വീസ നിയന്ത്രണത്തിനെതിരെ ആമസോൺ, ഗൂഗ്ൾ ഉൾപ്പെടെ ആഗോള കമ്പനികൾ
text_fieldsവാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിെൻറ പുതിയ വിസ നിയന്ത്രണ നടപടികൾക്കെതിരെ ആഗോള കമ്പനികൾ. ആമസോൺ, ഉബർ, ഗൂഗ്ൾ, ട്വിറ്റർ എന്നിവരാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നടപടികൾക്കെതിരെ രംഗത്തെത്തിയത്. 'അവിശ്വസനീയമായ മോശം നയം' എന്ന് വിശേഷിപ്പിച്ച നടപടി അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ അടിത്തറ ഇളക്കുമെന്നും ആഗോള ഭീമൻമാർ കൂട്ടിച്ചേർത്തു.
പുതിയ കുടിയേറ്റക്കാര്‍ക്ക് 'ഗ്രീന്‍ കാര്‍ഡുകള്‍' നല്‍കുന്നത് ഡിസംബർ 31 വരെ മരവിപ്പിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതികരണം. എച്ച് -വൺ ബി, എച്ച് -4 എച്ച് വൺ ബി വീസകളും നിർത്തിവെക്കും. ഇതുവഴി മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവരെ വിവിധ ഉദ്യോഗങ്ങളില്‍ നിയമിക്കുന്നതിന് കടുത്ത നിയന്ത്രണമാണ് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നത്.
'അമേരിക്കൻ സാമ്പദ്വ്യവസ്ഥക്ക് കരുത്തുപകരാൻ കുടിയേറ്റം വളരെയധികം സഹായിച്ചു. അമേരിക്കയെ സാങ്കേതിക വിദ്യയിൽ ആഗോളതലത്തിൽ ഉയർത്താനും കുടിയേറ്റം ഉപകരിച്ചു. കൂടാതെ ഗൂഗ്ൾ കമ്പനിയെ ഇന്നത്തെ നിലയിലെത്തിക്കാനും' -ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചെ ട്വീറ്റ് ചെയ്തു. ഇന്നത്തെ വിളംബരം വളരെയധികം നിരാശപ്പെടുത്തുന്നു. കുടിേയറ്റ തൊഴിലാളികൾക്കൊപ്പം നിൽക്കുന്നത് ഇനിയും തുടരും, എല്ലാവർക്കും അവസരം ലഭിക്കുന്നതിനായി വിപുലീകരണം നടത്തും -പിച്ചെ പറഞ്ഞു.
കുടിയേറ്റ തൊഴിലാളികളെ രാജ്യത്തേക്ക് കടക്കുന്നത് തടയുന്ന തീരുമാനം അമേരിക്കൻ സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയാകുമെന്നായിരുന്നു ആമസോൺ വക്താവിെൻറ പ്രതികരണം. അമേരിക്കയെ ആഗോള മത്സരരംഗത്ത് പ്രതിസന്ധിയിലാക്കുകയും ചെയ്യും. പ്രഗത്ഭരായവർക്ക് നൽകുന്ന വിസയുടെ മൂല്യം വ്യക്തമാണെന്നും ആമസോൺ വക്താവ് ബിസിനസ് ഇൻസൈഡറിനോട് പറഞ്ഞു.
നിലവിൽ യു.എസില്‍ ജോലിചെയ്യുന്ന വിദേശികളെ ഇത് ബാധിക്കില്ലെങ്കിലും ഇന്ത്യയിൽ നിന്നുള്ള ഐ.ടി തൊഴിൽ അന്വേഷകർക്ക് കടുത്ത തിരിച്ചടിയാണ് ട്രംപിന്‍റെ തീരുമാനം. എച്ച് -1 ബി വീസ സമ്പ്രദായം പരിഷ്‌കരിക്കാനും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തിനും ട്രംപ് നിര്‍ദേശം നല്‍കിയതിന്‍റെ തുടർച്ചയാണ് തൊഴില്‍ വിസകള്‍ ഈ വര്‍ഷാവസാനം വരെ നിർത്തിവെക്കാനുള്ള ഉത്തരവ്. അമേരിക്കൻ തൊഴിലാളികെള ഒഴിവാക്കി പകരം വിദേശികളെ ഉപയോഗിക്കുന്നത് തടയാൻ പുതിയ നയത്തിലൂടെ സാധിക്കും. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് ട്രംപ് ഭരണകൂടത്തിൻറെ പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.