കാഷ്ലെസ്സ് ഇക്കോണമി കട്ടപ്പുറത്ത് തന്നെ; നോട്ട് നിരോധനം പരാജയമെന്ന് കണക്കുകൾ
text_fieldsന്യൂഡൽഹി: 2016 നവംബറിലെ നോട്ട് നിരോധനം പരാജയമെന്ന് തെളിയിച്ച് കണക്കുകൾ. നോട്ട് നിരോധനത്തിൻെറ പ്രധാന ല ക്ഷ്യങ്ങളിലൊന്നായ പണരഹിത സമ്പദ്വ്യവസ്ഥ പരാജയപ്പെട്ടുവെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്ത് വന്നത് .
2019 മാർച്ച് 15ലെ കണക്കുകൾ പ്രകാരം ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ 21.47 ലക്ഷം കോടി രൂപയുടെ കറൻസിയാണ് നിലവിലുള്ളത്. നോട്ട് നിരോധനത്തിന് മുമ്പ് ഇത് 17.97 ലക്ഷം കോടി രൂപ മാത്രമായിരുന്നു. നോട്ട് നിരോധനത്തിന് ശേഷവും സമ്പദ്വ്യവസ്ഥയിൽ വിനിമയത്തിലുള്ള കറൻസിയുടെ അളവ് കുറക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെന്ന നോട്ട് നിരോധനത്തിൻെറ ലക്ഷ്യം പൂർണമായും പരാജയപ്പെട്ടുവെന്നത് ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്ന കണക്കുകൾ.
എന്നാൽ, തെരഞ്ഞെടുപ്പ് കാലത്ത് പൊതുവിൽ കറൻസിയുടെ ഉപയോഗം വർധിക്കാറുണ്ടെന്നാണ് ബാങ്കുകൾ വ്യക്തമാക്കുന്നത്. ഉൽസവകാല സീസണിലും കറൻസി ഉപയോഗം വർധിക്കുമെന്നും ഇവർ വ്യക്തമാക്കുന്നു. അതേസമയം, രാജ്യത്തെ എ.ടി.എം കൗണ്ടറുകൾ വഴിയുള്ള ഇടപാടുകളും വർധിക്കുകയാണ്. 2016 നവംബറിൽ പിൻവലിച്ച കറൻസികളിൽ ഭൂരിപക്ഷവും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ നോട്ട് നിരോധനം ലക്ഷ്യം കണ്ടില്ലെന്ന് വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.