അമേരിക്കയിൽ നിന്ന് പത്ത്ലക്ഷം ബാരൽ എണ്ണ കൊച്ചിയിലെത്തി
text_fieldsകൊച്ചി: ഇതാദ്യമായി അമേരിക്കയിൽനിന്ന് പത്ത്ലക്ഷം ബാരൽ അസംസ്കൃത എണ്ണ കൊച്ചിയിലെത്തി. 70,000 മെട്രിക് ടൺ വീതം രണ്ടിനം അസംസ്കൃത എണ്ണയാണ് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന് (ബി.പി.സി.എൽ) വേണ്ടി ഇറക്കുമതി ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനവേളയിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലുള്ള ഇറക്കുമതിയുടെ ഭാഗമായാണ് കൊച്ചിയിലും എണ്ണയെത്തിയത്.
1975ൽ അമേരിക്ക എണ്ണ കയറ്റുമതി നിർത്തിവെച്ചശേഷം അവിടെനിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിയിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ ധാരണയെത്തുടർന്ന് ഇന്ത്യൻ ഒായിൽ കോർപറേഷനും (െഎ.ഒ.സി) ബി.പി.സി.എല്ലും ചേർന്ന് 20 ലക്ഷം ബാരൽ എണ്ണക്ക് ഒാർഡർ നൽകുകയായിരുന്നു. െഎ.ഒ.സിക്കുള്ളത് കഴിഞ്ഞ തിങ്കളാഴ്ച ഒഡിഷയിലെ പാരദ്വീപ് തുറമുഖത്തെത്തി.
കൊച്ചി തുറമുഖത്തുനിന്ന് 25 കി.മീ അകലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന സിംഗിൾ പോയൻറ് മൂറിങ് സംവിധാനത്തിലേക്കാണ് ബി.പി.സി.എല്ലിനുള്ള എണ്ണ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഒാടെ എത്തിച്ചത്. ഇവിടെനിന്ന് പുതുവൈപ്പിലെ സംഭരണിയിലേക്ക് പമ്പ് ചെയ്യും. ഇതിന് 24 മണിക്കൂർ സമയമെടുക്കും. ഇവിടെനിന്ന് പിന്നീട് ആവശ്യാനുസരണം അമ്പലമുകളിലെ എണ്ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുക.
അമേരിക്കയിൽനിന്നുള്ള എണ്ണ അധിക ചെലവുകളൊന്നുമില്ലാതെ സംസ്കരിക്കാനാകുമെന്ന് റിഫൈനറീസ് അധികൃതർ അറിയിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയം അമേരിക്കയിൽനിന്ന് പത്ത് ലക്ഷം ബാരൽ അസംസ്കൃത എണ്ണക്ക് ഒാർഡർ നൽകിയിട്ടുണ്ട്. മൂന്ന് കമ്പനികളും കൂടി 7.85 ദശലക്ഷം എണ്ണ ഇറക്കുമതി ചെയ്യാനാണ് അമേരിക്കയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. ഇവയുടെ ഇറക്കുമതി മാർച്ചോടെ പൂർത്തിയാകും.
2016-17ൽ ഇന്ത്യ മറ്റ് രാജ്യങ്ങളിൽനിന്ന് 214 ദശലക്ഷം ടൺ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തിരുന്നു. തൊട്ട് മുൻവർഷത്തേക്കാൾ 5.4 ശതമാനം കൂടുതലാണ് ഇത്. ഇറക്കുമതി ഒാരോ വർഷവും വർധിച്ചുവരുന്ന സാഹചര്യത്തിൽ ബി.പി.സി.എല്ലും െഎ.ഒ.സിയും ഹിന്ദുസ്ഥാൻ പെട്രോളിയവും സംയുക്തമായി മഹാരാഷ്ട്രയിൽ 60 ദശലക്ഷം ടൺ ശേഷിയുള്ള റിഫൈനറി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.