ഡിജിറ്റൽ ഇടപാടിന് പണം തിരികെ നൽകാൻ ജി.എസ്.ടി കൗൺസിൽ തീരുമാനം
text_fieldsന്യൂഡൽഹി: റുപെ കാർഡ്, ഭീം ആപ്, യു.പി.െഎ (യൂനിഫൈഡ് പേമെൻറ് ഇൻറർഫേസ്) എന്നിവ വഴി ഇടപാട് നടത്തുന്നവർക്ക് ചരക്കു സേവന നികുതിയുടെ (ജി.എസ്.ടി) നിശ്ചിത ശതമാനം മടക്കിനൽകാൻ ജി.എസ്.ടി കൗൺസിൽ തീരുമാനം.
കറൻസിരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതെന്ന് കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഒരു ഇടപാടിെൻറ ജി.എസ്.ടിയുടെ 20 ശതമാനം അല്ലെങ്കിൽ 100 രൂപ വരെയാണ് ഡിജിറ്റൽ ഇടപാടുകൾക്ക് ഉപഭോക്താവിന് മടക്കിനൽകുക.
സാധാരണക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്നത് റുപെ, ഭീം, ആധാർ യു.പി.െഎ തുടങ്ങിയവയായതുകൊണ്ടാണ് അതിന് ഇളവ് നൽകുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദിയുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്. ഇതനുസരിച്ച് പണം തിരിച്ചുനൽകാൻ തുടങ്ങിയാൽ 1000 കോടി രൂപയുടെ റവന്യൂ നഷ്ടം സർക്കാറിനുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. സ്വയം തയാറായി വരുന്ന സംസ്ഥാനങ്ങളിലാണ് ആദ്യം നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
ഇടത്തരം-സൂക്ഷ്മ-ചെറുകിട ബിസിനസുകളുടെ ചരക്കു സേവന നികുതി സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാൻ ധനകാര്യ സഹമന്ത്രി ശിവപ്രതാപ് ശുക്ലയുടെ നേതൃത്വത്തിൽ ആറംഗ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.