ബാങ്കുകൾക്ക് വിവരം ‘മറച്ചുവെക്കാം’
text_fieldsതൃശൂർ: അതീവ പ്രാധാന്യമുള്ള റിപ്പോർട്ടുകൾ ബാങ്കുകൾക്ക് ഇനി ജനങ്ങളിൽനിന്ന് ‘മറച്ചുവെക്കാം’. ബാങ്കുകളുടെ പരിശോധന റിപ്പോർട്ട്, അപകട നിർണയ റിപ്പോർട്ട്, വാർഷിക സാമ്പത്തിക പരിശോധന റിപ്പോർട്ട് തുടങ്ങിയവ വിവരാവകാശ നിയമപ്രകാരം നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി റിസർവ് ബാങ്കിന് നിർദേശം നൽകി. പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള ബാങ്കുകൾക്ക് ഇത് ബാധകമാണ്.
വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരുന്ന എല്ലാ വിവരങ്ങളും പൊതുജനത്തിന് നൽകണമെന്ന് 2015ൽ സുപ്രീംകോടതിതന്നെ പുറപ്പെടുവിച്ച ഉത്തരവാണ് പുതിയ ഉത്തരവിലൂടെ അപ്രസക്തമാവുന്നത്. 2015ലെ ഉത്തരവിനുശേഷം എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളിൽ വിവരാവകാശ അപേക്ഷകളുടെ പ്രവാഹമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ബാങ്കിങ് മേഖലയിൽ ഉണ്ടായ നിർണായക മാറ്റങ്ങളും ജനത്തിെൻറ അന്വേഷണം വർധിക്കാൻ ഇടയാക്കി.
മാത്രമല്ല, ബാങ്കിങ് മേഖലയിൽനിന്ന് ജനത്തെ ബാധിക്കുന്ന പല സുപ്രധാന വിവരങ്ങളും പുറത്തുവന്നത് വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണങ്ങളിലൂടെയാണ്.
എസ്.ബി.ഐക്ക് പുറമെ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്കുകൾ മുൻ ഉത്തരവ് മയപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അപേക്ഷകർ ആവശ്യപ്പെടുന്ന വിവരങ്ങളിൽ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകാതെ റിപ്പോർട്ട് നൽകാൻ നിർദേശിക്കരുത് എന്നായിരുന്നു ബാങ്കുകളുടെ വാദം.
ഇത് അംഗീകരിച്ചാണ്, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇത്തരം റിപ്പോർട്ടുകൾ ബാങ്കുകൾ നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.2015ലെ ഉത്തരവിനെ റിസർവ് ബാങ്കും ചോദ്യം ചെയ്തിരുന്നു. ഇതിൽ വിശ്വാസ്യതയുടെ പ്രശ്നമുണ്ടെന്നും റിപ്പോർട്ടുകളിലെ വിവരങ്ങൾ വൈകാരികമായി വ്യാഖ്യാനിക്കുന്നതിലൂടെ ബാങ്കിങ് സംവിധാനത്തിൽ ജനത്തിനുള്ള വിശ്വാസം നഷ്ടപ്പെടുമെന്നുമായിരുന്നു റിസർവ് ബാങ്കിെൻറ വാദം. ഈ വാദങ്ങളാണ് പുതിയ ഉത്തരവിലൂടെ സുപ്രീംകോടതി മുഖവിലയ്ക്കെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.