാന്‍, ബുസാന്‍, സിംഗപ്പൂര്‍, പോര്‍ട്ട് ക്ളാങ് റൂട്ടിലേക്കാണ് ഈ സര്‍വിസ്.
കൊച്ചിയില്‍നിന്ന് നേരിട്ട് ചൈനയിലേക്ക് പ്രതിവാര കപ്പല്‍ സര്‍വിസ് ആരംഭിച്ചതോടെ കോയമ്പത്തൂര്‍, തിരുപ്പൂര്‍, പൊള്ളാച്ചി തുടങ്ങിയ നിര്‍മാണ-വാണിജ്യ കേന്ദ്രങ്ങളില്‍നിന്ന് റോഡ്മാര്‍ഗം കൂടുതല്‍ കണ്ടെയ്നറുകള്‍ കയറ്റിയയക്കുന്നതിനായി കൊച്ചി തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം കണ്ടെയ്നറുകളുടെ വരവ് വാളയാര്‍ ചെക്പോസ്റ്റില്‍ ഉണ്ടാക്കാനിടയുള്ള ട്രാഫിക് കുരുക്ക് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.