40,000 കോടിയുടെ ഫര്‍ണിച്ചര്‍ വിപണിയില്‍ കണ്ണുവെച്ച് അന്താരാഷ്ട്ര ഭീമന്മാര്‍
text_fieldsവീട്ടിലേക്ക് കട്ടിലോ മേശയോ വാങ്ങുമ്പോള്‍ നിങ്ങള്‍ കണ്ണിയാകുന്നത് 40,000 കോടിയുടെ ഫര്‍ണിച്ചര്‍ വ്യവസായത്തിലാണെന്ന് അറിയാമോ? ഇന്ത്യയില്‍ ഒരുവര്‍ഷം വിറ്റഴിയുന്നത് ഇത്രയും തുകയുടെ ഫര്‍ണിച്ചറാണ് എന്നാണ് കണക്ക്.
ഇതില്‍ 65 ശതമാനവും ഗൃഹോപകരണങ്ങളാണ്. അതായത് കട്ടില്‍, മേശ, അലമാര, കസേര, സോഫ തുടങ്ങിയവ. 20 ശതമാനം ഓഫിസ് ഫര്‍ണിച്ചറും ബാക്കി 15 ശതമാനം ഹോട്ടലുകള്‍ക്കും മറ്റുമുള്ള ഫര്‍ണിച്ചറുകളും. ഇന്ത്യയില്‍ വിറ്റഴിയുന്ന ഗൃഹോപകരണങ്ങളില്‍ 85 ശതമാനവും അസംഘടിത മേഖലയില്‍ നിര്‍മിക്കുന്നവയാണ്. ബാക്കി 15 ശതമാനമാണ് വന്‍കിട കമ്പനികള്‍ നിര്‍മിച്ച് വിറ്റഴിക്കുന്നത്.
ലോകത്ത് ഏറ്റവുമധികം ഫര്‍ണിച്ചര്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ആഗോള കയറ്റുമതിയില്‍ 19 ശതമാനം ഇന്ത്യയിലേക്കാണ്. ഇറ്റലി, ജര്‍മനി, സ്പെയിന്‍, ചൈന, കൊറിയ, മലേഷ്യ, ഇന്തോനേഷ്യ, ഫിലീപ്പീന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം ഫര്‍ണിച്ചര്‍ കയറ്റുമതി ചെയ്യുന്നത്. ഈ രംഗത്തേക്കാണ് ആഗോള ഭീമന്മാരുടെ കണ്ണ് പതിഞ്ഞിരിക്കുന്നത്.
ഇപ്പോള്‍ ആഗോള ഫര്‍ണിച്ചര്‍ രംഗത്ത് നടക്കുന്ന പ്രധാന പഠനങ്ങളില്‍ ഒന്ന് ഇന്ത്യയിലെ ഇടത്തരക്കാരുടെയും മേല്‍ത്തട്ടുകാരുടെയും ഫര്‍ണിച്ചര്‍ സങ്കല്‍പങ്ങളിലെ മാറ്റങ്ങള്‍ സംബന്ധിച്ചാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ തുടങ്ങിയതോടെയാണ് ആഗോള ഭീമന്മാര്‍ ഇന്ത്യയിലേക്ക് ശ്രദ്ധതിരിക്കാന്‍ തുടങ്ങിയതെന്ന് പ്രമുഖ ഫര്‍ണിച്ചര്‍ കമ്പനിയുടെ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ അനില്‍ മാഥൂര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇന്ത്യയിലെ വീടുകളില്‍ ഉപയോഗിക്കുന്ന ഫര്‍ണിച്ചറുകളുടെ കാലാവധി സംബന്ധിച്ചും പഠനം നടക്കുന്നുണ്ട്. കൊളോണിയല്‍ ശൈലിയിലുള്ള ഗൃഹോപകരണങ്ങള്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന വിഭാഗക്കാര്‍ 70 വര്‍ഷംവരെ ഒരേ ഉപകരണം ഉപയോഗിക്കുന്നതായാണ് കണ്ടത്തെിയിരിക്കുന്നത്. അതേസമയം, സാധാരണക്കാര്‍ പരമാവധി 10 വര്‍ഷവും ഇടത്തരക്കാര്‍ അഞ്ചിനും പത്തിനുമിടക്ക് വര്‍ഷവുമാണ് ഒരേ ഗൃഹോപകരണം ഉപയോഗിക്കുന്നത്. അതുകഴിഞ്ഞാല്‍ പുതിയത് വാങ്ങാനുള്ള പ്രവണതയാണ്. പ്രഫഷനലുകളാകട്ടെ ഭാരംകുറഞ്ഞതും മടക്കാവുന്നതുമായ ഗൃഹോപകരണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജോലിസ്ഥലം മാറുന്നതിന് അനുസരിച്ച് വീടും മാറേണ്ടിവരുമ്പോള്‍ എളുപ്പം കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനുവേണ്ടിയാണിത്. അവര്‍തന്നെ, സ്ഥിരം വീടുവെച്ച് മാറുമ്പോള്‍ ട്രെന്‍ഡി ഗൃഹോപകരണങ്ങളാണ് ആഗ്രഹിക്കുന്നത്.
