റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകളിൽ മാറ്റമില്ല
text_fieldsമുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയിലുള്ള രഘുറാം രാജന്‍റെ അവസാന പണനയ അവലോകനത്തിലും വായ്പാ നിരക്കുകളിൽ മാറ്റമില്ല. റിപ്പോ (വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്ക്) നിരക്ക് നിലവിലെ 6.5 ശതമാനവും റിവേഴ്സ് റിപ്പോ 6.0 ശതമാനവും ആയിരിക്കും. ബാങ്കുകള്‍ കരുതല്‍ ധനമായി ആർ.ബി.ഐയില്‍ സൂക്ഷിക്കേണ്ട പണത്തിന്‍റെ നിരക്കായ കരുതല്‍ ധനാനുപാതം 4 ശതമാനവുമായും തുടരും.
മൊത്ത ആഭ്യന്തര വളര്‍ച്ച (ജി.ഡി.പി) അടുത്ത സാമ്പത്തിക വര്‍ഷം 7.6 ശതമാനത്തില്‍ നിലനിര്‍ത്തുന്നതിനും പണപ്പെരുപ്പം അഞ്ചു ശതമാനത്തില്‍ എത്തിക്കുക എന്നതുമാണ് ആര്‍.ബി.ഐയുടെ നയം. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി ഭദ്രമാണ്. നാണ്യപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുകയാണ് നയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ആർ.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പണപ്പെരുപ്പ ലക്ഷ്യം നാലു ശതമാനമായി പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള ദ്വൈമാസ അവലോകനമാണ് ഇന്ന് നടന്നത്. അടുത്ത അവലോകനത്തിനു മുമ്പ് ഈ ലക്ഷ്യം ഉറപ്പാക്കുന്നതിന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അധ്യക്ഷനായ ആറംഗ പണ നയ കമ്മറ്റിയെ ഇതിനായി സര്‍ക്കാര്‍ നിയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്‍റെ പൂര്‍ണ അധികാരത്തിലുള്ള അവസാന അവലോകനമാണിത്.
ജൂണില്‍ ചില്ലറ വിലപ്പെരുപ്പം 5.77 ശതമാനമായിരിക്കെ മുഖ്യപലിശ നിരക്കുകള്‍ ഇത്തവണ കുറക്കാന്‍ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയിരുന്നു. ഗവര്‍ണറായി ചുമതലയേറ്റ ശേഷം മൂന്നു വര്‍ഷത്തിനിടെ രാജന്‍ മൂന്നു തവണ പലിശ നിരക്കുകള്‍ ഉയര്‍ത്തുകയും അഞ്ചു തവണ കുറക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ നാലിനാണ് രാജന്‍റെ കാലാവധി അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.