സാമ്പത്തിക മുരടിപ്പ്; കോർപറേറ്റ് മേഖല കടുത്ത ആശങ്കയിൽ
text_fieldsന്യൂഡൽഹി: സാമ്പത്തിക വളർച്ച മുരടിപ്പിൽ രാജ്യത്തെ കോർപ്പറേറ്റ് മേഖല കടുത്ത ആശങ്കയിൽ. ദിനേനയെന്നോണം കോർപ്പറേറ്റ് കമ്പനി മേധാവികൾ പരസ്യമായി മോദി സർക്കാറിനെതിരെ രംഗത്തു വരികയാണ്. മുമ്പ് ബി.ജെ.പിയെ പിന്തുണച്ചവരും പാർട്ടിക്ക് കൈയ്യയച്ച് സംഭാവന നൽകിയവരുമാണ് ഇവരിൽ പലരും. നിക്ഷേപത്തിലും ഉപഭോഗത്തിലും കുത്തനെയുണ്ടായ ഇടിവിനൊപ്പം കേന്ദ്ര ബജറ്റ് നിർദേശങ്ങളും കോർപറേറ്റുകളെ പ്രകോപിതരാക്കിയിട്ടുണ്ട്. എൽ ആൻഡ് ടി ഗ്രൂപ് മേധാവി എ.എം. നായിക്, ഗോദ്റെജ് ഗ്രൂപ് ചെയർമാൻ ആദി ഗോദ്റെജ്, ബംഗളൂരുവിലെ ബയോകോൺ എം.ഡി കിരൺ മജൂംദാർ ഷാ, ബജാജ് ഗ്രൂപ് ചെയർമാൻ രാഹുൽ ബജാജ്, ഇൻഫോസിസിെൻറ മുൻ മുഖ്യ ധനകാര്യ ഓഫിസറും ആരിൻ കാപിറ്റൽ കമ്പനി മേധാവിയുമായ ടി.വി. മോഹൻ ദാസ് പൈ തുടങ്ങിയവരെല്ലാം സർക്കാറിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്.
സാമൂഹിക ഉത്തരവാദിത്ത പദ്ധതികൾ (സി.എസ്.ആർ) നടപ്പാക്കിയില്ലെങ്കിൽ കോർപറേറ്റ് കമ്പനികളിൽ നിന്ന് പിഴ ഈടാക്കുമെന്ന ധനമന്ത്രി നിർമല സീതാരാമെൻറ ബജറ്റ് പ്രഖ്യാപനം വലിയ അമ്പരപ്പാണ് കോർപ്പറേറ്റുകളിൽ ഉണ്ടാക്കിയിരിക്കുന്നത്. മുൻ റിസർവ് ബാങ്ക് ഗവർണർമാരടക്കം മുന്നറിയിപ്പ് നൽകിയിട്ടും വിദേശരാജ്യങ്ങളിൽ വിദേശനാണയ ബോണ്ടുകൾ വിതരണം ചെയ്യാനുള്ള ബജറ്റ് നിർദേശവും അവരെ കാര്യമായി ചൊടിപ്പിച്ചിട്ടുണ്ട്. 2019-20 വർഷം ഏഴുശതമാനം വളർച്ചയാണ് സർക്കാർ ലക്ഷ്യമെങ്കിൽ 6.5 ശതമാനമെങ്കിലും നേടാനായാൽ അത് വലിയ ഭാഗ്യമെന്നാണ് എൽ ആൻഡ് ടി ചെയർമാൻ എ.എം. നായിക് കഴിഞ്ഞ ദിവസം പറഞ്ഞത്. രാജ്യം വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സർക്കാറിെൻറ കണക്കുകൾക്ക് വിശ്വാസ്യത നഷ്ടമായി. കടുത്ത സാഹചര്യങ്ങളിൽ നിക്ഷേപ വർധനക്ക് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിെൻറ വളർച്ചക്ക് കൂട്ടുനിന്ന കമ്പനികളിൽനിന്ന് സർക്കാർ അകന്നുപോവുകയാണെന്നും അപായ മണി മുഴങ്ങിത്തുടങ്ങിയെന്നുമാണ് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ കിരൺ മജൂംദാർ ഷാ മുന്നറിയിപ്പ് നൽകിയത്. വർധിച്ചുവരുന്ന അസഹിഷ്ണുതയും ആൾക്കൂട്ടക്കൊലയും നിയമം കൈയിലെടുക്കലുമെല്ലാം സാമ്പത്തിക രംഗത്ത് കനത്ത തിരിച്ചടിയുണ്ടാക്കുന്നതായി ആദി ഗോദ്റെജ് കുറ്റപ്പെടുത്തി. ഡിമാൻഡില്ല, നിക്ഷേപവുമില്ല, പിന്നെ എങ്ങിനെയാണ് വളർച്ചയുണ്ടാവുക, അത് സ്വർഗത്തിൽ നിന്ന് വരില്ലല്ലോ എന്നായിരുന്നു രാഹുൽ ബജാജിെൻറ പരിഹാസം.
സി.എസ്.ആർ ഫണ്ട് ചെലവഴിച്ചില്ലെങ്കിൽ പിഴ ചുമത്തുമെന്ന സർക്കാർ നിർദേശം കടുത്ത അനീതിയാണെന്നും ഇതിെൻറ പേരിൽ കമ്പനികളെ േപ്രാസിക്യൂട്ട് ചെയ്യുമെന്നുകൂടി ധനമന്ത്രി നിർമല സീതാരാമന് പറയാമായിരുന്നില്ലേ എന്നായിരുന്നു ബി.ജെ.പി അനുകൂലിയായ മോഹൻ ദാസ് പൈയുടെ ചോദ്യം. സമ്പന്നർക്ക് സർചാർജ് ഏർപ്പെടുത്താനുള്ള ബജറ്റ് നിർദേശം ചോദ്യം ചെയ്ത് ബി.ജെ.പി ചായ്വുള്ള ഓപ് ഇന്ത്യ ഡോട്ട് കോം എന്ന വാർത്ത പോർട്ടലിൽ അതിെൻറ എഡിറ്റർ നൂപുർ ജെ. ശർമ ലേഖനം പ്രസിദ്ധീകരിച്ചതും ബി.ജെ.പി വൃത്തങ്ങളെ ഞെട്ടിച്ചു. സി.എസ്.ആർ പദ്ധതി വിഡ്ഢിത്തമാണെന്ന് ചൂണ്ടിക്കാട്ടി ‘സ്വരാജ്യ മാഗസിൻ’ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു. കഫേ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർഥയുടെ ആത്മഹത്യയും കോർപറേറ്റുകളെ സർക്കാറിന് എതിരാക്കിയിട്ടുണ്ട്. നികുതി വകുപ്പ് നിരന്തരം വേട്ടയാടിയിരുന്നുവെന്നു മരിക്കുന്നതിനു മുമ്പ് എഴുതിയ കത്തിൽ സിദ്ധാർഥ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിെൻറ ചുവടുപിടിച്ച് ‘നികുതി ഭീകരത’യാണ് സർക്കാർ നയമെന്ന് കുറ്റപ്പെടുത്തി മറ്റ് ചില കമ്പനി മേധാവികളും കൂടി രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.