ബജറ്റുകള്‍ക്കായി കാത്തിരിപ്പ്, പ്രതീക്ഷയോടെ
text_fieldsകേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ക്ക് ഇനി ആഴ്ചകള്‍ മാത്രം. കേന്ദ്ര ബജറ്റ് ഫെബ്രുവരി അവസാനത്തോടെയും സംസ്ഥാന ഇടക്കാല ബജറ്റ് ഫെബ്രുവരി 12നും വരാനിരിക്കുകയാണ്. വ്യവസായ, നിര്‍മാണ, കാര്‍ഷിക മേഖലകള്‍ കണ്ണുംനട്ട് കാത്തിരിക്കുന്നു, ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കായി. മുന്‍ ബജറ്റുകളില്‍ പലതും കേരളത്തെ കണ്ടില്ളെന്ന് നടിച്ചു. കണ്ടുവെന്ന് നടിച്ചപ്പോഴാകട്ടെ പ്രഖ്യാപനങ്ങള്‍ വാഗ്ദാനങ്ങളില്‍ മാത്രമൊതുങ്ങി. സംസ്ഥാനത്തെ പ്രധാനപ്പെട്ട മേഖലകളെല്ലാം നട്ടെല്ളൊടിഞ്ഞ അവസ്ഥയിലാണ്. കേരളത്തിന്‍െറ വ്യവസായ തലസ്ഥാനമെന്ന് പേരുകേട്ട എറണാകുളത്തെ വ്യവസായ മേഖലകളില്‍ ആളനക്കമില്ല. നിര്‍മാണമേഖല ഏറെക്കുറെ സ്തംഭനാവസ്ഥയില്‍. കാര്‍ഷിക മേഖലയുടെ സ്ഥിതി പറയാതിരിക്കുകയാവും ഭേദം. ഓരോ മേഖലയും കേന്ദ്ര-സംസ്ഥാന ബജറ്റില്‍ കണ്ണുംനട്ട് കാത്തിരിക്കുകയാണ്, എന്തെങ്കിലും രക്ഷാപദ്ധതികളുണ്ടാകുമെന്ന പ്രതീക്ഷയോടെ. സംസ്ഥാനത്തെ പ്രധാന വ്യവസായ മേഖലകളുടെ കാത്തിരിപ്പും പ്രതീക്ഷയും.
കേന്ദ്രത്തില്‍ കണ്ണുംനട്ട് ഫാക്ട്
ഒരുകാലത്ത് കേരളത്തില്‍ വ്യവസായമെന്ന് പറഞ്ഞാല്‍ ഫാക്ട് അഥവാ എഫ്.എ.സി.ടിയായിരുന്നു. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് നേരിട്ടും അതിലിരട്ടിപ്പേര്‍ക്ക് അല്ലാതെയും ജോലി നല്‍കിയിരുന്ന സ്ഥാപനം. കേരളത്തില്‍ കൃഷി അന്യംനിന്നതോടെ ഫാക്ടിന്‍െറ ഗതികേടും തുടങ്ങി. ഇപ്പോള്‍ രക്ഷകരുടെ കാലൊച്ചകള്‍ക്ക് കാതോര്‍ക്കുകയാണ് ഫാക്ട്. പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുപോക്കിന് ഏഴായിരം കോടി രൂപയുടെ പദ്ധതിയുമായാണ് ഫാക്ട് കാത്തിരിക്കുന്നത്.
