ലുലു ഷോപ്പിങ് മാളിന് തലസ്ഥാനത്ത് തറക്കല്ലിട്ടു
text_fieldsതിരുവനന്തപുരം: രാജ്യത്തെ രണ്ടാമത്തെ വലിയ ഷോപ്പിങ് മാളായ ലുലു ഷോപ്പിങ് മാളിന് ആക്കുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. ദേശീയപാതക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ചടങ്ങ് നടന്നത്. പുതിയ വ്യവസായസംരംഭങ്ങളെ സ്വീകരിക്കാന്‍ സര്‍ക്കാറിനു സന്തോഷമേയുള്ളൂവെന്നും പ്രദേശത്തിന്‍െറ വികസനത്തിന് സഹായിക്കുന്ന ഇത്തരം സംരംഭങ്ങള്‍ ജനങ്ങളും സ്വാഗതംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളിലായി മാളുകള്‍ സ്ഥാപിച്ചുള്ള അനുഭവപരിചയവും ഒപ്പം കേരളത്തിന്‍െറ സവിശേഷ സാഹചര്യവും ചേര്‍ത്ത് പടുത്തുയര്‍ത്തുന്ന ലുലുമാള്‍ ഏറെ പ്രതീക്ഷ പകരുന്നുണ്ട്. പുതിയകാലത്തിന്‍െറ വ്യവസായങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കില്ല എന്നതാണ് തലസ്ഥാനനഗരത്തിന്‍െറ പ്രത്യേകത. ആക്കുളത്ത് സ്ഥാപിക്കുന്ന ലുലുമാള്‍ പ്രദേശത്തിന്‍െറ വലിയ തോതിലുള്ള വികസനത്തിനും അവസരമൊരുക്കും. കേരളത്തിന്‍െറ വ്യവസായവത്കരണത്തിന് എം.എ. യൂസുഫലിയെ പോലെ പ്രതിബദ്ധതയുള്ള സംരംഭകരുടെ നിക്ഷേപങ്ങള്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഇത്തരം നിക്ഷേപങ്ങള്‍ കേരളത്തിലേക്കത്തെിക്കാന്‍ യൂസുഫലി മുന്‍കൈ എടുക്കണം. സാമൂഹിക സേവനരംഗത്തെന്നപോലെ സാമുദായിക സൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിലും അദ്ദേഹം നടത്തുന്ന സേവനങ്ങള്‍ ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്‍െറ വളര്‍ച്ചക്കും പുരോഗതിക്കും ഏറെ സഹായകരമായ സംരംഭമായിരിക്കും തലസ്ഥാനത്ത് ആരംഭിക്കുന്ന ലുലുമാളെന്ന് അധ്യക്ഷത വഹിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ വലിയ നിക്ഷേപം നാട്ടിലുണ്ടാക്കുന്ന മാറ്റം ചെറുതാകില്ളെന്നും അദ്ദേഹം പറഞ്ഞു. 2018 ആഗസ്റ്റോടെ ഷോപ്പിങ് മാളിന്‍െറയും 2019 മാര്‍ച്ചോടെ ഹോട്ടലിന്‍െറയും കണ്‍വെന്‍ഷന്‍ സെന്‍ററിന്‍െറയും നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ലുലു ഗ്രൂപ് ഇന്‍റര്‍നാഷനല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.
ലുലു മാളിന്‍െറ മാതൃക മന്ത്രി കടകംപള്ളി സുരേന്ദ്രനും ഹോട്ടലിന്‍െറയും കണ്‍വെന്‍ഷന്‍ സെന്‍ററിന്‍െറയും മാതൃക മന്ത്രി ഇ. ചന്ദ്രശേഖരനും പ്രകാശനം ചെയ്തു. പൈലിങ് ജോലികളുടെ സ്വിച്ച് ഓണ്‍ ശശി തരൂര്‍ എം.പിയും വെബ്സൈറ്റ് പ്രകാശനം മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും നിര്‍വഹിച്ചു. ഒ. രാജഗോപാല്‍ എം.എല്‍.എ സ്വാമി ഋതംഭരാനന്ദക്ക് നല്‍കി ബ്രോഷര്‍ പ്രകാശനം ചെയ്തു. മേയര്‍ വി.കെ. പ്രശാന്ത്, യു.എ.ഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഹിമ സിജി, ശൈഖ് അലി ഹാഷ്മി, ജമാല്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു. ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫലി നന്ദി പറഞ്ഞു.
20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന മാളില്‍ 2,000 കോടി രൂപയാണ് പദ്ധതിക്ക് ലുലു ഗ്രൂപ് നിക്ഷേപിക്കുന്നത്. സ്വകാര്യമേഖലയില്‍ കേരളത്തിലത്തെുന്ന ഏറ്റവുംവലിയ നിക്ഷേപമാണിത്. അയ്യായിരത്തിലധികം ആളുകള്‍ക്ക് നേരിട്ടും ഇരുപതിനായിരത്തില്‍പരം ആളുകള്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങളാണ് പദ്ധതിയോടനുബന്ധിച്ച് ഉണ്ടാകുന്നത്. ഷോപ്പിങ് മാള്‍ കൂടാതെ ഹോട്ടല്‍, അന്താരാഷ്ട്ര നിലവാരത്തിലെ കണ്‍വെന്‍ഷന്‍ സെന്‍റര്‍, ഒമ്പത് സ്ക്രീന്‍ മള്‍ട്ടി പ്ളക്സുകള്‍, ലുലു ഹൈപര്‍മാര്‍ക്കറ്റ്, ഫുട്കോര്‍ട്ട്, ഐസ്സ്കേറ്റിങ്, സിനിമ, കുട്ടികള്‍ക്കുള്ള വിനോദകേന്ദ്രം എന്നിവ മാളിലുണ്ടാകും. മൂവായിരത്തിലധികം കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യവുമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.