ഏത് പ്രതിസന്ധിയെയും വിദ്യാഭ്യാസ മേഖല അതിജീവിക്കും
text_fieldsകണ്ണൂർ: സമയമെടുത്താലും ഈ പ്രതിസന്ധി വിദ്യാഭ്യാസ മേഖല അതിജീവിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് കണ്ണൂർ കൗസർ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ജി.ടെക് കമ്പ്യൂട്ടർ എജുക്കേഷൻ ഡയറക്ടർ സാബിർ അലി. ഇത്തരം സാഹചര്യങ്ങളെ അതിജീവിച്ച പാരമ്പര്യം കേരളത്തിന് ഉണ്ടെന്നതാണ് പ്രതീക്ഷക്ക് വകനൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ഭീഷണിയെ തുടർന്ന് മാർച്ച് 12 മുതൽ സ്ഥാപനം അടച്ചിട്ടതായിരുന്നു. പുതുതലമുറക്ക് ജോലിയോടുള്ള ആഭിമുഖ്യം വർധിച്ചത് ജി.ടെക് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്. തൊഴിലിനോടുള്ള വിദ്യാർഥികളുടെ ആഭിമുഖ്യം ഈ പ്രതിസന്ധി കഴിഞ്ഞാലും കെട്ടടങ്ങില്ല. അത്തരം സാഹചര്യത്തിൽ ജി.ടെക് പോലുള്ള വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് നല്ല സാധ്യത തന്നെയുണ്ടാകും.
17 വർഷം മുമ്പാണ് കണ്ണൂർ കൗസർ കോംപ്ലക്സിൽ ജി.ടെക് തുടങ്ങിയത്. തുടക്കത്തിൽ അമ്പതോളം കുട്ടികളാണ് ഉണ്ടായിരുന്നത്. ഇന്ന് ആയിരത്തോളം കുട്ടികൾ വിവിധ കോഴ്സുകളിലായി പഠിക്കുന്നുണ്ട്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കുട്ടികളുടെ എണ്ണം 1500ഓളം വർധിക്കാറുണ്ട്. ഇത്തവണത്തെ സ്ഥിതിയെക്കുറിച്ച് ഒന്നും പറയാനാവില്ലെങ്കിലും വിദ്യാഭ്യാസ രംഗം സജീവമാകുമെന്നു തന്നെയാണ് പ്രതീക്ഷ.
2019-20 വർഷം ജി.ടെകിനെ സംബന്ധിച്ച് നല്ല കാലഘട്ടമായിരുന്നു. അതിനാൽ പുതിയ വർഷത്തിലും നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യം തിരിച്ചടിയായി. കാലവർഷം സൃഷ്ടിക്കുന്ന ഭീഷണി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബാധിക്കാറില്ലെന്നും സാബിർ അലി പറഞ്ഞു.
ഏറിവന്നാൽ ഒരാഴ്ചയോളം മാത്രമാണ് കാലവർഷത്തെ തുടർന്ന് സ്ഥാപനം അടച്ചിടേണ്ടിവരുന്നത്. എന്നാൽ, കോവിഡ് ഭീഷണി അത്തരത്തിലുള്ളതല്ല. എത്രവരെ ഈ സാഹചര്യം തുടരേണ്ടി വരുമെന്നതിനെക്കുറിച്ച് അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ഇത് അതിജീവിക്കണം. അത് കഴിഞ്ഞാൽ പ്രശ്നമുണ്ടാവില്ല -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.