നിരോധിക്കപ്പെട്ട നോട്ടുകളുടെ നിക്ഷേപം: ഒന്നാം സ്ഥാനത്ത് അമിത് ഷായുടെ ബാങ്ക്
text_fieldsമുംബൈ: ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷായെ പ്രതിക്കൂട്ടിലാക്കുന്ന വിവരാവകാശ രേഖ പുറത്ത്. 2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ ഏറ്റവുമധികം നിക്ഷേപിക്കപ്പെട്ട ജില്ല സഹകരണ ബാങ്കുകളിൽ അമിത് ഷാ ഡയറക്ടറായ ബാങ്കും. ഗുജറാത്തിലെ അഹ്മദാബാദ് ജില്ല സഹകരണ ബാങ്കിലാണ് (എ.ഡി.സി.ബി) നോട്ട് അസാധുവാക്കിയശേഷമുള്ള അഞ്ചു ദിവസത്തിനിടെ 745.59 കോടിയുടെ നിക്ഷേപമെത്തിയത്.
രാജ്യത്തെ ജില്ല സഹകരണ ബാങ്കുകളിലെത്തിയ ഏറ്റവും വലിയ അസാധു നോട്ട് നിക്ഷേപമാണിത്. ഇൗ അഞ്ചു ദിവസം കഴിഞ്ഞ് 2016 നവംബർ 14 മുതൽ രാജ്യത്തെ ജില്ല സഹകരണ ബാങ്കുകൾ അസാധു നോട്ടുകൾ സ്വീകരിക്കുന്നത് വിലക്കി കേന്ദ്രം ഉത്തരവിറക്കുകയും ചെയ്തു. കള്ളപ്പണം സഹകരണ ബാങ്കുകൾ വഴി വെളുപ്പിക്കാൻ സാധ്യത കൂടുതലുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. അമിത് ഷാ ദീർഘകാലമായി എ.ഡി.സി.ബി ബാങ്കിെൻറ ഡയറക്ടർ പദവിയിൽ തുടരുന്നുണ്ടെന്നാണ് അവരുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നത്. 2000ത്തിൽ ബാങ്കിെൻറ ചെയർമാനുമായിരുന്നു. 2017 മാർച്ച് 31ന് എ.ഡി.സി.ബിയുടെ ആകെ നിക്ഷേപം 5050 കോടിയാണ്. 2016-17ലെ അറ്റാദായം 14.31 കോടിയും.
എ.ഡി.സി.ബിക്കു പിന്നിൽ രാജ്കോട്ട് ജില്ല സഹകരണ ബാങ്കാണ് ഏറ്റവുമധികം അസാധുനോട്ട് ലഭിച്ച രാജ്യത്തെ ജില്ല സഹകരണ ബാങ്ക്. 693.19 കോടി. നിലവിൽ ഗുജറാത്തിലെ കാബിനറ്റ് മന്ത്രിയായ ജയേഷ്ഭായ് വിത്തൽ ഭായ് റഡാഡിയയാണ് രാജ്കോട്ട് ബാങ്കിെൻറ ചെയർമാൻ. ഗുജറാത്തിൽ ബി.ജെ.പി രാഷ്ട്രീയത്തിെൻറ കേന്ദ്രവും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട (2001ൽ) മണ്ഡലവുമാണ് രാജ്കോട്ട്.
അഹ്മദാബാദ്-രാജ്കോട്ട് ജില്ല ബാങ്കുകൾ ചേർന്ന് സമാഹരിച്ചത് 1439 കോടിയുടെ അസാധു നോട്ടുകളാണെങ്കിൽ ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്കിന് ആകെ കിട്ടിയത് 1.11 കോടിയുടെ അസാധു നോട്ട് മാത്രം. ഗുജറാത്തിൽ ജില്ല-സംസ്ഥാന സഹ. ബാങ്കുകളിൽ ലഭിച്ച അസാധു നോട്ട് നിക്ഷേപത്തിെൻറ അന്തരം ഞെട്ടിപ്പിക്കുന്നതാണെന്ന് വിവരാവകാശ നിയമപ്രകാരം(ആർ.ടി.െഎ) മറുപടി സമ്പാദിച്ച വിവരാവകാശ പ്രവർത്തകൻ മനോരഞ്ജൻ എസ്. റോയ് വാർത്ത ഏജൻസിയോട് പറഞ്ഞു. ദേശീയ കാർഷിക ഗ്രാമ വികസന ബാങ്കിെൻറ (നബാർഡ്) ചീഫ് ജനറൽ മാനേജറും മേലധികാരിയുമായ എസ്. ശരവണവേലാണ് റോയിയുടെ അപേക്ഷക്ക് മറുപടി നൽകിയത്. രാജ്യത്തെ ഏഴ് പൊതുമേഖല ബാങ്കുകൾ (7.57ലക്ഷം കോടി), 32 സംസ്ഥാന സഹകരണ ബാങ്കുകൾ (6407കോടി), 370 ജില്ല സഹകരണ ബാങ്കുകൾ (22,271 കോടി), 39 പോസ്റ്റ് ഒാഫിസുകൾ (4408 കോടി) എന്നിങ്ങനെയാണ് ലഭിച്ച മറ്റ് അസാധു നോട്ട് നിക്ഷേപം. ആകെ 7.91 ലക്ഷം കോടി വരുന്ന ഇൗ നിക്ഷേപം റിസർവ് ബാങ്കിൽ എത്തിയ ആകെ അസാധുേനാട്ട് തുകയായ15.28 ലക്ഷം കോടിയുടെ 52 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.