ലക്ഷ്യമിട്ടത് ഡി.കെയെ; ഇരയായത് സിദ്ധാർഥ
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായ ഡി.കെ ശിവകുമാറുമായുള്ള ബന്ധം കോഫി ഡേ ഉടമ വി.ജി സിദ്ധാർഥക്ക് തിരിച്ചടിയായെന്ന് റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്ത് വിട്ടത്. കർണാടകയിലെ മുൻ കോൺഗ്രസ് നേതാവായ എസ്.എം കൃഷ്ണയുമായി ഡി.കെ ശിവകുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നു. കോൺഗ്രസ് വിട്ട് കൃഷ്ണ ബി.ജെ.പിയിൽ എത്തിയെങ്കിലും ശിവകുമാർ അദ്ദേഹവുമായും മരുമകൻ വി.ജി സിദ്ധാർഥയുമായുള്ള ബന്ധം നില നിർത്തിയിരുന്നു. ശിവകുമാറുമായുള്ള ഈ അടുത്ത ബന്ധം വി.ജി സിദ്ധാർഥയെന്ന വ്യവസായിയുടെ പതനത്തിന് കാരണമായെന്നാണ് സൂചന.
ഡി.കെ ശിവകുമാറും വി.ജി സിദ്ധാർഥയും തമ്മിൽ ബന്ധമുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. 2017ൽ ഡി.കെ ശിവകുമാറിൻെറ വസതിയിൽ റെയ്ഡ് നടത്തിയപ്പോഴാണ് ഇരുവരേയും തമ്മിൽ ബന്ധപ്പിക്കുന്നതിനുള്ള തെളിവുകൾ ആദായ നികുതി വകുപ്പിന് ലഭിച്ചതെന്നാണ് സൂചന. ഗുജറാത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് എം.എൽ.എമാരെ ഡി.കെ ശിവകുമാർ രഹസ്യമായി ബംഗളൂരുവിൽ എത്തിച്ചതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പ് ഡി.കെയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്.
ശിവകുമാറിന് സിദ്ധാർഥയുമായുള്ള ബന്ധം വ്യക്തമായതോടെ ആദായ നികുതി വകുപ്പ് കോഫി ഡേ ഉടമയേയും ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെടുത്തി. തുടർന്ന് സിദ്ധാർഥയുടെ വീട്ടിലും റെയ്ഡുകൾ നടത്തി. കോഫി ഡേ പ്രതിസന്ധിയിലായപ്പോൾ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ മിൻഡ് ട്രിയിലെ ഓഹരികൾ വിറ്റ് പരിഹാരം കാണാനുള്ള സിദ്ധാർഥയുടെ ശ്രമങ്ങൾക്കും തടയിട്ടത് ആദായ നികുതി വകുപ്പായിരുന്നു. മിൻഡ് ട്രീയിലെ 74.9 ലക്ഷം ഓഹരികൾ കണ്ടുകെട്ടിയാണ് സിദ്ധാർഥയുടെ നീക്കത്തിന് വകുപ്പ് തടയിട്ടത്. ആദായ നികുതി വകുപ്പിൻെറ ഈ നടപടി കൂടി ആയതോടെ കോഫി ഡേയും സിദ്ധാർഥയും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു.
കർണാടക രാഷ്ട്രീയത്തിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാർ രൂപീകരിക്കുന്നതിൽ ഉൾപ്പടെ പ്രവർത്തിച്ചത് ഡി.കെ ശിവകുമാറിൻെറ ബുദ്ധിയായിരുന്നു. ശിവകുമാറിനെ വീഴ്ത്താൻ ബി.ജെ.പി സർക്കാർ ആദായ നികുതി വകുപ്പിനെ ഉപയോഗിക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണങ്ങളുണ്ടായിരുന്നു. ശിവകുമാറിനായി ആദായ നികുതി വകുപ്പ് വിരിച്ച വലയിൽ വി.ജി സിദ്ധാർഥ അറിയാതെ വന്ന വീഴുകയായിരുന്നുവെന്നാണ് ഇപ്പോൾ കർണാടക രാഷ്ട്രീയത്തിലെ അണിയറ സംസാരം. ആദായ നികുതി വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് തൻെറ അവസാന കത്തിൽ വി.ജി സിദ്ധാർഥ ഉന്നയിച്ചിരിക്കുന്നതെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.