എയർ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. എയർ ഇന്ത്യയുടെ ഒാഹരി വിറ്റഴിക്കാനുള്ള നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭയോഗം തത്ത്വത്തിൽ അംഗീകരിച്ചു. എയർ ഇന്ത്യയെ സ്വകാര്യമേഖലയുടെ നിയന്ത്രണത്തിൻകീഴിലേക്ക് കൊണ്ടുവരുന്ന സുപ്രധാനമായ തീരുമാനം നടപ്പാക്കുന്നതിെൻറ നടപടിക്രമങ്ങൾ മുന്നോട്ടുനീക്കുന്നതിന് ധനമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെ നിയോഗിക്കും.
2012ൽ യു.പി.എ സർക്കാർ നൽകിയ 30,000 കോടി രൂപയുടെ സഹായ പാക്കേജിലാണ് ഇപ്പോൾ എയർ ഇന്ത്യ പിടിച്ചുനിൽക്കുന്നത്. പൊതുമേഖലവിമാനക്കമ്പനിയെ രക്ഷപ്പെടുത്താൻ കൂടുതൽ ആശ്വാസധനം നൽകിയതുകൊണ്ട് കാര്യമില്ലെന്ന കാഴ്ചപ്പാടോടെയാണ് ഒാഹരി വിറ്റഴിക്കലിന് സർക്കാർ തീരുമാനിച്ചത്. എത്ര ശതമാനം ഒാഹരി വിൽക്കണം, അതിെൻറ സമയപരിധി, എയർ ഇന്ത്യയുടെ കൈവശമുള്ള റിയൽ എസ്റ്റേറ്റ് ആസ്തികൾ വിൽക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല. ഇക്കാര്യങ്ങളിൽ പ്രത്യേക സമിതിയാണ് ഇനി നടപടി സ്വീകരിക്കുക.
കമ്പനിയെ കൈയൊഴിയാനുള്ള തീരുമാനമാണ് ഇപ്പോൾ മന്ത്രിസഭ കൈക്കൊണ്ടിരിക്കുന്നത്. എയർ ഇന്ത്യയുടെ പക്കലുള്ള വിമാനങ്ങളുടെ ഇരട്ടിയിലധികം വരുന്ന, 52000 കോടി രൂപയുടെ കടബാധ്യതയുമായി ഇനി പൊതുമേഖലയിൽ ഇൗ കമ്പനി നിലനിർത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. അതേസമയം, രാജ്യത്തെ സിവിൽ വ്യോമയാനം പൂർണമായും സ്വകാര്യമേഖലയുടെ നിയന്ത്രണത്തിലേക്ക് നൽകുന്നതു കൂടിയാണ് ഇൗ നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
‘മഹാരാജ’ ദരിദ്രനും കടക്കാരനുമായി മാറിയെന്നാണ് എയർ ഇന്ത്യയെക്കുറിച്ച് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രി അശോക് ഗജപതി രാജു നടത്തിയ പരാമർശം. കടത്തിൽ നല്ല പങ്ക് എഴുതിത്തള്ളിക്കൊണ്ടല്ലാതെ ഒാഹരി വിൽപന മുന്നോട്ടുനീക്കാനാവില്ല. എങ്കിൽ മാത്രമേ ബാക്കി ബാധ്യത കൂടി ഏറ്റെടുക്കാൻ ഏതെങ്കിലും സ്വകാര്യകമ്പനി തയാറാവൂ. അതേസമയം, എയർ ഇന്ത്യ വിൽക്കുന്നതിൽ പ്രതിഷേധവുമായി ജീവനക്കാർ സമരവഴിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.