ഇ.പി.എഫിൽ ഇരട്ട നഷ്ടം
text_fieldsന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് (ഇ.പി.എഫ്) വരിക്കാരായ ജീവനക്കാർക്ക് ഇരട്ട നഷ്ടം. നിക്ഷേപത്തിെൻറ പലിശനിരക്ക് 8.65 ശതമാനത്തിൽനിന്ന് 8.55 ശതമാനമായി വെട്ടിക്കുറിച്ചതിനൊപ്പം, കൂടുതൽ ആദായമുണ്ടാക്കാൻ ഇ.പി.എഫ് ഒാർഗനൈസേഷൻ നടത്തിയ ഒാഹരി വിപണി നിക്ഷേപം നഷ്ടത്തിൽ കലാശിച്ചു. വരിക്കാർക്കു പുതുക്കി നിശ്ചയിച്ച കുറഞ്ഞ പലിശനിരക്ക് നൽകാൻ 3,700 കോടിയുടെ ഒാഹരികൾ വിറ്റ് 1,011 കോടി സമാഹരിച്ചു.
വരിക്കാർക്ക് കൂടുതൽ വരുമാനം വാഗ്ദാനം ചെയ്താണ് ഒാഹരി വിപണിയിൽ മുതലിറക്കിയതെങ്കിലും, നിലവിലെ വരുമാനം പോലും നിലനിർത്തിക്കൊടുക്കാൻ ഇ.പി.എഫ് ഒാർഗനൈസേഷന് സാധിച്ചില്ല. 2015ൽ എടുത്ത തീരുമാനം അനുസരിച്ച് 44,000 കോടിയിൽപരം രൂപയാണ് ഒാഹരിക്കേമ്പാളത്തിൽ നിക്ഷേപിച്ചത്. ഇതിൽ ഒരു പങ്കാണ് വിറ്റത്. വരിക്കാരുടെ സഞ്ചിത നിധിയിൽ ഇൗ കുറവു വരും. അഞ്ചു വർഷത്തിനിടയിൽ ഇതു രണ്ടാം തവണയാണ് ഇ.പി.എഫ് പലിശനിരക്കു കുറക്കേണ്ടി വരുന്നത്.
ഇ.പി.എഫിൽ കൂടുതൽ വരിക്കാരെ ചേർക്കാൻ നിയമഭേദഗതി ഉടനടി നടപ്പാക്കാനും കഴിഞ്ഞ ദിവസം നടന്ന ട്രസ്റ്റി ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട്. 20 ജീവനക്കാരുള്ള തൊഴിൽ സ്ഥാപനം ഇ.പി.എഫ് പദ്ധതിയിൽ നിർബന്ധമായും ചേർന്നിരിക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇനി ജീവനക്കാരുടെ എണ്ണം 10 ആയി ചുരുക്കുകയാണ്. ഇതുവഴി വരിക്കാരുടെ എണ്ണം മൂന്നിലൊന്നു കണ്ട് വർധിക്കും. ഒാഹരിക്കേമ്പാളത്തിൽ എറിയാവുന്ന സഞ്ചിതനിധിയുടെ വലിപ്പവും ഉയരും.സഞ്ചിതനിധിയിൽനിന്ന് 15 ശതമാനം തുകയാണ് ഒാഹരി വിപണിയിൽ നിക്ഷേപിച്ചത്. ബാക്കി 85 ശതമാനം ബോണ്ട് നിക്ഷേപവും സ്ഥിരനിക്ഷേപവുമാണ്. ബോണ്ടിൽനിന്നുള്ള പ്രതിവർഷ വരുമാനം എട്ടു ശതമാനമാണെന്ന് സർക്കാർ വിശദീകരിക്കുന്നു. ഒാഹരിയിൽ മുടക്കിയതിന് ശരാശരി 16 ശതമാനം വരുമാനമുണ്ട്. എന്നാൽ, അതിലൊരു പങ്ക് വിറ്റപ്പോൾ സഞ്ചിതനിധി കുറഞ്ഞു.
ഇപ്പോൾ നിശ്ചയിച്ച പലിശനിരക്ക് ഉറപ്പു വരുത്താനാണ് ഒാഹരിയിൽ ഒരു പങ്ക് വിറ്റതെന്ന് സർക്കാർ വിശദീകരിക്കുന്നുണ്ടെങ്കിലും, മറ്റൊന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ വർഷം 8.65 ശതമാനം പലിശ നൽകിയിയിട്ടും 695 കോടിയുടെ മിച്ചം ഇ.പി.എഫ് ഒാർഗനൈസേഷന് ഉണ്ടായിരുന്നു. പലിശ കുറക്കുകയും ഒാഹരി വിൽക്കുകയൂം ചെയ്ത ശേഷം പ്രതീക്ഷിക്കുന്ന മിച്ചം 586 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പലിശനിരക്ക് നിലനിർത്തിയാൽപോലും 50 കോടിയോളം രൂപയുടെ മിച്ചം ഉണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നിട്ടും പലിശ കുറക്കുകയാണ് ചെയ്തത്. നിലവിലെ സാമ്പത്തിക വിപണി സാഹചര്യങ്ങളിൽ പലിശ കുറച്ചേ മതിയാവൂ എന്നാണ് വിശദീകരണം. സർക്കാർ നടപ്പാക്കിയ നോട്ടു നിരോധനവും കോർപറേറ്റുകളുടെ വായ്പ തട്ടിപ്പും ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം താളം തെറ്റിച്ചിട്ടുണ്ട്. ബാങ്കുകളും ചെറുകിട സമ്പാദ്യ പദ്ധതികളും നിക്ഷേപത്തിന് പലിശ കുറച്ചുകൊണ്ടു വരുന്നതിനു പുറമെയാണ് ഇ.പി.എഫ് നിക്ഷേപത്തിെൻറ വരുമാനവും ഇടിയുന്നത്. ബാങ്ക് ചാർജുകൾ പല വിധത്തിൽ ചുമത്തുകയും ചെയ്യുന്നു. ഉദ്യോഗസ്ഥരടക്കം മധ്യവർഗക്കാർക്ക് സർക്കാറിനോടുള്ള അതൃപ്തി വർധിക്കുന്നത് ബി.ജെ.പിക്ക് രാഷ്ട്രീയമായി നഷ്ടക്കച്ചവടം കൂടിയാണ്. കോർപററ്റു കൊള്ളക്ക് വഴിയൊരുക്കുന്നതിനൊപ്പം സാധാരണക്കാരനെ പോക്കറ്റടിക്കുന്നുവെന്ന ആക്ഷേപമാണ് സർക്കാറിനെതിരെ ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.