മാന്ദ്യം മൂടി ദീപാവലി; സർക്കാറിനോട് രോഷം
text_fieldsന്യൂഡൽഹി: തലസ്ഥാനത്തും സംസ്ഥാനങ്ങളിലും സാമ്പത്തികമാന്ദ്യത്തിൽ നിറംകെട്ട ദീപാവലി ആഘോഷം. നോട്ട് അസാധുവാക്കൽ, ജി.എസ്.ടി കുരുക്ക് എന്നിവ സൃഷ്ടിച്ച മാന്ദ്യം വിപണിയെ തകർത്തതിൽ രോഷത്തിലാണ് വ്യാപാരികൾ. ഇതിനു പുറമെ, ജി.എസ്.ടി പ്രകാരമുള്ള റീഫണ്ട് സംബന്ധിച്ച വാഗ്ദാനം സർക്കാർ പാലിക്കാത്തത് കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറെ ആഘോഷിക്കപ്പെടുന്ന ദീപോത്സവം കടന്നുപോയത് ആവേശത്തിമിർപ്പില്ലാതെയാണ്. ഗാർഹിക ഉൽപന്നങ്ങൾ വൻതോതിൽ വിറ്റഴിക്കപ്പെടുന്ന ആഘോഷം കൂടിയാണ് ദീപാവലി. എന്നാൽ, പ്രധാന വിപണന കേന്ദ്രങ്ങളെല്ലാം മാന്ദ്യത്തിെൻറ പിടിയിലമർന്നു. വ്യാപാരികളുടെയും ഉപയോക്താക്കളുടെയും അമർഷം കേന്ദ്രസർക്കാറിനെ ആശങ്കയിലാക്കി.
ഒക്ടോബർ ആറിന് നടന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിനു ശേഷം ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. കയറ്റുമതിക്കാർക്ക് കിേട്ടണ്ട റീഫണ്ട് കുടിശ്ശികയായതിനാൽ പ്രവർത്തന മൂലധന പ്രതിസന്ധി ഉണ്ടാകുന്നതു കണക്കിലെടുത്തുള്ള പ്രഖ്യാപനം അതിലൊന്നായിരുന്നു. മന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ച് കഴിഞ്ഞ 10 മുതൽ ജൂലൈയിലെ റീഫണ്ട് നൽകേണ്ടതാണ്. 18 മുതൽ ആഗസ്റ്റിലെ റീഫണ്ട് കുടിശ്ശികയും നൽകണം.
എന്നാൽ, ഒരു ശതമാനം പേർക്കുപോലും ജൂലൈയിലെ റീഫണ്ട് കിട്ടിയിട്ടില്ല. മന്ത്രി പ്രഖ്യാപിച്ച ഷെഡ്യൂൾ അനുസരിച്ച് 18നകം ജൂലൈയിലെ കുടിശ്ശിക വിതരണം തീരേണ്ടതാണ്. ഇതിന് 10,000 കോടി രൂപവരെ മാറ്റിവെക്കുമെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ പറഞ്ഞതുമാണ്. മാന്ദ്യം മൂടി ദീപാവലി കടന്നുപോകുേമ്പാൾ മോദി അനുകൂല രാഷ്്ട്രീയക്കാറ്റ് മാറിവരുന്നതായി രാഷ്ട്രീയ, സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
നോട്ട് നിരോധനവും ജി.എസ്.ടി കുരുക്കുകളും മൂലം പ്രതിസന്ധിയിലായവർ മുൻമാസങ്ങളിൽനിന്ന് ഭിന്നമായി സർക്കാറിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കാനും പുതിയ തൊഴിലവസരം ഉണ്ടാക്കാനും വിപണിക്ക് ഉൗർജസ്വലത നൽകാനും സർക്കാറിന് കഴിയുന്നില്ലെന്ന വിമർശനം ശക്തമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.