ഇന്ത്യയില്‍ മരം, ലോഹങ്ങള്‍, പ്ളാസ്റ്റിക്, മുള, ഈറ്റ തുടങ്ങിയവ ഉപയോഗിച്ച് നിര്‍മിച്ചവക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. ഏറ്റവുമധികം ആവശ്യക്കാരുള്ളത് മരംകൊണ്ടുള്ളവക്കും. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫര്‍ണിച്ചറിന്‍െറ 65 ശതമാനവും തടികൊണ്ടാണ്. തദ്ദേശീയ മരങ്ങള്‍കൂടാതെ മലേഷ്യ, ഇന്തോനേഷ്യ, മ്യാന്മര്‍, ഫിലിപ്പീന്‍സ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നും തടി ഇറക്കുമതി ചെയ്യുന്നുണ്ട്. എം.ഡി.എഫ് (മീഡിയം ഡെന്‍സിറ്റി ഫൈബര്‍ ബോര്‍ഡ്) ഉപയോഗിച്ച ഉപകരണങ്ങള്‍ക്കും പ്രിയമേറുകയാണ്. അനുദിനം വളരുന്ന ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുകയറാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് അന്താരാഷ്ട്ര ഫര്‍ണിച്ചര്‍ ഭീമന്മാര്‍. ഇടത്തരം ഇന്ത്യന്‍ കമ്പനികളുമായി കൈകോര്‍ത്തും സ്വന്തം നിലക്ക് ഷോറൂമുകള്‍ തുടങ്ങിയും സാധ്യത മുതലാക്കാനുള്ള ഒരുക്കത്തിലാണവര്‍.
ഭീഷണിയായി ചൈനയും ഓണ്‍ലൈനും
പരമ്പരാഗത ഫര്‍ണിച്ചര്‍ നിര്‍മാതാക്കള്‍ക്ക് ഭീഷണി ഉയര്‍ത്തി മുന്നേറുന്നത് ചൈനയും ഓണ്‍ലൈന്‍ വിപണിയുമാണ്. ഇന്ത്യയെ അപേക്ഷിച്ച് ചൈനയില്‍ ഉല്‍പാദനച്ചെലവ് കുറവാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ നിര്‍മാതാക്കളെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഫര്‍ണിച്ചര്‍ ഇന്ത്യയിലത്തെിച്ച് വില്‍ക്കാന്‍ അവര്‍ക്കാവും. വില മാത്രം നോക്കി ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കുന്ന വലിയൊരു വിഭാഗം ഈ ആകര്‍ഷണത്തില്‍ വീഴും.
ഓണ്‍ലൈന്‍ കടന്നുകയറ്റവും അനുദിനം വര്‍ധിക്കുകയാണ്. വിവിധ ഇ-കോമേഴ്സ് പോര്‍ട്ടലുകള്‍ ഫര്‍ണിച്ചര്‍ വിപണനം വിപുലമാക്കുകയാണ്. ഒരു വീട്ടിലേക്ക് ആവശ്യമായ ഫര്‍ണിച്ചര്‍ മുഴുവന്‍ വാങ്ങാനത്തെുന്നവര്‍ ഇപ്പോഴും പരമ്പരാഗത വ്യാപാര രീതിയാണ് പിന്തുടരുന്നതെങ്കിലും ഒരു പീസ് ഫര്‍ണിച്ചറും മറ്റും വാങ്ങുന്നവര്‍ ഓണ്‍ലൈന്‍ വിപണിയിലേക്ക് ആകൃഷ്ടരാകുന്നത് വര്‍ധിക്കുന്നുണ്ട്.
വീട്ടിലത്തെി സെറ്റ് ചെയ്ത് നല്‍കുമെന്ന ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ വാഗ്ദാനവും പലരെയും ആകര്‍ഷിക്കുന്നുണ്ട്. ഷോറൂമില്‍ പോയി വാങ്ങി, ആളെ കണ്ടത്തെി സെറ്റ് ചെയ്യുന്നതിന്‍െറ ബുദ്ധിമുട്ടോര്‍ത്താണ് പലരും ഈ വാഗ്ദാനത്തില്‍ വീഴുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.