ഇതര സംസ്ഥാനങ്ങളിലെ കൃഷിക്കും വ്യവസായ ആവശ്യങ്ങള്‍ക്കുമായി വര്‍ഷന്തോറും വന്‍തോതില്‍ യൂറിയ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് ഫാക്ടില്‍ ഉല്‍പാദിപ്പിക്കുക എന്നതാണ് ഫാക്ട് കാണുന്ന സ്വപ്നം. അതിന് പുതിയൊരു യൂറിയ പ്ളാന്‍റ് നിര്‍മിക്കണം. . ഇതിന് സര്‍ക്കാറിന്‍െറ സാമ്പത്തികസഹായം വേണം. ഒപ്പം യൂറിയ ഇറക്കുമതി നയത്തില്‍ മാറ്റവും വേണം. നടക്കുമോ എന്നറിയില്ല. കൂടാതെ, അടഞ്ഞുകിടക്കുന്ന കപോലാക്ട്രം പ്ളാന്‍റ് തുറന്ന് പ്രവര്‍ത്തിക്കുക എന്നതാണ് പദ്ധതികളില്‍ മുഖ്യം. വളം മാത്രം നിര്‍മിച്ചുകൊണ്ട് ഇനി മുന്നോട്ടുപോകാനുമാവില്ല. ഉല്‍പന്ന വൈവിധ്യവത്കരണമാണ് പ്രധാനം. അതിനുംവേണം കേന്ദ്ര-സഹായം; സാമ്പത്തികമായും നയപരമായും.
ഫാക്ടിന്‍െറ പ്രതിസന്ധി കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ ശ്രദ്ധയിലുണ്ട്. സംസ്ഥാനത്തുനിന്നുള്ള എം.പിമാര്‍ നിരന്തരം ഈ വിഷയം ഉന്നയിച്ചിരുന്നു. പ്രതിസന്ധി പഠിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഭരിക്കുന്ന കേന്ദ്ര മന്ത്രിമാരും ഉദ്യോഗസ്ഥരും പലവട്ടം വന്നുപോയി. അവര്‍ മനസ്സിലാക്കിയത് ബജറ്റില്‍ പ്രതിഫലിക്കുമോ എന്ന നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് ഫാക്ട്.
പ്രതിസന്ധിയില്‍ മുങ്ങി തുറമുഖ ട്രസ്റ്റ്
അഞ്ചുവര്‍ഷം മുമ്പ് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആഘോഷമായി ഒരു ഉദ്ഘാടനം നടത്തി; വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനല്‍. കേരളത്തെ ഇനി പിടിച്ചാല്‍ കിട്ടില്ല എന്നൊക്കെ എല്ലാവരും പറഞ്ഞു; അന്ന് ആശങ്കയോടെ നെഞ്ചില്‍കൈവെച്ച് നിന്നവരാണ് കൊച്ചി തുറമുഖ തൊഴിലാളികള്‍. അവരുടെ ആശങ്ക സത്യമെന്ന് തെളിയിച്ച വര്‍ഷങ്ങളാണ് കടന്നുപോയത്. കൊച്ചി തുറമുഖത്തിനുള്ള വരുമാനം നിലച്ചു എന്ന് മാത്രമല്ല മറ്റുള്ളവര്‍ക്കുവേണ്ടി ചെലവാക്കേണ്ടിവരികയും ചെയ്യുന്നു. കൊച്ചി തുറമുഖത്ത് കപ്പല്‍ചാലിലെ ചെളി നീക്കിയാലേ കപ്പല്‍ അടുക്കൂ. ഇതിന് ഒരുവര്‍ഷം ചെലവ് വരുന്നത് 150 കോടി രൂപ. ചെലവ് വഹിക്കേണ്ടത് കൊച്ചി തുറമുഖം. കപ്പല്‍ അടുക്കുന്നതാകട്ടെ ദുബൈ പോര്‍ട്ട് വേള്‍ഡിന് നടത്തിപ്പവകാശമുള്ള വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലും. ചെളിനീക്കി ചെളി നീക്കി തുറമുഖ ട്രസ്റ്റ് പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് പോവുകയാണ്. ഇല്ലാത്ത കാശ് കടംവാങ്ങി ചെളിനീക്കി ആഴം വര്‍ധിപ്പിക്കുന്ന കപ്പല്‍ചാലിലൂടെ ചരക്ക് കപ്പലുകളും നാവിക സേനയുടെ കപ്പലുകളും തീരരക്ഷാ സേനയുടെ കപ്പലുമെല്ലാം നിരന്തരം യാത്രചെയ്യുന്നുണ്ട്; തുറമുഖത്തേക്ക് മാത്രം ആരും വരുന്നില്ല.
