ബി.എസ്.എൻ.എല്ലിൽ ഇനിയുള്ള നാൾ ജോലിക്കൊപ്പം സമരവും
text_fieldsതൃശൂർ: കടുത്ത പ്രതിസന്ധി നേരിടുന്ന ബി.എസ്.എൻ.എല്ലിൽ ജീവനക്കാർ ജോലിക്കൊപ്പം സമരത്തിലേക്ക്. കമ്പനിയിലെ ഏറ്റവും വലിയ സംഘടനയായ എംപ്ലോയീസ് യൂനിയൻ വിവിധ ആവശ്യങ്ങളുന്നയിച്ച് ഈമാസം ഏഴിന് ഉച്ചഭക്ഷണ സമയത്ത് ഗേറ്റ് മീറ്റിങ് നടത്തും. തുടർന്ന് പ്രക്ഷോഭ പരിപാടികളിലേക്ക് പ്രവേശിക്കും. അതേസമയം, ബി.എസ്.എൻ.എല്ലിെൻറ പ്രചാരം വർധിപ്പിക്കാൻ എംപ്ലോയീസ് യൂനിയൻ ഉൾപ്പെടെയുള്ള സംഘടനകളുടെ ഐക്യവേദിയായ ഓൾ യൂനിയൻസ് ആൻഡ് അസോസിയേഷൻസ് ഓഫ് ബി.എസ്.എൻ.എൽ ഈ മാസം 19 മുതൽ കേരളത്തിൽ തെരുവിലിറങ്ങും.
ബി.എസ്.എൻ.എല്ലിന് സാമ്പത്തിക സുസ്ഥിരത അനുവദിക്കുമെന്ന് 2000ൽ കമ്പനി രൂപവത്കരിക്കുേമ്പാൾ കേന്ദ്ര മന്ത്രിസഭ എടുത്ത തീരുമാനം നടപ്പാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു. അടിയന്തര ധനസഹായം, ലളിതമായ വ്യവസ്ഥയിൽ വായ്പ, വികസന പദ്ധതികൾക്കുള്ള മുതൽ മുടക്കിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കൽ, പിരിച്ചുവിടൽ ഒഴിവാക്കുക, സംഘടന സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.
മാനേജ്മെൻറുമായി ചേർന്ന് ‘ബി.എസ്.എൻ.എൽ നിങ്ങളുടെ വാതിൽപടിയിൽ’ എന്ന കാമ്പയിനാണ് സംഘടനകളുടെ ഐക്യവേദി ഈ മാസം 19 മുതൽ 29 വരെ കേരളത്തിൽ നടത്തുന്നത്. സ്ഥാപനങ്ങളും വീടുകളും കയറി സിം വിതരണം അടക്കം ബി.എസ്.എൻ.എല്ലിെൻറ പ്രചാരണവും പരാതി കേൾക്കലുമാണ് ലക്ഷ്യം. അതേസമയം, പരാതികൾ പരിഹരിക്കാൻ സാമഗ്രികളുടെയും മറ്റും കുറവ് സൃഷ്ടിക്കുന്ന തടസ്സം ഇതിന് വെല്ലുവിളിയാണ്.
അതിനിടക്ക്, കമ്പനിയിൽ ഈ വർഷം രണ്ടാം തവണ വീണ്ടും ശമ്പളം മുടങ്ങി. മാസത്തിൽ അവസാന പ്രവൃത്തി ദിനത്തിലാണ് ബി.എസ്.എൻ.എല്ലിൽ ശമ്പളവിതരണം. ജൂലൈയിലെ ശമ്പളം ബി.എസ്.എൻ.എല്ലിലെ 1.76 ലക്ഷം ജീവനക്കാർക്കും ഡൽഹി, മുംബൈ നഗരങ്ങളിൽ പ്രവർത്തിക്കുന്ന എം.ടി.എൻ.എല്ലിലെ 22,000 ജീവനക്കാർക്കും കൊടുത്തിട്ടില്ല. ബി.എസ്.എൻ.എല്ലിൽ ശമ്പളം നൽകാൻ 850 കോടിയോളം രൂപയും എം.ടി.എൻ.എല്ലിന് 160 കോടിയും വേണം. ഫണ്ടില്ല എന്നാണ് മാനേജ്മെൻറ് പറയുന്ന കാരണം. ഈമാസം അഞ്ചിനകം ശമ്പളം നൽകുമെന്ന് പറയുന്നുണ്ടെങ്കിലും അത് അഭ്യൂഹം മാത്രമാണെന്ന് എംപ്ലോയീസ് യൂനിയൻ വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യമായി ശമ്പള വിതരണം മുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.