വായ്പ തട്ടിപ്പ്: വ്യാപ്തി 20,000 കോടി കവിയും
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് അന്വേഷണം വിപുലമാക്കുന്നു. ഇതിെൻറ ഭാഗമായി പി.എൻ.ബിക്ക് പുറമെ നീരവ് മോദി, അമ്മാവൻ മെഹുൽ ചോക്സി എന്നിവർക്ക് വൻതുക വായ്പ നൽകിയ 16 ബാങ്കുകൾക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഇവരുടെ കൃത്യമായ കണക്കുകൾകൂടി വരുന്നതോടെ തട്ടിപ്പിെൻറ വ്യാപ്തി 20,000 കോടി കവിയുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഏതാനും വർഷത്തിനിടെ രണ്ടുപേർക്കും എത്ര രൂപയാണ് വായ്പ അനുവദിച്ചത്, ഇതിെൻറ രീതി, വായ്പകളുടെ നിലവിലെ സ്ഥിതി തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾ നൽകാനാണ് നിർദേശം. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഡയറക്ടർ കർണൽ സിങ്ങാണ് ബാങ്കുകൾക്ക് കത്തയച്ചത്. 5,000 കോടി മുതൽ 10,000 കോടി വരെയാണ് പല ബാങ്കുകളും നൽകിയത്.
2017 മാർച്ച് 31 വരെ മെഹുൽ ചോക്സിയും അദ്ദേഹത്തിെൻറ സ്ഥാപനങ്ങളായ ഗീതാഞ്ജലി ജെംസ്, ഗിലി ഇന്ത്യ, നക്ഷത്ര ബ്രാൻഡ് എന്നിവയും ഏതാണ്ട് 3,000 കോടിയാണ് വായ്പയെടുത്തത്. 37 വായ്പകളിലൂടെയാണിത്. അതേസമയം, നീരവ് മോദിയുടെയും സ്ഥാപനങ്ങളുടെയും നിലവിലെ വായ്പ തുക 3,000 കോടിയാണ്. സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ (194 കോടി), ദേന ബാങ്ക് (153.25 കോടി), വിജയ ബാങ്ക് (150.15 കോടി), ബാങ്ക് ഒാഫ് ഇന്ത്യ (127 കോടി), സിൻഡിക്കേറ്റ് ബാങ്ക് (125 കോടി), ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സ് (120 കോടി), യൂനിയൻ ബാങ്ക് (110 കോടി), െഎ.ഡി.ബി.െഎ ബാങ്ക് (100 കോടി), അലഹബാദ് ബാങ്ക് (100 കോടി) എന്നിവ ഉൾപ്പെടെ 17 ബാങ്കുകളിലാണ് നീരവ് മോദി വായ്പ തിരിച്ചടക്കാനുള്ളത്. ഇതിനുപുറമെ, പഞ്ചാബ് നാഷനൽ ബാങ്ക് മാത്രം മോദിക്കും ചോക്സിക്കും 1,700 കോടി നൽകിയിട്ടുണ്ട്. ഇതും കിട്ടാക്കടമാണ്. പഞ്ചാബ് നാഷനൽ ബാങ്കിെൻറ 2011 മുതലുള്ള ഒാഡിറ്റ് റിപ്പോർട്ട് നൽകാൻ റിസർവ് ബാങ്കിനോട് ഇ.ഡി ആവശ്യപ്പെട്ടു. കേസിൽ ഇതുവെര 6,393 കോടിയുടെ സ്വത്താണ് ഇ.ഡി കണ്ടുകെട്ടിയത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവിെൻറയും ചോക്സിയുടെയും സ്ഥാപനങ്ങളായ ഡയമണ്ട്സ് ആർ.യു.എസ്, സോളാർ എക്സ്പോർട്സ്, സ്റ്റെല്ലർ ഡയമണ്ട്സ് എന്നിവക്കെതിരെയും അന്വേഷണം പുരോഗമിക്കുന്നു. മേൽപറഞ്ഞ കണക്കിൽപെടാെത ഇൗ സ്ഥാപനങ്ങളും വൻതുക വായ്പയെടുത്തു. കുറഞ്ഞ വരുമാനമുള്ള ഇൗ സ്ഥാപനങ്ങൾക്ക് പരിധിക്കപ്പുറമാണ് വായ്പ അനുവദിച്ചത്. ഇതുവരെ പുറത്തുവരാത്ത വായ്പ വിവരങ്ങൾ ഇനിയുമുണ്ട്.
അതിനിടെ, നീരവ് മോദി, ഭാര്യ ആമി, മെഹുൽ ചോക്സി എന്നിവർക്ക് തിങ്കളാഴ്ച മുംബൈ മേഖല ഒാഫിസിൽ ഹാജരാകാൻ ഇ.ഡി നോട്ടീസ് അയച്ചു. ഹാജരായില്ലെങ്കിൽ ഇതിെൻറ അടിസ്ഥാനത്തിൽ ജാമ്യമില്ല വാറൻറ് പുറപ്പെടുവിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.