ഈ സാഹചര്യത്തില്‍ കൊച്ചി തുറമുഖത്തെ ചെളി നീക്കുന്നതിന്‍െറ ചെലവ് കേന്ദ്രമോ ഈ ചാല്‍ ഉപയോഗിക്കുന്ന ദുബൈ പോര്‍ട്ട് വേള്‍ഡും നാവിക സേനയും മറ്റും കൂട്ടായോ വഹിക്കണം. ഇല്ളെങ്കില്‍ പോര്‍ട്ട് ട്രസ്റ്റ് കടത്തില്‍ മുങ്ങിപ്പോകും. വല്ലാര്‍പാടം പദ്ധതി തുടങ്ങുന്നതിന് മുമ്പ്, കപ്പലുകള്‍ ഇടതടവില്ലാതെ വന്നുപോയിരുന്ന കാലത്ത് അടിസ്ഥാന വികസനത്തിന് കേന്ദ്ര ഗവണ്‍മെന്‍റില്‍നിന്ന് 234 കോടി വായ്പയെടുത്തിരുന്നു. അതിപ്പോള്‍ പലിശയും പിഴപ്പലിശയുമായി ചേര്‍ന്ന് 700 കോടിക്ക് മുകളിലത്തെി നില്‍ക്കുന്നു. പ ിഴപ്പലിശയെങ്കിലും എഴുതിത്തള്ളുകയും വേണം. ഇതിന് കേന്ദ്രം കനിയണം.
നിവേദനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് എച്ച്.ഒ.സി.എല്‍
രണ്ടുമാസം മുമ്പ് നമ്മുടെ മുഖ്യമന്ത്രി കേന്ദ്രത്തിന് ഒരുനിവേദനം നല്‍കി. ഒരു കമ്പനിയെ രക്ഷിക്കണമെന്നാണ് ആവശ്യം. എച്ച്.ഒ.സി.എല്‍ എന്ന ഈ കമ്പനിയുടെ ഉല്‍പന്നം ഫിനോള്‍ ആണ്. ഇതിന് ആവശ്യക്കാരുണ്ട്. വിറ്റുപോകുന്നുമുണ്ട്. പക്ഷേ, ശമ്പളംകൊടുക്കാന്‍ പോലും കഴിയാത്തവിധം കമ്പനി പ്രതിസന്ധിയിലാണ്. കേന്ദ്രം കനിഞ്ഞാലേ തൊഴിലാളികളുടെ അടുപ്പില്‍ തീപുകയൂ. ഉല്‍പന്നം ആവശ്യത്തിന് കൊടുക്കാനില്ളെന്നതാണ് അവസ്ഥ. പുതിയ യൂനിറ്റ് തുടങ്ങിയാല്‍ രക്ഷപ്പെടും. പക്ഷേ, ഇവിടെ നിന്നുള്ള വരുമാനത്തിന്‍െറ നല്ളൊരു പങ്കും പോകുന്നത് മുംബൈ യൂനിറ്റിന്‍െറ പ്രതിസന്ധി തീര്‍ക്കാനാണ്.
അതിന് പരിഹാരമുണ്ടാകണം. കൊച്ചി യൂനിറ്റിനെ സ്വതന്ത്രമാക്കണം. ഒപ്പം പുതിയ യൂനിറ്റ് തുടങ്ങണം. തീര്‍ന്നില്ല, അസംസ്കൃതവസ്തു വാങ്ങിയ ഇനത്തില്‍ കൊച്ചി റിഫൈനറിക്ക് കൊടുക്കാനുള്ള നൂറ് കോടിയോളം നല്‍കുകയുംവേണം. എങ്കിലേ ഭാവിയില്‍ പ്രതീക്ഷയുള്ളൂ. ഇതിനൊക്കെ കേന്ദ്ര ബജറ്റില്‍ എന്തെങ്കിലും നീക്കിവെക്കണം. സാധാരണ ഗതിയില്‍ ദൈനംദിന പ്രവര്‍ത്തനത്തിന് എന്നപേരില്‍ കുറഞ്ഞ തുക വകയിരുത്താറുണ്ട്. കടംവീട്ടാന്‍പോലും അത് തികയില്ല. എന്നിട്ടല്ളേ പുതിയ യൂനിറ്റിനെക്കുറിച്ച് ചിന്തിക്കാനാവൂ. എന്തായാലും കാര്യമായ പ്രതീക്ഷയിലാണ് എച്ച്.ഒ.സി.എല്ലും. മുഖ്യമന്ത്രിയും ഇടപെട്ട സ്ഥിതിക്ക് എന്തെങ്കിലും കിട്ടാതിരിക്കില്ല.
