ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിക്കണം
text_fieldsകണ്ണൂര്‍: ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയാണ് ഇപ്പോഴത്തെ പ്രതിസന്ധി അതിജീവിക്കാന്‍ പ്രധാനമായും വേണ്ടതെന്ന് തളിപ്പറമ്പ് നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ ലാഗ്രോ ചോക്കലേറ്റിെൻറ മാനേജിങ് ഡയറക്ടര്‍ ഖാലിദ് പറമ്പത്ത്. കോവിഡ് പ്രതിസന്ധിക്ക് മുമ്പുതന്നെ ജനങ്ങളുടെ വാങ്ങല്‍ശേഷി കുറഞ്ഞത് ഉല്പാദന–വിതരണ മേഖലകളില്‍ പ്രതിസന്ധിക്കിടയാക്കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ലോക്ഡൗണോടെ പ്രതിസന്ധി മുറുകി. ഗള്‍ഫ് പ്രതിസന്ധിയും അവിടെ നിന്നുള്ള മലയാളികളുടെ തിരിച്ചുവരവും ജനങ്ങളുടെ സാമ്പത്തികശേഷിയെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്കാണ് ജനങ്ങള്‍ പ്രാമുഖ്യം നല്‍കുന്നത്. ഇപ്പോഴത്തെ അവസ്ഥ മാറിവരാന്‍ കുറച്ചു സമയമെടുക്കും. ഏകദേശം ഒരുവര്‍ഷം കൂടി ഈ സാഹചര്യം ത്യാഗപൂര്‍വം നേരിട്ടാല്‍ പഴയ കാലം തിരിച്ചുവരുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ഭീഷണി ഉണ്ടായിരുന്നെങ്കിലും സമ്പൂർണ ലോക്ഡൗണ്‍ അപ്രതീക്ഷിതമായിരുന്നു. അതോടെ, ഉല്പാദനം നടത്തിയ ചോക്കലേറ്റുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയായി. ഇവ വിതരണക്കാരില്‍ വേണ്ടവിധം എത്തിക്കാനായില്ല. നിലവില്‍ സ്റ്റോക്കുണ്ടായിരുന്ന വിതരണക്കാര്‍ക്ക് പൂര്‍ണമായും വില്ക്കാനുമായില്ല. ഭക്ഷണ ഉല്പന്നമായതിനാല് കാലാവധി കഴിഞ്ഞ ചോക്കലേറ്റുകള്‍ വില്പന നടത്താനാവില്ല. അതുകാരണം ഉല്പന്നം കെട്ടിക്കിടന്നത് സാമ്പത്തികമായി ഏറെ നഷ്ടത്തിന് കാരണമായി. മലയാളികളെ സംബന്ധിച്ച് പ്രതിസന്ധിയെന്നത് ആദ്യ അനുഭവമൊന്നുമല്ല.
പ്രളയം ഉള്‍പ്പെടെ അതൊക്കെ അതിജീവിച്ച ചരിത്രവും മലയാളിക്കുണ്ട്. ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിയും അതിജീവിക്കുകതന്നെ ചെയ്യും. വ്യാപാരികള്‍ക്കും ബിസിനസുകാര്‍ക്കും ഇപ്പോഴത്തെ സാഹചര്യം അനിശ്ചിതത്വം നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ സാധനങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്യാന്‍ കഴിയില്ല. നാളെ എന്താകുമെന്ന ചിന്തയാണ് അവര്‍ക്കുള്ളത്.
അനാവശ്യമായ ചെലവുകള്‍ കുറക്കുകയെന്ന ചിന്ത ജനങ്ങള്‍ക്ക് ഉണ്ടായി ത്തുടങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം ജനങ്ങളെ ബോധവാന്മാരാക്കിയിട്ടുണ്ട്. എന്നാല്‍, ഈ ബോധം എത്രകാലത്തേക്ക് എന്നു പറയാനാവില്ല. കുറച്ചു കാലംകൊണ്ട് മലയാളി പ്രതിസന്ധി അതിജീവിക്കുകയും മറക്കുകയും ചെയ്യുമെന്നും ഖാലിദ് പറമ്പത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.