ലയനം ഗ്രാമീണ ബാങ്കുകളിലേക്കും
text_fieldsതൃശൂർ: സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിനുശേഷം പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനുള്ള നടപടികൾ വീണ്ടും സജീവമാകുേമ്പാൾ രാജ്യത്തെ ഗ്രാമീണ ബാങ്കുകളും ലയന പാതയിൽ. കേരള ഗ്രാമീൺ ബാങ്ക് അടക്കം രാജ്യത്ത് 56 മേഖല ഗ്രാമീൺ ബാങ്കുകളുണ്ട്. നിലവിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും സ്പോൺസർ ബാങ്കിനും മാത്രമാണ് ഇതിെൻറ മൂലധനാവകാശം. എന്നാൽ, ഗ്രാമീണ ബാങ്കുകളുടെ ഒാഹരി വിറ്റഴിക്കാനാണ് നീക്കം സജീവമാകുന്നത്.
സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ സ്പോൺസർ ചെയ്യുന്ന ആന്ധ്രപ്രദേശ് ഗ്രാമീൺ വികാസ് ബാങ്കിെൻറയും സൗരാഷ്ട്ര ഗ്രാമീൺ ബാങ്കിെൻറയും ഒാഹരി വിൽക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്കിെൻറ സ്പോൺസറായ കനറ ബാങ്കുതന്നെ ലയന പരിഗണനയിലാണ് എന്നത് ഗ്രാമീണ ബാങ്കിെൻറ ഭാവിയെച്ചൊല്ലി ആശങ്ക ജനിപ്പിക്കുന്നതാണ്. സംസ്ഥാനത്ത് ഗ്രാമീണ മേഖലയിൽ, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും കൃഷിക്കും ഏറ്റവുമധികം വായ്പ പ്രോത്സാഹനം നൽകുന്ന ധനകാര്യ സ്ഥാപനമാണ് കേരള ഗ്രാമീൺ ബാങ്ക്. ഇതിെൻറ വായ്പ-നിക്ഷേപ അനുപാതം വളരെ ഉയർന്നതാണ്. രാജ്യെത്ത ഗ്രാമീണ ബാങ്കുകളിൽ നാലാം സ്ഥാനത്താണ്.
27,000 കോടിയോളം രൂപയുടെ ബിസിനസും 3,500ൽ അധികം ജീവനക്കാരുമുണ്ട്. കേരളത്തിലാകെ 600 ശാഖകളുണ്ട്. മലപ്പുറത്താണ് ആസ്ഥാനം. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പല പൊതുമേഖല ബാങ്കുകളെക്കാൾ സാധാരണക്കാർക്കിടയിൽ സ്വീകാര്യമാണ് കേരള ഗ്രാമീൺ ബാങ്കിെൻറ പ്രവർത്തനം. രാജ്യത്ത് 196 മേഖല ഗ്രാമീണ ബാങ്കുകൾ ഉണ്ടായിരുന്നു. 2005-2009 കാലഘട്ടത്തിൽ ഇവയിൽ ചിലതിനെ തമ്മിൽ ലയിപ്പിച്ചപ്പോൾ എണ്ണം 82 ആയി കുറഞ്ഞു. 2011-2014ൽ വീണ്ടും സംയോജനം വന്നപ്പോൾ 56 ആയി. രണ്ടാം ഘട്ടത്തിൽ; 2013ലാണ് കേരളത്തിൽ പ്രവർത്തിച്ചിരുന്ന സൗത്ത് മലബാർ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്കുകളെ ലയിപ്പിച്ച് കേരള ഗ്രാമീൺ ബാങ്ക് രൂപവത്കരിച്ചത്.
നിലവിൽ ഗ്രാമീണ ബാങ്കുകളുടെ മൂലധനത്തിൽ 50 ശതമാനം കേന്ദ്രത്തിെൻറതും 15 ശതമാനം സംസ്ഥാന സർക്കാറിെൻറതും ബാക്കി 35 ശതമാനം സ്പോൺസർ ബാങ്കിെൻറതുമാണ്. 2015ലെ ഭേദഗതി അനുസരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ആകെ വിഹിതം 51 ശതമാനമാക്കി കുറച്ച് ബാക്കി വിറ്റഴിക്കാം. മാത്രമല്ല, ഇൗ ബാങ്കുകളെ പേമെൻറ് ബാങ്കായി പരിവർത്തനം ചെയ്യുകയോ സ്പോൺസർ ബാങ്കിൽ ലയിപ്പിക്കുകയോ ചെയ്യാം. എന്നാൽ, ഗ്രാമീൺ ബാങ്കുകളെ സ്പോൺസർ ചെയ്യുന്ന ഏതാണ്ടെല്ലാ പൊതുമേഖല ബാങ്കുകളും ലയന പട്ടികയിൽ ഉൾപ്പെടുന്നതിനാൽ രാജ്യത്തെ 56 ഗ്രാമീണ ബാങ്കുകളുടെ അസ്ഥിത്വം ഇനിയെത്ര കാലം എന്ന സംശയം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.