കൊറോണ: ആഗോള സമ്പദ്വ്യവസ്ഥയിലും കടുത്ത പ്രതിസന്ധി
text_fields170ലേറെ ആളുകളുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് പകർച്ചവ്യാധി ചൈനയുടെ സമ്പദ്വ്യവസ്ഥക്ക് കടുത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. ആഗോള സമ്പദ്വ്യവസ്ഥക്കും വൈറസ് ബാധ നൽകുന്ന തിരിച്ചടി ചില്ലറയല്ല. ഗൾഫ് യുദ്ധം, സാർസ് എന്നിവക്ക് ശേഷം സമ്പദ്വ്യവസ്ഥയിലുണ്ടായ വലിയ തിരിച്ചടിയായി കൊറോണ മാറുമെന്ന ആശങ്കയാണ് സാമ്പത്തിക വിദഗ്ധർ ഉയർത്തുന്നത്. യു.എസ്-ചൈന വ്യാപാര യുദ്ധം ലോക സമ്പദ്വ്യവസ്ഥക്ക് വൻ തിരിച്ചടിയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയെത്തിയ കൊറോണ വലിയ പ്രതിസന്ധിയാണ് ലോക സമ്പദ്വ്യവസ്ഥയിലുണ്ടാക്കിയിരിക്കുന്നത്.
സൂചികകൾ വീഴുന്നു
കൊറോണ വൈറസ് സംബന്ധിച്ച ആശങ്ക ഉയർന്നതിന് പിന്നാലെ ലോകത്തെ 23 വികസിത രാജ്യങ്ങളിലെ ലാർജ്, മിഡ് കാപ് ഓഹരികളെ പ്രതിനിധീകരിക്കുന്ന എം.എസ്.സി.ഐ സൂചിക 1.3 ശതമാനമായാണ് താഴ്ന്നത്. വികസ്വര രാജ്യങ്ങളിലെ വിപണികളിൽ കടുത്ത സമ്മർദ്ദത്തെ തുടർന്ന് കൂട്ടത്തോടെ ഓഹരികൾ വിറ്റഴിക്കുകയാണ്. ചൈനയിൽ ചാന്ദ്രവർഷത്തിെൻറ ഭാഗമായി നടക്കുന്ന ആഘോഷങ്ങളെ തുടർന്ന് ഓഹരി വിപണി അവധി ആയിരുന്നുവെങ്കിലും മറ്റ് രാജ്യങ്ങളെല്ലാം കൊറോണ വൈറസിെൻറ ചൂടറിഞ്ഞു. ഇന്ത്യൻ ഓഹരി സൂചികയായ സെൻസെക്സിൽ രണ്ട് ശതമാനത്തിെൻറ നഷ്ടമാണ് കൊറോണ വൈറസ് മൂലം ഉണ്ടായത്.
ചൈനയുടെ വളർച്ച കുറയും
കൊറോണ വൈറസ് ബാധക്ക് മുമ്പ് ചൈനയുടെ വളർച്ചാ നിരക്ക് 6.1 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി കുറയുമെന്നായിരുന്നു ഐ.എം.എഫിെൻറ പ്രവചനം. വൈറസ് ബാധയോടെ ചൈനയുടെ ജി.ഡി.പി വളർച്ചാ നിരക്ക് 4.5 ശതമാനമായി കുറയുമെന്നാണ് ഇപ്പോൾ വിവിധ സാമ്പത്തിക ശാസ്ത്രജ്ഞരുടെ കണക്ക് കൂട്ടൽ. ഗതാഗതം, ടൂറിസം, വിനോദം, റീടെയിൽ തുടങ്ങി എല്ലാ മേഖലകളേയും വൈറസ്ബാധ പിന്നോട്ടടിച്ചിട്ടുണ്ട്.
ടൂറിസം സെക്ടർ വിയർക്കുന്നു
ടൂറിസവും ഗതാഗത മേഖലയുമാണ് കൊറോണ വൈറസിെൻറ തിക്തഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. ചൈനയിൽ ചാന്ദ്ര പുതുവർഷത്തിെൻറ ഭാഗമായുള്ള അവധി ദിനങ്ങളാണിപ്പോൾ. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സാധാരണയായി ഈ സമയത്ത് വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ഹോട്ടൽ, വിമാനയാത്ര, ട്രെയിൻ തുടങ്ങിയവയുടെ ബുക്കിങ്ങുകളെല്ലാം ഈ സമയത്ത് വർധിക്കും.
കൊറോണ വന്നതോടെ ബുക്കിങ്ങുകളെല്ലാം കൂട്ടത്തോടെ റദ്ദാവുകയാണ്. പ്രത്യേക സാഹചര്യം പരിഗണിച്ച് പല കമ്പനികളും ബുക്കിങ്ങുകൾ റദ്ദാക്കുന്നതിന് ഈടാക്കുന്ന ചാർജുകൾ കുറച്ചിട്ടുണ്ട്. ചൈനയിലും ഹോങ്കോങ്ങിലും വിനോദസഞ്ചാര മേഖല പൂർണമായും സ്തംഭനാവസ്ഥയിലാണ്.
ചൈന വിട്ട് കമ്പനികൾ
വൈറസ് ബാധ ശക്തിപ്രാപിച്ചതോടെ ഗൂഗ്ൾ അവരുടെ ചൈനയിലേയും ഹോങ്ക്കോങ്ങിലേയും ഓഫീസുകൾ പൂട്ടി. ജീവനക്കാരോട് എത്രയും വേഗം രാജ്യം വിടാനും ഗൂഗ്ൾ നിർദേശിച്ചിട്ടുണ്ട്. ഗൂഗ്ളിന് പുറമേ ടോയോട്ട, ഐകിയ, ഫോക്സ്കോൺ, സ്റ്റാർബക്സ്, ടെസ്ല, മക്ഡോണൾഡ് തുടങ്ങിയ കമ്പനികളും ചൈനയിലെ പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. ചൈനയിലെ പ്ലാൻറുകൾ കമ്പനികൾ താൽക്കാലികമായി പൂട്ടുന്നത് ആഗോള വിപണിയെ പ്രതികൂലമായി ബാധിക്കും. ഹോണ്ട, നിസാൻ, പി.എസ്.എ തുടങ്ങിയ പ്രമുഖ വാഹന നിർമ്മാണ കമ്പനികളുടെ പ്രൊഡക്ഷൻ പ്ലാൻറുകൾ ചൈനയിലാണ്. ഇത് അടച്ചുപൂട്ടുന്നതോടെ ആഗോള വാഹന വിപണിയും പ്രതിസന്ധിയിലാകും.
ആഗോള വിപണിയിലെ ഇന്ധവിലയുണ്ടാകുന്ന കുറവ് പ്രതിസന്ധി എത്രത്തോളം തീവ്രമാണെന്നതിെൻറ സൂചനകൾ നൽകും. ഡിമാൻഡ് കുറഞ്ഞതോടെ ബെൻറ് ക്രൂഡോയിൽ വിലയിൽ അന്താരാഷ്ട്രവിപണിയിൽ കുറവ് രേഖപ്പെടുത്തുകയാണ്. പല ലോഹങ്ങളുടെ വിലയും ഇത് മൂലം കുറയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.