കേന്ദ്ര ജീവനക്കാര്‍ക്ക് പി.എഫ് തുക 15 ദിവസത്തിനകം
text_fieldsന്യൂഡല്‍ഹി: 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശുഭവാര്‍ത്ത. ജനറല്‍ പ്രോവിഡന്‍റ് ഫണ്ട് പിന്‍വലിക്കാനുള്ള വ്യവസ്ഥയില്‍ ഇളവുവരുത്തി. ഇനി 15 ദിവസത്തിനകം തുക ലഭിക്കും. 10 വര്‍ഷം സര്‍വിസ് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രത്യേക ആവശ്യങ്ങള്‍ക്ക് പി.എഫ് തുക പിന്‍വലിക്കാം. ഇതുവരെ 15 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കായിരുന്നു ഈ ആനുകൂല്യം. രോഗം പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് ഏഴുദിവസത്തിനകവും തുക ലഭിക്കും. പ്രൈമറി, സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മേലില്‍ പണം പിന്‍വലിക്കാം. എല്ലാ വിഷയങ്ങളെയും സ്ഥാപനങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഹൈസ്കൂള്‍ തലം കഴിഞ്ഞുള്ള ആവശ്യങ്ങള്‍ക്കേ തുക പിന്‍വലിക്കാനാകുമായിരുന്നുള്ളൂ.
വിവാഹനിശ്ചയം, വിവാഹം, രോഗം, സംസ്കാരച്ചടങ്ങ് തുടങ്ങി അംഗങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ ആശ്രിതരുടെയോ അടിയന്തര ആവശ്യങ്ങള്‍ക്ക് തുക പിന്‍വലിക്കാന്‍ കഴിയുംവിധം വ്യവസ്ഥ ലളിതമാക്കും. 12 മാസത്തെ ശമ്പളമോ പി.എഫ് തുകയുടെ നാലില്‍ മൂന്നുഭാഗമോ ഏതാണ് കുറവ്, അത്രയും സംഖ്യ പിന്‍വലിക്കാം. അംഗത്തിന്‍െറ ക്രെഡിറ്റിലുള്ള തുകയുടെ 90 ശതമാനവും രോഗചികിത്സക്ക് പിന്‍വലിക്കാം. ഉപഭോക്തൃസാധനങ്ങള്‍ വാങ്ങാനും പി.എഫ് തുക പിന്‍വലിക്കാം.
കാര്‍, മോട്ടോര്‍ സൈക്കിള്‍, സ്കൂട്ടര്‍ തുടങ്ങിയവ വാങ്ങാനും മറ്റാവശ്യങ്ങള്‍ക്കെടുത്ത വായ്പാതുക അടച്ചുതീര്‍ക്കാനും പി.എഫ് തുക പിന്‍വലിക്കാം. വാഹനങ്ങള്‍ ബുക്ക് ചെയ്യാന്‍ മാത്രമല്ല, അവയുടെ ചെലവേറിയ അറ്റകുറ്റപ്പണിക്കും പരിശോധനകള്‍ക്കും പണം ലഭിക്കും. പഴയ വീടിന്‍െറ അറ്റകുറ്റപ്പണിക്കും പുനര്‍നിര്‍മാണത്തിനും വീട്ടുവായ്പ അടച്ചുതീര്‍ക്കാനും പണം പിന്‍വലിക്കാം. ജീവനക്കാര്‍ ആവശ്യം വിശദീകരിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ നല്‍കിയാല്‍ മതി. മറ്റൊരു രേഖയും ഹാജരാക്കേണ്ട.
വകുപ്പുമേധാവിയാണ് തുക പിന്‍വലിക്കലിന് അംഗീകാരം നല്‍കേണ്ടത്. നിലവില്‍ വിരമിക്കുന്നതിന് ഒരുവര്‍ഷം മുമ്പ് പി.എഫ് തുകയിലെ 90 ശതമാനവും പിന്‍വലിക്കാം. ഇത് രണ്ടുവര്‍ഷമാക്കാന്‍ നിര്‍ദേശമുണ്ടെന്ന് പേഴ്സനല്‍, പബ്ളിക് ഗ്രിവന്‍സസ് ആന്‍ഡ് പെന്‍ഷന്‍ മന്ത്രാലയം അറിയിച്ചു. നിലവിലെ നിയമമനുസരിച്ച് പിന്‍വലിക്കുന്ന തുക ലഭിക്കാന്‍ സമയപരിധിയില്ല. ഈ പരിമിതി മറികടക്കാനാണ് 15 ദിവസം കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.