കള്ളപ്പണം: 3758 കേസുകളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി
text_fieldsന്യൂഡൽഹി: നോട്ട് അസാധുവാക്കലിനുശേഷം കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 3758 കേസുകളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. കടലാസ് കമ്പനികളുണ്ടാക്കി ധനകാര്യ സ്ഥാപനങ്ങളെ കബളിപ്പിച്ച സംഭവങ്ങളാണ് (43 ശതമാനം) കേസുകളിൽ അധികവും. അഴിമതി (31 ശതമാനം), മയക്കുമരുന്ന് വ്യാപാരം (6.5 ശതമാനം), ആയുധ വ്യാപാരം (4.5 ശതമാനം), മറ്റ് തട്ടിപ്പുകൾ (8.5 ശതമാനം) എന്നിങ്ങനെയാണ് ഇതര കേസുകൾ. നോട്ട് അസാധുവാക്കലിനുശേഷം വ്യാപാരികളും ഉേദ്യാഗസ്ഥരും പരസ്പര സഹകരണത്തോടെ കള്ളപ്പണം നിയമവിധേയമാക്കിയതായാണ് പൊതുവിലയിരുത്തൽ.
3758 കേസുകളിൽ 3567 എണ്ണം വിദേശ വിനിമയ നിയന്ത്രണ നിയമത്തിനും 191 എണ്ണം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിനും കീഴിൽ രജിസ്റ്റർ ചെയ്തവയാണ്. 2016 നവംബർ എട്ടുമുതൽ ഇൗ വർഷം സെപ്റ്റംബർവരെ 777 കേസുകളിൽ കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും 620 റെയ്ഡുകൾ നടത്തുകയുമുണ്ടായി. ഇത്രയും കേസുകളിലായി 9,935 കോടി രൂപ നിയമവിധേയമാക്കിയെന്നാണ് കണ്ടെത്തൽ. ഇതിൽ 5335 കോടി രൂപയുടെ ആസ്തി അന്വേഷണ വിഭാഗം കണ്ടുകെട്ടി. 4600 കോടി രൂപയുടെ കാര്യത്തിൽ ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ട്) പ്രകാരം നോട്ടീസ് അയച്ചു. അന്വേഷണത്തിെൻറ ഭാഗമായി 54 പേരെ അറസ്റ്റ് ചെയ്തു.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ കണ്ടെത്തൽ പ്രകാരം ബാങ്കുകൾ വഴിയാണ് ഏറ്റവും കൂടുതൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നത് (48 ശതമാനം). റിയൽ എസ്റ്റേറ്റ് നിക്ഷേപം വഴി 35 ശതമാനവും സ്വർണ നിക്ഷേപം വഴി ഏഴു ശതമാനവും മറ്റുമാർഗങ്ങളിൽ 10 ശതമാനവും കള്ളപ്പണം നിയമവിധേയമാക്കി. കടലാസ് കമ്പനികൾ സ്ഥാപിച്ചാണ് പണം വെളുപ്പിക്കൽ പ്രധാനമായും നടന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽപോലും ഇത്തരം കമ്പനികളുടെ പേരിലാണ് പണം നിക്ഷേപിച്ചത്. നിരവധി രാഷ്ട്രീയ നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്. കടലാസ് കമ്പനികൾ കണ്ടെത്താൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇൗ വർഷം നിരവധി പരിശോധനകൾ നടത്തിയിരുന്നു. വരുംനാളുകളിലും പരിശോധന തുടരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മിക്ക കമ്പനികളും വ്യാജ പേരുകളിലാണ് രജിസ്റ്റർ ചെയ്തത്. ചിലത് ഒറ്റമുറിയിലാണ് പ്രവർത്തനം. യഥാർഥ ഉടമകൾ തിരശ്ശീലക്ക് പിന്നിൽനിന്ന് ഡമ്മി ഡയറക്ടർമാരെ വെച്ചാണ് മിക്കവയും പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.