നല്ലസമയം തേടി എച്ച്.എം.ടി
ഒരുകാലത്ത് എവിടെ ഫാക്ടറി തുടങ്ങണമെങ്കിലും നിര്‍മാണ യൂനിറ്റുകള്‍ തുടങ്ങണമെങ്കിലും കേരളത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റ് ആരംഭിച്ച പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് എന്ന എച്ച്.എം.ടി കനിയണമായിരുന്നു. ഇവിടെനിന്നുള്ള ലെയ്ത്തും യന്ത്രോപകരണങ്ങളുമൊക്കെയുണ്ടെങ്കിലേ അത്തരം യൂനിറ്റുകള്‍ തുടങ്ങാനാകുമായിരുന്നുള്ളൂ. ഇന്നും നാട്ടിലെമ്പാടും ഇത്തരം യൂനിറ്റുകള്‍ തുടങ്ങുന്നുണ്ട്. പക്ഷേ, ഒന്നും എച്ച്.എം.ടി അറിയുന്നില്ളെന്ന് മാത്രം. കാരണം യന്ത്രഭാഗ നിര്‍മാണത്തില്‍ ഇപ്പോള്‍ എച്ച്.എം.ടിക്ക് മേല്‍കൈയില്ല. വ്യവസായങ്ങള്‍ സാങ്കേതിക രാഗത്ത് അതിവേഗം മുന്നേറിയപ്പോള്‍ അതിനൊപ്പം ഗതിവേഗം കൈവരിക്കാന്‍ എച്ച്.എം.ടിക്കായില്ല. ഉല്‍പന്നങ്ങളുടെ ആധുനികവത്കരണവും വൈവിധ്യവത്കരണവുമുണ്ടെങ്കിലേ രക്ഷപ്പെടാനാകൂ. അതിന് കമ്പനി വികസിക്കണം. അഞ്ഞൂറേക്കോളം സ്ഥലം കൈയിലുണ്ട്. പക്ഷേ, വികസനത്തിന് വന്‍തോതില്‍ മൂലധനം വേണം. കേന്ദ്രംതന്നെ കനിയണം.
പ്രതിരോധമേഖലയില്‍ നിന്നുള്ള നിര്‍മാണ ഓര്‍ഡറുകള്‍ ലഭിച്ചാല്‍ കമ്പനി രക്ഷപ്പെടും. അതിന് കേന്ദ്രം നയപരമായ തീരുമാനമെടുക്കുകയും വേണം. എല്ലാത്തിനുമായി കാത്തിരിക്കുകയാണ് എച്ച്.എം.ടി. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ യൂനിറ്റുകളെല്ലാം അടച്ചുപൂട്ടലിന്‍െറ വക്കില്‍ നില്‍ക്കുമ്പോള്‍ അതിജീവന ശേഷി പ്രകടിപ്പിക്കുന്നത് കൊച്ചി യൂനിറ്റ് മാത്രം. അതുകൊണ്ടുതന്നെ കേന്ദ്രം കനിവോടെ കാണുമെന്ന പ്രതീക്ഷയിലാണ് ഈ യൂനിറ്റും തൊഴിലാളികളും.
