എന്താ സിമന്‍റിന്‍െറ വില!
text_fieldsസംസ്ഥാനത്ത് നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്. സിമന്‍റ് വില അനുദിനം കുതിച്ചുയരുന്നതും വിലയിലെ അനിശ്ചിതത്വവുമാണ് കാരണം. വിലയിലെ അനിശ്ചിതത്വം കാരണം പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കെട്ടിട നിര്‍മാതാക്കള്‍ മടിക്കുകയാണ്. വീടുകളുടെയും മറ്റും നിര്‍മാണ കരാര്‍ ഏറ്റെടുത്ത് നടത്തുന്നവരും പ്രതിസന്ധിയിലായി. നിലവിലെ സിമന്‍റ് വില അനുസരിച്ച് കരാര്‍ ഏറ്റെടുത്താല്‍, കരാറുകാരന്‍ ആറുമാസംകൊണ്ട് കുത്തുപാളയെടുക്കുമെന്നതാണ് സ്ഥിതിയെന്ന് ഇവര്‍ പറയുന്നു.
ദക്ഷിണേന്ത്യയിലെ
ഏറ്റവും ഉയര്‍ന്ന വില
നിലവില്‍ സിമന്‍റിന് ഏറ്റവും ഉയര്‍ന്ന വില നല്‍കേണ്ടിവരുന്ന സംസ്ഥാനം കേരളമാണ്. തൊട്ടടുത്ത സംസ്ഥാനങ്ങളെക്കാള്‍ ഇരട്ടിയാണ് കേരളത്തിലെ വില. കേരളത്തില്‍ 50 കിലോ സിമന്‍റ് പാക്കറ്റിന് മിക്ക കമ്പനികളും ഈടാക്കുന്നത് 410 മുതല്‍ 430 രൂപവരെയാണ്. 2014ല്‍ 255 രൂപയുണ്ടായിരുന്ന സ്ഥാനത്തുനിന്നാണ് ഈ കുതിച്ചുകയറ്റം.
രണ്ടുമൂന്ന് വര്‍ഷം മുമ്പ് തമിഴ്നാട്ടില്‍ കമ്പനികള്‍ കുത്തനെ വില വര്‍ധിപ്പിച്ചതോടെ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ‘അമ്മ സിമന്‍റ്’ പദ്ധതി നടപ്പാക്കി. 50 കിലോ പാക്കിന് 190 രൂപയായി വില നിശ്ചയിക്കുകയും ചെയ്തു. ഈ സിമന്‍റ് കരിഞ്ചന്തയില്‍ പോകാതിരിക്കാനും നടപടി സ്വീകരിച്ചു. ഇതനുസരിച്ച് ആയിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കുന്നവര്‍ക്ക് അക്കാര്യം തെളിയിക്കുന്ന രേഖ സമര്‍പ്പിച്ചാല്‍ 350 ബാഗും 2000 ചതുരശ്രയടിയുള്ള വീട് നിര്‍മിക്കുന്നവര്‍ക്ക്് 700 ബാഗും സിമന്‍റ് അനുവദിക്കും. കൂടാതെ, വീട് അറ്റകുറ്റപ്പണിക്ക്, പണിയുടെ വ്യാപ്തിയനുസരിച്ച് പത്ത് മുതല്‍ നൂറ് ബാഗ് സിമന്‍റുവരെയും അനുവദിക്കും. കേരളത്തില്‍ മണല്‍വാരല്‍ രൂക്ഷമായതിനെ തുടര്‍ന്ന് കെട്ടിട നിര്‍മാണ പെര്‍മിറ്റ് കാണിച്ചാല്‍ നിശ്ചിത ലോഡ് പുഴമണല്‍ അനുവദിക്കുന്നതിന് സമാന നിയന്ത്രണമാണ് ഇക്കാര്യത്തില്‍ ഏര്‍പ്പെടുത്തിയത്. മഹാരാഷ്ട്രയിലും കര്‍ണാടകയിലുമൊക്കെ ഇങ്ങനെ മിതവിലക്ക് സിമന്‍റ് ലഭ്യമാക്കുന്നുണ്ട്.
ഇപ്പോഴത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തോത് അനുസരിച്ച് മാസന്തോറും ആറു ലക്ഷം ടണ്‍ സിമന്‍റ് കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നതായാണ് കണക്ക്. ഏറ്റവുമധികം നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന ജില്ല എന്ന നിലക്ക് സംസ്ഥാനത്ത് വില്‍ക്കുന്ന സിമന്‍റിന്‍െറ മൂന്നിലൊന്നും എറണാകുളത്താണ് ചെലവാകുന്നത്. ഏതാണ്ട് ആറായിരം കോടി രൂപയുടെ സിമന്‍റാണ് കേരളത്തില്‍ വര്‍ഷന്തോറും വില്‍ക്കുന്നത്.
