കേരളത്തിൽ ഇ-വേ ബിൽ 15 മുതൽ
text_fieldsന്യൂഡൽഹി: കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങൾക്കുള്ളിലെ ചരക്കുകടത്തിന് ഇൗ മാസം 15 മുതൽ ഇ-വേ ബിൽ സമ്പ്രദായം നടപ്പാക്കും. ജി.എസ്.ടി സംവിധാനത്തിനുകീഴിൽ ഇ-വേ ബിൽ ദേശവ്യാപകമായി പ്രാബല്യത്തിൽ കൊണ്ടുവരുന്ന നടപടികളുടെ ഭാഗമാണിത്. ആന്ധ്രപ്രദേശ്, ഗുജറാത്ത്, യു.പി, തെലങ്കാന എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. അന്തർസംസ്ഥാന ചരക്കുകടത്തിന് ഏപ്രിൽ ഒന്നുമുതൽ കേരളത്തിലും മറ്റും ഇ-വേ സമ്പ്രദായം നടപ്പാക്കിത്തുടങ്ങിയിരുന്നു. കർണാടകത്തിൽ സംസ്ഥാനതലത്തിൽ ഇ-വേ ബിൽ സമ്പ്രദായം ഏപ്രിൽ ഒന്നിനുതന്നെ നടപ്പാക്കുകയും ചെയ്തു. ഇതിനിടെ, പുതിയ പരോക്ഷനികുതിസമ്പ്രദായത്തിെൻറ െഎ.ടി അടിസ്ഥാനസൗകര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജി.എസ്.ടി നെറ്റ്വർക് സർക്കാർ കമ്പനിയാക്കി മാറ്റുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്.
51 ശതമാനം ഒാഹരി എടുത്തിട്ടുള്ള സ്വകാര്യ ധനകാര്യസ്ഥാപനങ്ങളാണ് ജി.എസ്.ടി.എൻ ഇപ്പോൾ നിയന്ത്രിക്കുന്നത്. കേന്ദ്രസർക്കാറിന് 49 ശതമാനമാണ് ഒാഹരിപങ്കാളിത്തം. ഇതു മാറ്റി സർക്കാറിന് മേധാവിത്വമുള്ള കമ്പനിയാക്കാനുള്ള നിർദേശം പരിശോധിക്കണമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ധനകാര്യ സെക്രട്ടറി ഹസ്മുഖ് അധിയയോട് നിർദേശിച്ചിട്ടുണ്ട്. 51 ശതമാനം ഒാഹരി നൽകി നേരേത്ത സ്വകാര്യസ്ഥാപനങ്ങൾക്ക് മേധാവിത്വം കൊടുത്തത് െഎ.ടി അടിസ്ഥാന സൗകര്യം സമയബന്ധിതമായി വേഗത്തിൽ നടപ്പാക്കുന്നതിന് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാൻ വേണ്ടിയാണെന്ന് അധികൃതർ വിശദീകരിക്കുന്നു.
യു.പി.എ സർക്കാറിെൻറ കാലത്ത് 2013 മാർച്ച് 28നാണ് ജി.എസ്.ടി.എൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപവത്കരിച്ചത്. എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, എൻ.എസ്.ഇ സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെൻറ് കമ്പനി, എൽ.െഎ.സി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്നിവക്കാണ് ജി.എസ്.ടി.എന്നിൽ 51 ശതമാനം ഒാഹരിപങ്കാളിത്തം.
ഒരു കോടിയിൽ പരം ബിസിനസ് സ്ഥാപനങ്ങളാണ് ജി.എസ്.ടി നെറ്റ്വർക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്വകാര്യകമ്പനിയായി നിലനിർത്തുന്നത് ഡാറ്റ സുരക്ഷിതത്വം അപകടപ്പെടുത്തുമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നു. 2016 ആഗസ്റ്റിൽ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.