കരാർ തൊഴിലാളികൾക്ക് ബി.എസ്.എൻ.എല്ലിന്റെ ‘പിറന്നാൾ ഷോക്ക്’
text_fieldsതൃശൂർ: എട്ട് മാസമായി വേതനം കിട്ടാത്ത കരാർ തൊഴിലാളികൾക്ക് ബി.എസ്.എൻ.എല്ലിെൻറ ‘പിറന്നാൾ ഷോക്ക്’. 19 വർഷം പൂർത്തിയാക്കിയ കമ്പനി തിങ്കളാഴ്ച ഇറക്കിയ ഉത്തരവിലൂടെ കരാർ തൊഴിലാളികളുടെ പ്രായപരിധി 55 ആയി കുറച്ചു. നിലവിൽ 60 ആണ്.
മാത്രമല്ല, കരാർ തൊഴിലാളികൾക്ക് പ്രതിമാസ തൊഴിൽ ദിനം പരമാവധി 15 ആയും ക്ലീനിങ്, സ്വീപ്പിങ് തൊഴിലാളികൾക്ക് പ്രതിദിനം മൂന്ന് മണിക്കൂറായും നിജപ്പെടുത്തി. പുതിയ ഉത്തരവിെൻറ പശ്ചാത്തലത്തിൽ കേരളത്തിലടക്കം ഒട്ടേറെ കരാർ തൊഴിലാളികൾ കൂട്ടത്തോടെ ഒഴിവാക്കപ്പെടും. ചെലവ് ചുരുക്കലിെൻറ ഭാഗമാണ് നിയന്ത്രണമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
കാവൽ ജോലിക്കാരെ അടിയന്തരമായി ഒഴിവാക്കണമെന്നാണ് മറ്റൊരു നിർദേശം. ഇതിന് പകരം ബി.എസ്.എൻ.എൽ ജീവനക്കാർതന്നെ കാവൽ ജോലി ചെയ്യണം. ‘ജോലിയില്ലെങ്കിൽ കൂലിയില്ല’ എന്ന നയം കർശനമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പുറംകരാർ പ്രവൃത്തികളിലൂടെയുള്ള ചെലവ് 50 ശതമാനം കുറക്കാൻ കൈക്കൊണ്ട നടപടികളെക്കുറിച്ച് സർക്കിളുകളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.ചെലവ് 50 ശതമാനം കുറക്കാനുള്ള ‘റോഡ്മാപ്’ നിർദേശിക്കുന്ന സർക്കിളുകൾക്ക് ലഭ്യതക്കനുസരിച്ച് ഒരു മാസത്തെ പ്രവർത്തന ഫണ്ട് അനുവദിക്കും.
ഈ ഉത്തരവ് സി.എം.ഡിയുടെ അംഗീകാരപ്രകാരമാണെന്നും കരാർ തൊഴിലാളികളെ സംബന്ധിച്ചും മറ്റും ഇതുവരെ ഇറക്കിയ മറ്റെല്ലാ ഉത്തരവുകളും ഇതോടെ റദ്ദാവുമെന്നും ജനറൽ മാനേജർ കേശവ റാവു വ്യക്തമാക്കി.
അതേസമയം, ശമ്പള വിതരണം മുടങ്ങിയത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് ജീവനക്കാരുടെയും എക്സിക്യുട്ടീവുകളുടെ ആറ് സംഘടനകൾ സംയുക്തമായി സ്ഥാപിത ദിനമായ ചൊവ്വാഴ്ച ധർണ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.