എസ്.ബി.ഐയെ കബളിപ്പിച്ച് 67 കോടി തട്ടി; ബി.ജെ.പി നേതാവിനെതിരെ കേസ്
text_fieldsന്യൂഡൽഹി: എസ്.ബി.ഐയെ കബളിപ്പിച്ച് 67 കോടി തട്ടിയ സംഭവത്തിൽ ബി.ജെ.പി നേതാവിനെതിരെ സി.ബി.ഐ കേസെടുത്തു. മുംബൈ ബി.ജെ.പി ജനറൽ സെക്രട്ടറി മോഹിത് കംബോജിനെതിരെയാണ്കേസ്. കംബോജിൻെറ ഉടമസ്ഥതയിലുള്ള അയ്യൻ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വായ്പ തിരിച്ചടക്കാതായതോടെയാണ് എസ്.ബി.ഐ പരാതി നൽകിയത്.
കംബോജിൻെറ ഉടമസ്ഥതയിലുള്ള കമ്പനി 2013 ജനുവരി 24നാണ് 67 കോടി വായ്പക്കായി ബാങ്കിന് അപേക്ഷ നൽകിയത്. 2013 ആഗസ്റ്റിൽ വായ്പ അനുവദിച്ചു. ഇത് തിരിച്ചടക്കാതായതോടെ കമ്പനിയുടെ വായ്പ 2015ൽ ബാങ്ക് നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു.
പിന്നീട് ബാങ്ക് നടത്തിയ അന്വേഷണത്തിൽ വായ്പ തുകയുപയോഗിച്ച് പല ഡയറക്ടർമാരുടെയും പേരിൽ ഫ്ലാറ്റ് വാങ്ങിയെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് എസ്.ബി.ഐ സി.ബി.ഐയെ സമീപിച്ചത്. 2014 മുതൽ ഫിനാൻഷ്യൽ സ്റ്റേറ്റ്മെൻറുകൾ കമ്പനി നൽകുന്നില്ലെന്നും ബാങ്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. വായ്പയെടുത്തതിന് പിന്നാലെ കമ്പനിയുടെ ഡയറക്ടർമാരായ കംബോജ്, അഭിഷേക് കപൂർ, നരേഷ് കപൂർ, ജിതേന്ദ്ര കപൂർ എന്നിവർ വിവിധ കാലയളവിലായി രാജിവെച്ചു.
ബാങ്കിനെ കബളിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി വായ്പയെടുത്തതെന്നും പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുകയാണ് അയ്യൻ ഓവർസീസ് ചെയ്തതെന്നും എസ്.ബി.ഐയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിപ്പ്, ക്രിമനൽ ഗൂഢാലോചന, അഴിമതി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. അതേസമയം, ബാങ്കിൽ നിന്ന് വായ്പയെടുത്ത തുക ചില ബോളിവുഡ് നിർമ്മാണ കമ്പനികൾക്കായി വകമാറ്റി നൽകുകയായിരുന്നുവെന്നും സി.ബി.ഐ ഇക്കാര്യം അന്വേഷിച്ചില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.