അറിയില്ല കാരണം
സിമന്‍റ് വില വര്‍ധനക്ക് കാരണമെന്തെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇപ്പോഴും വ്യക്തമായ ധാരണയൊന്നുമില്ല. അസംസ്കൃത വസ്തുക്കളുടെ ഇപ്പോഴത്തെ വില പരിശോധിച്ചാല്‍ ഒരു ബാഗ് സിമന്‍റ് ഉല്‍പാദിപ്പിക്കാന്‍ 165-170 രൂപയാണ് ചെലവ് വരിക. പിന്നെ, കടത്തുകൂലി, മൊത്ത വിതരണക്കാരുടെയും ചില്ലറ വിതരണക്കാരുടെയും ലാഭം എന്നിവകൂടി കണക്കിലെടുത്താലും പരമാവധി 325 രൂപക്ക് കമ്പനികള്‍ക്ക് നഷ്ടം വരാതെ വില്‍ക്കാമെന്നാണ് ഈ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്. പക്ഷേ, സിമന്‍റ് നിര്‍മാണ കമ്പനികളുടെ കൂട്ടായ്മ മാസന്തോറും നിരക്ക് പുതുക്കി നിശ്ചയിക്കുകയാണ്.
മുമ്പൊക്കെ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവുമധികം നടക്കുന്ന വേനല്‍ക്കാലത്ത് വില വര്‍ധിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുറയുന്ന മഴക്കാലമാകുമ്പോള്‍ വില കുറയുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ വര്‍ധിക്കുന്ന വില പിന്നീട് കുറയാറില്ല. സിമന്‍റ് കമ്പനികള്‍ കാരണമില്ലാതെ വില വര്‍ധിപ്പിക്കല്‍ പതിവാക്കിയതിനെ തുടര്‍ന്ന് ബില്‍ഡര്‍മാര്‍ കോമ്പറ്റീഷന്‍ കമീഷന്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
ധര്‍മസങ്കടത്തിലായത്
ഫ്ളാറ്റ് നിര്‍മാതാക്കള്‍
അടിക്കടിയുള്ള സിമന്‍റ് വിലക്കയറ്റം സംസ്ഥാനത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികളെയും പ്രതിസന്ധിയിലാക്കി. ഫ്ളാറ്റ്/വില്ല പ്രോജക്ട് പ്രഖ്യാപിച്ച്, വിലയും നിശ്ചയിച്ച് ബുക്കുചെയ്യുന്നവരില്‍നിന്ന് മുന്‍കൂര്‍ തുകയും വാങ്ങിയാണ് പലരും നിര്‍മാണം ആരംഭിക്കുക. എന്നാല്‍, പാതിവഴിയിലത്തെുമ്പോഴേക്കും സിമന്‍റ് വില വര്‍ധിച്ചിരിക്കും. മൊത്തം നിര്‍മാണ ചെലവിന്‍െറ 20 ശതമാനമാണ് സിമന്‍റിന് വേണ്ടിവരിക. അതുകൊണ്ടുതന്നെ, സിമന്‍റ് വിലയിലുണ്ടാകുന്ന ഓരോ ചലനവും നിര്‍മാണമേഖലയെ പ്രതിസന്ധിയിലാക്കും. വന്‍കിട നിര്‍മാതാക്കള്‍ പലരും സിമന്‍റ് നിര്‍മാണ കമ്പനികളുമായി നേരിട്ട് കരാര്‍ ഉറപ്പിച്ച് മൊത്തമായി സിമന്‍റ് എടുക്കാറുണ്ട്. അതുകൊണ്ട് ഇടക്കിടെയുള്ള വിലക്കയറ്റം അവരെ ബാധിക്കില്ല. എന്നാല്‍, ഇടത്തരം, ചെറുകിട നിര്‍മാതാക്കള്‍ക്ക് മാര്‍ക്കറ്റ് വില നല്‍കിത്തന്നെ സിമന്‍റ് വാങ്ങേണ്ടിവരും. വില വര്‍ധിക്കുന്നതോടെ പ്രതിസന്ധിയിലായി ഇവരുടെ നിര്‍മാണം നിലച്ചുപോവുന്നതും പതിവാണ്. കേരളത്തില്‍ അടുത്തിടെ ചെറുകിട, ഇടത്തരം നിര്‍മാണ കമ്പനികള്‍ പലതും പ്രവര്‍ത്തനം നിര്‍ത്താനിടയാക്കിയതും അടിക്കടിയുള്ള സിമന്‍റ് വില വര്‍ധന കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.