ബാങ്കുകള്‍ എത്തുന്നു; ചെറുകിട സംരംഭകരെത്തേടി
text_fieldsവമ്പന്മാരോടായിരുന്നു ബാങ്കുകള്‍ക്ക് എന്നും താല്‍പര്യം. ആയിരം രൂപ വായ്പ നല്‍കുന്നതിനും ആയിരംകോടി വായ്പ നല്‍കുന്നതിനും ഒരേ നടപടിക്രമങ്ങളാണെന്നും അതിനാല്‍ വന്‍കിടക്കാര്‍ക്ക് വായ്പ നല്‍കുന്നതാണ് ലാഭകരമെന്നുമായിരുന്നു ഇതിനുള്ള ന്യായീകരണം.
ഇങ്ങനെ വന്‍തുക വായ്പ വാങ്ങിയ പലരും രാജ്യംവിട്ടതോടെ ബാങ്കുകള്‍ വെട്ടിലാവുകയും ചെയ്തു. ഏതായാലും കഴിഞ്ഞ ഒരുവര്‍ഷമായി രാജ്യത്തെ ബാങ്കുകള്‍ ചെറുകിട സംരംഭകരിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പ്രധാന്‍മന്ത്രി മുദ്ര യോജന (പി.എം.എം.വൈ) പദ്ധതിയുടെ ചുവടുപിടിച്ചാണ് ബാങ്കുകള്‍ സാധാരണക്കാരിലേക്ക് തിരിഞ്ഞിരിക്കുന്നത്.
2015 ഏപ്രിലില്‍ പ്രഖ്യാപിച്ച ഈ പദ്ധതി ഒരുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ഒന്നരക്കോടി പുതിയ സംരംഭകര്‍ക്ക് രാജ്യത്തെ ബാങ്കുകളും സൂക്ഷ്മ വായ്പാ സ്ഥാപനങ്ങളും (മൈക്രോ ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്) വായ്പ അനുവദിച്ചെന്നാണ് കണക്ക്.
ചെറുകിട സംരംഭകര്‍ക്ക് തങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ചരക്കുകൊണ്ടുപോകുന്നതിന് വാഹനം വാങ്ങാന്‍, സലൂണ്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ വിപുലീകരിക്കാന്‍, ടൈലറിങ് ഷോപ്പ്, ഡ്രൈക്ളീനിങ്, സൈക്കിള്‍-മോട്ടോര്‍ സൈക്കിള്‍ റിപ്പയറിങ് സ്ഥാപനങ്ങള്‍ തുടങ്ങാന്‍, ഡി.ടി.പി സ്ഥാപനങ്ങള്‍ തുടങ്ങാന്‍, ഫോട്ടാ കോപ്പിയിങ് മെഷിന്‍ തുടങ്ങാന്‍, മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങാന്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കാണ് പല ബാങ്കുകളും വായ്പ നല്‍കുന്നത്.
ഇതുകൂടാതെ ഭക്ഷ്യമേഖലയില്‍ അച്ചാര്‍, പപ്പടം, ജാം തുടങ്ങിയവയുടെ നിര്‍മാണം, ചെറിയ ഭക്ഷണശാലകള്‍, കാന്‍റീന്‍ എന്നിവ തുടങ്ങാനും വായ്പ അനുവദിച്ചിട്ടുണ്ട്. 3.22 കോടി പുതുസംരംഭകര്‍ക്കാണ് വായ്പ അനുവദിച്ചത്. ഇതില്‍ 78 ശതമാനവും വനിതകളാണ്; 2.52 കോടി. ബാങ്കുകളും മൈക്രോ ഫിനാന്‍സ് സ്ഥാനപങ്ങളും മൂന്ന് വിഭാഗങ്ങളിലായാണ് പുതു സംരംഭകര്‍ക്ക് വായ്പ നല്‍കുന്നത്. 50,000 രൂപവരെയുള്ള വായ്പ ആവശ്യമായ സംരംഭകര്‍ക്ക് ‘ശിശു’, 50,000 മുതല്‍ അഞ്ചുലക്ഷംവരെ വായ്പ അനുവദിക്കുന്ന ‘കിഷോര്‍ കിരണ്‍’, അഞ്ചുമുതല്‍ പത്ത് ലക്ഷംവരെ ‘തരുണ’ എന്നിങ്ങനെയാണ് വായ്പാ പദ്ധതികള്‍.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മുദ്ര പദ്ധതിക്ക് കീഴിയില്‍ 1.28 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിച്ചുവെന്നും ഇതില്‍ 1.22 ലക്ഷം കോടി രൂപ ഇതിനകം വിതരണം ചെയ്തെന്നുമാണ് വിവരം. ഇതില്‍ 59,000 കോടിയും വനിതാ സംരംഭകര്‍ക്കാണ്. മൊത്തം വായ്പയില്‍ വനിതാ സംരംഭകര്‍ക്ക് അനുവദിച്ചത് 59,132 കോടിയാണ്.
രാജ്യത്തെ 27 പൊതുമേഖലാ ബാങ്കുകളും 17 സ്വകാര്യ ബാങ്കുകളും 27 റീജനല്‍ റൂറല്‍ ബാങ്കുകളും 25 മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
50,000 രൂപവരെ വായ്പ നല്‍കുന്ന ‘ശിശു’ പദ്ധതിക്ക് കീഴില്‍ വായ്പ ലഭിക്കുന്നതിന് ഈട് ആവശ്യമില്ല. പ്രോസസിങ് ഫീസും ഈടാക്കരുതെന്നാണ് ചട്ടം. പ്രതിമാസം ഒരുശതമാനമാണ് പലിശ. തിരിച്ചടവ് കാലാവധി പരമാവധി അഞ്ചുവര്‍ഷംവരെ. മുദ്ര കാര്‍ഡുകള്‍ വഴിയാണ് പണം പിന്‍വലിക്കാനാവുക.
50,000 രൂപയിലധികം ആവശ്യമുള്ള വായ്പാ പദ്ധതികള്‍ സംബന്ധിച്ച് വിവിധ ബാങ്ക് ശാഖകളില്‍നിന്ന് അപേക്ഷാഫോമും വിവരവും ലഭിക്കും. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖ, താമസസ്ഥലം വ്യക്തമാക്കുന്ന രേഖ, അപേക്ഷകന്‍െറ ഫോട്ടോകള്‍, പദ്ധതിക്ക് കീഴില്‍ യന്ത്രങ്ങളോ മറ്റോ ആവശ്യമാണെങ്കില്‍ ഡീലറുടെ ക്വട്ടേഷന്‍, തുടങ്ങിയവയും ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.