ജി.എസ്.ടി കൊള്ളലാഭം തടയാൻ സംവിധാനം
text_fieldsന്യൂഡൽഹി: ചരക്കുസേവനനികുതി (ജി.എസ്.ടി)സമ്പ്രദായത്തിൽ, നികുതിനിരക്കിൽ വന്ന മാറ്റത്തിന് അനുസൃതമായി വില കുറക്കാതെ കൊള്ളലാഭം എടുക്കുന്നത് തടയാനുള്ള സംവിധാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. ഇതിന് ദേശീയ അമിതലാഭ നിയന്ത്രണഅതോറിറ്റി രൂപവത്കരിക്കും. ഉപയോക്താക്കൾക്ക് അതോറിറ്റിയിൽ പരാതിപ്പെടാം. ഗുവാഹതിയിൽ കഴിഞ്ഞയാഴ്ച ജി.എസ്.ടി കൗൺസിൽ യോഗം 213 ഉൽപന്നങ്ങളുടെ നികുതി താഴ്ത്തുകയും ഹോട്ടലുകളുടെ ജി.എസ്.ടി നിരക്ക് അഞ്ചുശതമാനമായി ഏകീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, അതിെൻറ പ്രയോജനം വ്യാപാരികൾ ഉപയോക്താക്കൾക്ക് നൽകുന്നില്ലെന്നുപരാതിയുണ്ട്. അമിതലാഭനിയന്ത്രണ അതോറിറ്റി സ്ഥാപിക്കണമെന്നത് ജി.എസ്.ടി നിയമവ്യവസ്ഥകളിലൊന്നാണ്. അഞ്ചംഗ ദേശീയ അതോറിറ്റി സ്ഥാപിക്കുന്നതിന് ജി.എസ്.ടി കൗൺസിൽ അനുമതി നൽകിയിരുന്നു. കാബിനറ്റ് സെക്രട്ടറി പി.കെ. സിൻഹ, റവന്യൂ സെക്രട്ടറി, രണ്ടു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, സി.ബി.ഇ.സി ചെയർമാൻ എന്നിവരുൾപ്പെട്ട സമിതി നാമനിർദേശം നടത്തും. രണ്ടുവർഷമാണ് പ്രവർത്തനകാലാവധി. ചെയർമാനും അംഗങ്ങളും 62 വയസ്സിൽ താഴെയുള്ളവരാകണം. പ്രാദേശികപരാതികൾ ആദ്യം സംസ്ഥാനതല പരിശോധനസമിതിക്ക് അയക്കും. ദേശീയസ്വഭാവമുള്ളത് സ്റ്റാൻഡിങ് കമ്മിറ്റിക്കുവിടും.
പരാതികളിൽ കഴമ്പുണ്ടെന്നുകണ്ടാൽ സംരക്ഷണവിഭാഗം ഡയറക്ടർ ജനറലിന് അയക്കും. മൂന്നുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. ഡയറക്ടർ ജനറൽ അന്വേഷണ റിപ്പോർട്ട് അതോറിറ്റിക്ക് അയക്കും. കമ്പനി ഉപയോക്താവിന് നികുതിയിളവ് കൈമാറിയിട്ടില്ലെന്നുകണ്ടാൽ, ഇളവ് നൽകണമെന്ന് ഉത്തരവിറക്കാം. ഉപേയാക്താവിനെ കണ്ടെത്തിയില്ലെങ്കിൽ ഉപഭോക്തൃക്ഷേമനിധിയിലേക്ക് തുക കൈമാറാം. കമ്പനിയുടെ രജിസ്ട്രേഷൻ റദ്ദാക്കാനും അതോറിറ്റിക്ക് അധികാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.