വീണ്ടും ലയനം; ദേന, വിജയ, ബറോഡ ബാങ്കുകൾ ഒന്നാകുന്നു
text_fieldsന്യൂഡൽഹി: വിജയ ബാങ്ക്, ദേന ബാങ്ക്, ബാങ്ക് ഒാഫ് ബറോഡ എന്നിവ സംയോജിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിനു പിന്നാലെയാണ് മൂന്ന് പൊതുമേഖല ബാങ്കുകളെ ഒന്നിപ്പിക്കാനുള്ള നടപടി. സംയോജനം വഴി രാജ്യത്തെ മൂന്നാമത്തെ ബാങ്കിങ് ശൃംഖലയായി ഇത് മാറുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വിശദീകരിച്ചു. മൂലധന ശേഷി വർധിപ്പിക്കുക, ചെലവു ചുരുക്കുക, കൂടുതൽ വായ്പ നൽകാൻ പ്രാപ്തമാക്കുക, ജീവനക്കാരുടെ പുനർവിന്യാസം ഫലപ്രദമായി നടത്തുക തുടങ്ങി വിവിധ ലക്ഷ്യങ്ങളാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. ശേഷിയിൽ പിന്നാക്കം നിൽക്കുന്ന ദേന ബാങ്കിന് മറ്റു രണ്ടു ബാങ്കുകളുമായുള്ള സംയോജനം ഏറെ പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ എടുത്ത തീരുമാനത്തിന് അനുസൃതമായി ബന്ധപ്പെട്ട ബാങ്ക് ബോർഡുകൾ യോഗംചേർന്ന് സംയോജനത്തിന് അനുകൂലമായി പ്രമേയം പാസാക്കുന്ന മുറക്ക് കേന്ദ്ര മന്ത്രിസഭ അന്തിമ തീരുമാനമെടുക്കും. സംയോജനം വഴി ആർക്കും തൊഴിൽ നഷ്ടമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
യു.പി.എ സർക്കാറിെൻറ കാലത്ത് ബാങ്കുകളുടെ അടിത്തറ തകർക്കുന്ന വിധത്തിൽ കിട്ടാക്കടം പെരുകിയിരുന്നുവെന്നും, അത് ക്രമപ്പെടുത്തുന്ന വിവിധ നടപടികളുടെ ഭാഗമാണ് പുതിയ സംയോജനമെന്നും ധനമന്ത്രി വിശദീകരിച്ചു. എട്ടര ലക്ഷം കോടിയായിരുന്ന പൊതുമേഖല ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി രണ്ടര ലക്ഷം കോടി മാത്രമാക്കി കാണിക്കുന്ന മറിമായമാണ് നടന്നത്. പ്രതിസന്ധി അംഗീകരിച്ച് തിരുത്തൽ വരുത്തുക എന്ന നയമാണ് എൻ.ഡി.എ സർക്കാർ സ്വീകരിച്ചത്. ബാങ്കുകളുടെ സംയോജനം കാര്യപരിപാടിയായി സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
സ്വന്തമായി ബാങ്കിങ് സംവിധാനം ആവശ്യപ്പെടുന്ന എൽ.െഎ.സിയും െഎ.ഡി.ബി.െഎയും സംയോജിപ്പിക്കാനുള്ള നടപടിക്രമങ്ങളും തുടരുകയാണെന്ന് മന്ത്രി വിശദീകരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്നതിനുമുമ്പ് മൂന്നു ബാങ്കുകളുടെയും സംയോജനം അന്തിമ ഘട്ടത്തിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.