ഇ-വേ ബിൽ സംവിധാനം അനിശ്ചിതത്ത്വത്തിൽ
text_fieldsകൊച്ചി: അന്തർസംസ്ഥാന ചരക്കുനീക്കത്തിന് ഇ-വേ ബിൽ സംവിധാനം നടപ്പാക്കുന്നത് അനിശ്ചിതത്ത്വത്തിൽ. ഫെബ്രുവരി ഒന്നിന് നിലവിൽ വന്ന സംവിധാനം ആദ്യദിനം സർവർ തകരാറിൽ കുരുങ്ങിയതിനെത്തുടർന്ന് താൽക്കാലികമായി നീട്ടിവെച്ചിരുന്നു. തകരാർ പരിഹരിക്കാനുള്ള നടപടി എങ്ങുമെത്താത്ത സാഹചര്യത്തിൽ എന്നുമുതൽ നടപ്പാക്കാനാകുമെന്നതിൽ ചരക്ക് സേവന നികുതി (ജി.എസ്.ടി) വകുപ്പ് അധികൃതർക്ക് വ്യക്തതയില്ല. അരലക്ഷത്തിൽ കൂടുതൽ മൂല്യമുള്ള അന്തർസംസ്ഥാന ചരക്കുനീക്കത്തിനാണ് ഇ--വേ ബിൽ നിർബന്ധമാക്കിയത്. ചരക്ക് കയറ്റിയയക്കുന്ന അല്ലെങ്കിൽ സ്വീകരിക്കുന്ന വ്യാപാരിയോ കടത്തുന്നയാളോ ആണ് ഇ-വേ ബിൽ തയാറാക്കേണ്ടത്.
ചരക്കിെൻറ വിവരങ്ങൾ മുൻകൂട്ടി ജി.എസ്.ടി.എൻ എന്ന കേന്ദ്രീകൃത ശൃംഖലയിലേക്ക് നൽകിയശേഷം ബില്ലിെൻറ പകർപ്പ് വാഹനത്തിൽ സൂക്ഷിക്കുകയാണ് വേണ്ടത്. ജി.എസ്.ടി സ്ക്വാഡ് ബിൽ ഒാൺലൈനായി പരിശോധിച്ച് നികുതി വെട്ടിപ്പ് കണ്ടെത്തണം. രാജ്യത്ത് 1.29 കോടി വ്യാപാരികൾ ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. കേരളത്തിൽ 27 ലക്ഷവും. ഇവർ ഒരേസമയം ജി.എസ്.ടി.എന്നിൽ വിവരങ്ങൾ ചേർക്കാൻ ശ്രമിച്ചതാണ് തകരാറിനിടയാക്കിയത്.
ഇ-വേ ബിൽ സംവിധാനം താൽക്കാലികമായി പിൻവലിക്കുകയും ജി.എസ്.ടി സ്ക്വാഡുകളുടെ പരിശോധന നാമമാത്രമാകുകയും ചെയ്തതോടെ നികുതിവെട്ടിപ്പ് കൂടിയതായി തിരുവനന്തപുരം ജി.എസ്.ടി കമീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നു. ജി.എസ്.ടി വന്നതോടെ ഇതരസംസ്ഥാനങ്ങളിൽ എൻഫോഴ്സ്മെൻറ് സ്ക്വാഡുകളുടെ എണ്ണം ഇരട്ടിയാക്കിയിരുന്നു. എന്നാൽ, കേരളത്തിൽ എട്ട് സ്ക്വാഡ് മാത്രമാണ് പുതുതായി ഉണ്ടായത്.
ആകെ 96 സ്ക്വാഡ്. ചെക്പോസ്റ്റുകളിൽ ജോലി ചെയ്തിരുന്നവരെ സ്ക്വാഡുകൾക്ക് പകരം ഒാഫിസുകളിലാണ് പുനർവിന്യസിച്ചത്. മതിയായ സ്ക്വാഡ് ഇല്ലാത്തതിനാൽ പരിശോധന നാമമാത്രമായി. ഇത് നികുതി വെട്ടിപ്പുകാർക്ക് സഹായകമായി. നിലവിലെ സ്ക്വാഡുകൾ കഴിഞ്ഞമാസം 10 ദിവസം മാത്രം പരിശോധന ഉൗർജിതമാക്കിയപ്പോൾ 2.5 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്താനായി. കൂടുതൽ സ്ക്വാഡിനെ നിയോഗിച്ചാൽ ഇൗ ഇനത്തിൽ വരുമാനം കൂട്ടാനാകും. എന്നാൽ, നിലവിലെ സംവിധാനങ്ങളുമായി മുന്നോട്ടുപോകാനും ചെറിയതോതിലുള്ള നികുതി വെട്ടിപ്പുകൾ ഗൗരവമായി കാണേണ്ടെന്നുമാണ് താഴേക്കിടയിലെ ഉദ്യോഗസ്ഥർക്കുള്ള നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.