ഇ.പി.എഫിെൻറ ഭദ്രത ഇനി നിക്ഷേപകെൻറ ഉത്തരവാദിത്തം
text_fieldsന്യൂഡൽഹി: എംേപ്ലായിസ് പ്രോവിഡൻറ് ഫണ്ട് (ഇ.പി.എഫ്) വരിക്കാർക്ക് ഇപ്പോൾ നൽകിവരുന്ന നിക്ഷേപ ഭദ്രതയിൽനിന്ന് കേന്ദ്രം പിൻവലിയുന്നു. ഒാഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ ലാഭനഷ്ടങ്ങൾക്ക് ഇനി ജീവനക്കാർ ഉത്തരവാദികളായിരിക്കും. അടക്കുന്ന തുകയിൽനിന്ന് എത്രത്തോളം ഒാഹരി വിപണിയിൽ നിക്ഷേപിക്കണമെന്ന് തീരുമാനിക്കാൻ വരിക്കാരന് അവകാശം നൽകിക്കൊണ്ടാണ് ഇത്.
അഞ്ചുകോടി വരിക്കാരാണ് ഇ.പി.എഫ് പദ്ധതിയിലുള്ളത്. ഇവർ നടത്തുന്ന നിക്ഷേപത്തിെൻറ സഞ്ചിത നിധിയിൽനിന്ന് പരമാവധി 15 ശതമാനമാണ് ഇപ്പോൾ ഒാഹരി വിപണിയിൽ നിക്ഷേപിക്കുന്നത്. ഇങ്ങനെ നടത്തുന്ന നിേക്ഷപത്തിൽനിന്നുള്ള ആദായം കുറഞ്ഞാൽപോലും ജീവനക്കാരെ ബാധിക്കുന്നില്ല. നിലവിലെ പലിശനിരക്ക് 8.5 ശതമാനമാണ്. അത് വരിക്കാരനു കിട്ടുകതന്നെ ചെയ്യും. ഒാഹരി വിപണിയിൽനിന്ന് കൂടുതൽ ആദായം കിട്ടിയാൽ സർക്കാറിനാണ് ഗുണം. നിലവിലെ പലിശനിരക്ക് തന്നെയാണ് ജീവനക്കാർക്ക് ലഭിക്കുക.
ഇൗ സ്ഥിതിയാണ് മാറുന്നത്. വരിക്കാരന് ഇഷ്ടംപോലെ തീരുമാനിക്കാം. 15 ശതമാനത്തിൽ കുറഞ്ഞതോ കൂടിയതോ ആയ തുക ഒാഹരിവിപണിയിൽ നിക്ഷേപിക്കാൻ ഇ.പി.എഫ് ഒാർഗനൈസേഷന് അധികാരം കൊടുക്കാം. ഒാഹരി വിപണിയിൽ ചാഞ്ചാട്ടം പതിവാണ്. അതിെൻറ റിസ്ക് എടുക്കാൻ തയാറുണ്ടെങ്കിൽ ഉയർന്ന വരുമാനം കിട്ടിയേക്കാം എന്നുമാത്രം. നഷ്ടം പറ്റിയാൽ സർക്കാർ മേലിൽ വഹിക്കില്ല എന്നതാണ് പുതിയ നിർദേശത്തിെൻറ കാതൽ.
നാഷനൽ പെൻഷൻ സ്കീം (എൻ.പി.എസ്) പ്രകാരമുള്ള നിക്ഷേപ തുകയിൽ 75 ശതമാനവും ഇപ്പോൾ ഒാഹരി വിപണിയിലേക്കാണ് പോകുന്നത്. ഇ.പി.എഫ് വിഹിതത്തിൽനിന്ന് ഒാഹരി വിപണിയിൽ നിക്ഷേപിക്കേണ്ട ചുരുങ്ങിയ തുക, പരമാവധി തുക എന്നിവയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. സഞ്ചിത നിധിയിൽനിന്ന് ഇതുവരെ 42,000 കോടി രൂപ ഇ.പി.എഫ് ഒാർഗനൈസേഷൻ ഒാഹരി വിപണിയിൽ നിക്ഷേപിച്ചിട്ടുണ്ട്.
ഇതിന് ശരാശരി 17.23 ശതമാനം ആദായം കിട്ടിയെന്നാണ് കണക്ക്. വരിക്കാർക്ക് നൽകുന്ന പലിശ നിരക്കിെൻറ ഇരട്ടിയാണ് ആദായം. പുതിയ സമ്പ്രദായം എന്നുമുതൽ പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന് തീരുമാനമായിട്ടില്ല. ഇ.പി.എഫ്.ഒ ട്രസ്റ്റി ബോർഡ് യോഗം ഇൗ നിർദേശം അംഗീകരിക്കണം. തുടർന്ന് ധനമന്ത്രാലയം വിജ്ഞാപനം ചെയ്യണം. തൊഴിലാളി, തൊഴിലുടമ, സർക്കാർ പ്രതിനിധികൾ ഉൾപ്പെട്ടതാണ് ട്രസ്റ്റി ബോർഡ്. അവർക്ക് സ്വീകാര്യമാവുന്ന മുറക്കാണ് തുടർനടപടികളെങ്കിലും, പുതിയ നിർദേശത്തിന് തടസ്സമുണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നില്ല.
ഒാഹരി വിപണിയിലേക്കുള്ള നിക്ഷേപ പരിധി തീരുമാനിക്കാൻ വരിക്കാരന് സ്വാതന്ത്ര്യം നൽകുന്നതോടെ ഇ.പി.എഫ് അക്കൗണ്ട് രണ്ടു വിധത്തിലായിരിക്കും. ഇ.പി.എഫിലേക്കുള്ള നിക്ഷേപത്തിെൻറ അക്കൗണ്ടിനു പുറമെ, ഒാഹരി വിപണിയിൽ നിക്ഷേപകനുള്ള യൂനിറ്റ് എത്രയെന്നും അതിൽനിന്നുള്ള വരുമാനം എത്രയെന്നും കാണിക്കുന്ന അക്കൗണ്ടും ഉണ്ടാകും. അതിലേക്കുള്ള നിക്ഷേപത്തുക വരിക്കാരൻ നിശ്ചയിക്കും. ഇതിെൻറ സോഫ്റ്റ്വെയർ തയാറാകാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.