ജി.എസ്.ടി വന്നാലും പെട്രോൾ-ഡീസൽ വില കുറയില്ല
text_fieldsന്യൂഡൽഹി: പെട്രോളും ഡീസലും ചരക്ക് സേവന നികുതിയുടെ (ജി.എസ്.ടി) പരിധിയിൽ വന്നാലും ജനത്തിന് നേട്ടമുണ്ടാകില്ല. ജി.എസ്.ടിയിലെ ഏറ്റവും ഉയർന്ന നികുതിനിരക്കായ 28 ശതമാനവും കൂടാതെ സംസ്ഥാന നികുതിയിൽ ഏതെങ്കിലും (എക്സൈസ്/വിൽപന) അല്ലെങ്കിൽ വാറ്റും ചേർന്ന നികുതി ചുമത്തി നിലവിലെ നിരക്കിനൊപ്പം ഏകീകരിക്കാനാണ് സർക്കാർ നീക്കം. ഇതുമൂലം ഇന്ധനങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവന്നാൽ ഉണ്ടാകുമെന്ന് കരുതിയ നേട്ടം ജനങ്ങൾക്ക് ലഭ്യമാകില്ല. 28 ശതമാനം ജി.എസ്.ടിയും വാറ്റും ചേർന്നാൽ നിലവിലെ നികുതിനിരക്കിൽതന്നെ എത്തുമെന്നാണ് കണക്ക്. പെട്രോൾ, ഡീസൽ, പ്രകൃതിവാതകം, വ്യോമയാന ഇന്ധനം, ക്രൂഡ് ഒായിൽ എന്നിവയിൽനിന്നും നിലവിൽ നികുതിയിനത്തിൽ കേന്ദ്രത്തിന് ലഭിക്കുന്നത് 20,000 കോടി രൂപയാണ്. ജി.എസ്.ടി പരിധിയിലേക്ക് ഇന്ധനങ്ങളെ മാറ്റിയാൽ ഇത് നഷ്ടമാകും. ഇതുകൂടി കണക്കിലെടുത്താകും കേന്ദ്രത്തിെൻറ തീരുമാനം.
ലോകത്തെവിടെയും ഇന്ധനങ്ങൾക്ക് ജി.എസ്.ടി മാത്രമായി ചുമത്തുന്നില്ലെന്നും അതിനാൽ ഇന്ത്യയിലും ജി.എസ്.ടിക്കൊപ്പം വാറ്റും ചേർന്ന നികുതി രീതിയായിരിക്കും ഉണ്ടാവുകയെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ധനങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് രാഷ്ട്രീയ തീരുമാനമാണ് ഉണ്ടാകേണ്ടത്. സംസ്ഥാനങ്ങളും കേന്ദ്രവും ചേർന്നാണ് അത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഒരു ലിറ്റർ പെട്രോളിെൻറ കേന്ദ്ര എക്സൈസ് നികുതി 19.48 രൂപയും ഡീസലിേൻറത് 15.33 രൂപയുമാണ്. ഇതുകൂടാതെ സംസ്ഥാനങ്ങളുടെ വക വാറ്റും ചുമത്തുന്നുണ്ട്. അന്തമാൻ-നികോബാറിലാണ് ഏറ്റവും കുറഞ്ഞ വിൽപന നികുതി- ആറു ശതമാനം. മുംബൈയിലാണ് പെട്രോളിന് ഏറ്റവും ഉയർന്ന വാറ്റ്- 39.12 ശതമാനം. ഡീസലിന് ഏറ്റവും കൂടിയ വാറ്റ് ചുമത്തുന്നത് തെലങ്കാനയാണ്- 26 ശതമാനം. പെട്രോൾ വിലയുടെ 45-50 ശതമാനമാണ് ആകെ നികുതി.
ഡീസലിനാകെട്ട 35-40 ശതമാനവും. ഇന്ധനങ്ങൾക്ക് 28 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയാലും സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും വൻ വരുമാനനഷ്ടമുണ്ടാകുമെന്ന് കേന്ദ്രം പറയുന്നു. ജി.എസ്.ടി നടപ്പാക്കുേമ്പാൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നികുതിനഷ്ടം നികത്തിനൽകാനും കേന്ദ്രത്തിന് പണമുണ്ടാകില്ല. അതിനാൽ ഉയർന്ന ജി.എസ്.ടി നികുതിക്കൊപ്പം വാറ്റും ചേർത്ത് നിലവിലെ നികുതിയിൽതന്നെ എത്തിക്കാനാണ് സർക്കാർ ആലോചന. അതേസമയം, നിലവിലെ നിരക്കിൽനിന്ന് ഇന്ധനത്തിന് വിലവർധനയുണ്ടാകില്ലെന്നും കേന്ദ്ര ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
നവംബർ 2014നും ജനുവരി 2016നും ഇടക്ക് കേന്ദ്രം ഒമ്പതുവട്ടം എക്സൈസ് നികുതി വർധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് ഇൗ കാലയളവിൽ 11.77 രൂപ കൂട്ടിയപ്പോൾ ഡീസലിന് കൂട്ടിയത് 13.47 രൂപയാണ്. ഇതിനിടക്ക് കഴിഞ്ഞ വർഷം ഒക്ടോബറിൽ മാത്രം രണ്ടുരൂപ കുറച്ചു. കഴിഞ്ഞ നാലുവർഷത്തിനിടെ ഇന്ധനത്തിൽനിന്നുള്ള കേന്ദ്ര എക്സൈസ് വരുമാനത്തിൽ നാലിരട്ടിയാണ് വർധനയുണ്ടായത്.2014ൽ 99,184 കോടി ലഭിച്ചിരുന്നിടത്ത് 2017-18ൽ എത്തുേമ്പാൾ 2,29,019 കോടിയായാണ് വർധിച്ചത്. സംസ്ഥാനങ്ങളുടെ വാറ്റ് വരുമാനത്തിലും ഇൗ കാലയളവിൽ വൻ വർധനയുണ്ടായി. 2014ൽ 137,157 കോടിയായിരുന്നത് 2018ൽ എത്തിയപ്പോൾ 184,091 കോടി രൂപയായി വർധിച്ചു.
2017 ജൂലൈ ഒന്നിന് രാജ്യമാകെ ജി.എസ്.ടി നിലവിൽ വന്നെങ്കിലും ഇന്ധനങ്ങളെ അതിൽ ഉൾപ്പെടുത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.