അതിവേഗം സ്വകാര്യവൽക്കരണം; പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കാൻ അനുമതി
text_fieldsന്യൂഡൽഹി: ബി.പി.സി.എൽ ഉൾപ്പടെ അഞ്ച് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽക്കാൻ കാബിനറ്റ് കമ്മിറ്റി അനുമതി നൽകി. ധ നകാര്യ മന്ത്രി നിർമലാ സീതാരാമൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഭാരത് പെട്രോളിയം, ഷിപ്പിങ് കോർപ്പറേഷൻ, കണ്ടെയ്നർ കോർപ്പറേഷൻ, തെഹ്രി ഹൈഡ്രോ ഡെവലപ്മെൻറ് കോർപ്പറേഷൻ, നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ എന്നിവയുടെ ഓഹരി വിൽപനക്കാണ് അനുമതി.
ഭാരത് പെട്രോളിയത്തിൽ സർക്കാറിൻെറ 53.75 ശതമാനം ഓഹരികളും വിൽക്കാനാണ് തീരുമാനം. സ്ഥാപനത്തിൻെറ ഭരണവും കേന്ദ്രസർക്കാർ കൈയൊഴിയും. ഷിപ്പിങ് കോർപ്പറേഷനിലെ 53.75 ശതമാനം ഒാഹരികളാവും വിൽക്കുക. നിലവിൽ 63.75 ശതമാനമാണ് ഷിപ്പിങ് കോർപ്പറേഷനിലെ സർക്കാർ ഓഹരി. കണ്ടെയ്നർ കോർപ്പറേഷനിലെ 30.9 ശതമാനം ഓഹരികളും സർക്കാർ വിൽക്കും. കണ്ടൈനർ കോർപ്പറേഷനിൽ സർക്കാറിന് 54.80 ശതമാനം ഓഹരിയുണ്ട്. തെഹ്രി ഹൈഡ്രോ ഡെവ്ലപ്മെൻറ് കോർപ്പറേഷനിലെ 74 ശതമാനം ഓഹരിയും നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവറിലെ 100 ശതമാനം ഓഹരിയും സർക്കാർ വിൽക്കും.
ഇതിനൊപ്പം പല പൊതുമേഖല സ്ഥാപനങ്ങളിലേയും ഓഹരി പങ്കാളിത്തം കുറക്കാനും സർക്കാറിന് പദ്ധതിയുണ്ട്. ഐ.ഒ.സി, എൽ.ഐ.സി, ഒ.എൻ.ജി.സി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽക്കാനാണ് നീക്കം. ഇതിലൂടെ ഏകദേശം 33,000 കോടി സ്വരൂപിക്കും.
സ്പെക്ട്രം ലേലതുക അടക്കാൻ കുടിശ്ശിക വരുത്തിയ കമ്പനികൾക്ക് രണ്ട് വർഷത്തെ മൊറട്ടോറിയവും സർക്കാർ പ്രഖ്യാപിച്ചു. ഭാരതി എയർടെൽ, വോഡഫോൺ, ഐഡിയ, റിലയൻസ് ജിയോ തുടങ്ങിയ കമ്പനികൾക്കാണ് ആനുകൂല്യം ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.