ബഹിഷ്കരണാഹ്വാനം വ്യാപകം; വിപണിയിൽ പ്രകടമായില്ല
text_fieldsന്യൂഡൽഹി: അതിർത്തിയിലെ രക്തച്ചൊരിച്ചിലിെൻറ പശ്ചാത്തലത്തിൽ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം രാജ്യവ്യാപകമായി ഉയരുകയും ഇത്തരം സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ ട്രൻഡിങ് ആവുകയും ചെയ്യുന്നുണ്ടെങ്കിലും ഈ വികാരം വിപണിയിൽ കാര്യമായി പ്രതിഫലിക്കാൻ ഇടയില്ലെന്ന് വിദഗ്ധർ.
ഷവോമി, റിയൽമി, ഹയർ തുടങ്ങി ഇന്ത്യയിൽ സ്മാർട്ട്ഫോണുകളും ഗൃഹോപയോഗ ഉൽപന്നങ്ങളും വ്യാപകമായി വിപണിയിലെത്തിക്കുന്ന ചൈന കമ്പനികളെ ഈ ആഹ്വാനം ബാധിച്ചിട്ടില്ലെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് പശ്ചാത്തലത്തിൽ സ്മാർട്ട്ഫോണുകൾക്കും മറ്റും വൻ ഡിമാൻഡ് ഉയർന്നുനിൽക്കുന്ന ഇൗ സമയത്ത് ബഹിഷ്കരണാഹ്വാനം സ്വാധീനിച്ചിട്ടിെല്ലന്ന് പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയുടെ പ്രതിനിധി പ്രതികരിച്ചു.
അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ പടരുന്ന ബഹിഷ്കരണാഹ്വാനം പതിയെ വിപണിയെ സ്വാധീനിക്കാനിടയുണ്ടെന്നാണ് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസസ് മാനുഫാക്ചേഴ്സ് അസോസിയേഷൻ (സി.ഇ.എ.എം.എ) അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ വിപണിയിലും ഉൽപാദനരംഗത്തും ചൈനയുടെ സ്വാധീനം അവഗണിക്കാനാവാത്തതാണെന്നും എന്നിരുന്നാലും സ്വയംപര്യാപ്തത കൈവരിക്കാൻ കുറച്ചു വർഷങ്ങളായി പരിശ്രമിച്ചുവരുകയാണെന്നും ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐ.സി.ഇ.എ) ചെയർമാൻ പങ്കജ് മോഹിന്ദ്രൂ പറഞ്ഞു. അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപനയുള്ള സ്മാർട്ട്ഫോണുകളിൽ ആദ്യ അഞ്ചിലെ നാലു കമ്പനികളും ചൈനയിൽനിന്നുള്ളവയാണ്.
ഷവോമി, വിവോ, റിയൽമി, ഒാപോ എന്നീ നാലു ചൈന കമ്പനികളാണ് സ്മാർട്ട്ഫോൺ വിപണിയുടെ 76 ശതമാനവും കൈയടക്കിയിരിക്കുന്നത്. ആദ്യ അഞ്ചിൽ വരുന്ന, കൊറിയൻ കമ്പനി സാംസങ്ങിന് 15.6 ശതമാനമാണ് വിപണി വിഹിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.