പ്രതീക്ഷ കടലെടുക്കാതെ കപ്പല്‍ശാല
എറണാകുളം എം.ജി റോഡില്‍ കൊച്ചി കപ്പല്‍ശാലക്ക് മുന്നില്‍കൂടി കടന്നുപോകുന്നവര്‍ സ്ഥിരമായി കാണുന്ന ഒരു കാഴ്ചയുണ്ട്; സമരപ്പന്തലുംകെട്ടി കാത്തിരിക്കുന്ന തൊഴിലാളികള്‍. തൊഴിലുതേടിയല്ല, ശമ്പള വര്‍ധനയുമല്ല ആവശ്യം. കപ്പല്‍ശാലയെ രക്ഷിക്കണം. ദോഷം പറയരുതല്ളോ; ‘കേന്ദ്രം ഈയിടെ ഒരു തീരുമാനമെടുത്തു; കപ്പല്‍ശാലയുടെ പത്ത് ശതമാനം ഓഹരിവില്‍ക്കാന്‍. ഓഹരിവില്‍ക്കാതെ തന്നെ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇന്ത്യന്‍ നാവിക സേനയുടെ നിര്‍മാണ ഓര്‍ഡറുകള്‍ ലഭിച്ചാല്‍തന്നെ പ്രതിസന്ധി തീരും.
രാജ്യത്ത് ആദ്യമായി സ്വന്തം രൂപകല്‍പനയും സ്വന്തം സാങ്കേതികവിദ്യയും ഉപയോഗിച്ച് കൊണ്ടുള്ള വിമാന വാഹനിയുടെ നിര്‍മാണമാണ് കപ്പല്‍ശാലയില്‍ പുരോഗമിക്കുന്നത്. കേന്ദ്ര പ്രതിരോധമന്ത്രി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് അഭിമാനത്തോടെ ഇക്കാര്യം പറയുകയും അഭിനന്ദിക്കുകയും ചെയ്തു. പക്ഷേ, അഭിനന്ദനംകൊണ്ടുമാത്രം കാര്യമില്ലല്ളോ.
വിമാന വാഹിനി കപ്പലിന്‍െറ നിര്‍മാണം ഇപ്പോള്‍ തീരും. അടുത്തതിന്‍െറ ഓര്‍ഡര്‍ കിട്ടണം. നാവികസേനക്കും തീരരക്ഷാ സേനക്കും ആവശ്യമായ കപ്പലുകളുടെ നിര്‍മാണ ഓര്‍ഡര്‍ ലഭിച്ചാല്‍തന്നെ കപ്പല്‍ശാല രക്ഷപ്പെടും. അതിന് കേന്ദ്രം നയപരമായ തീരുമാനമെടുക്കണം. പ്രകൃതിവാതകം കൊണ്ടുപോകുന്നതിനുള്ള ഒരു ടാങ്കര്‍ഷിപ്പ് നിര്‍മിക്കാനുള്ള ഓര്‍ഡര്‍ ഗെയിലില്‍നിന്ന് കപ്പല്‍ശാല പ്രതീക്ഷിക്കുന്നുണ്ട്. അതിന് കേന്ദ്രം സമ്മര്‍ദംചെലുത്തുകയും വേണം.
നിര്‍മാണം പോലെതന്നെ ലാഭകരമാണ് അറ്റകുറ്റപ്പണിയും; വാഹനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, കപ്പലിന്‍െറ കാര്യത്തിലും ഇത് ശരിയാണ്. കപ്പല്‍ നിര്‍മാണ ശാലക്ക് രക്ഷപ്പെടാനുള്ള വഴികളിലൊന്ന് കപ്പല്‍ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം വര്‍ധിപ്പിക്കുക എന്നതാണ്.
അതിന് പുതിയൊരു ഡ്രൈഡോക്കിന്‍െറ കൂടി ആവശ്യമുണ്ട്. സാമ്പത്തികമായി കേന്ദ്രം കനിയണം. കപ്പല്‍ശാലക്കും സാധാരണഗതിയില്‍ നീക്കിവെക്കാറുണ്ട്, ഭരണനിര്‍വഹണത്തിനുള്ള ചില്ലറ തുക മാത്രം. അതില്‍നിന്നുള്ള മാറ്റത്തിനാണ് കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.